Top

'ഞങ്ങളും പഠിച്ചവരല്ലേ?, ഐഎംഎയുടേത് സ്വേച്ഛാധിപത്യം, അവഹേളനം'; ആയുര്‍വേദ ഡോക്ടര്‍ ഫെഡറേഷന്‍ അഭിമുഖം

12 Dec 2020 12:20 AM GMT
നിഷ അജിത്

ഞങ്ങളും പഠിച്ചവരല്ലേ?, ഐഎംഎയുടേത് സ്വേച്ഛാധിപത്യം, അവഹേളനം; ആയുര്‍വേദ ഡോക്ടര്‍ ഫെഡറേഷന്‍ അഭിമുഖം
X

സെൻട്രൽ കൌൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നു. തുടർന്ന് പ്രതിഷേധവുമായി അലോപ്പതി ഡോക്ടർമാർ ദേശവ്യാപകമായി പണിമുടക്കി. കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കത്തെ പിന്തുണച്ചും വിമർശിച്ചുമൊക്കെ ഒട്ടനവധി പത്രവാർത്തകളും, സമൂഹമാധ്യമ കുറിപ്പുകളും ഇതിനകം ജനങ്ങളിലേക്കെത്തി കഴിഞ്ഞിരിക്കുകയാണ്.

ശല്യതന്ത്ര (ജനറല്‍ സര്‍ജറി), ശാലാകൃതന്ത്ര (കണ്ണ്, ചെവി, മൂക്ക്, തൊണ്ട, തല, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ) എന്നിങ്ങനെയുള്ള ബിരുദങ്ങള്‍ നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി 58 തരം ശസ്ത്രക്രിയകള്‍ നടത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഈ അനുമതി കൊണ്ട് വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ വളരെയധികം വൈദഗ്ദ്യവും സാങ്കേതികതയും ആവശ്യപ്പെടുന്ന ഈ സർജറികൾ നടത്താൻ ആയുർവേദ ഡോക്ടർമാർ സജ്ജരല്ല എന്നാണ് അലോപ്പതി ഡോക്ടർമാരുടെ വാദം. അതേസമയം ഇത്തരം ശസ്ത്രക്രിയകൾ ആയുർവേദത്തിൽ വർഷങ്ങളായി നടന്നു വരുന്നുണ്ടെന്നും അതിന്റെ നിയമസാധുത ഉറപ്പു വരുത്താനായി മാത്രമാണ് സെൻട്രൽ കൌൺസിൽ ഫോർ ഇന്ത്യയുടെ ഈ വിജ്ഞാപനം എന്നും ആയുർവേദ വിഭാഗം സമർത്ഥിക്കുന്നു.

ഈ വിഷയത്തിൽ യാതൊരു വിധ ആശങ്കകൾക്കോ അവ്യക്തതകൾക്കോ ഇടമില്ലെന്നാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രതിനിധിയും കേരള ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ.ദുർഗാ പ്രസാദ് പറയുന്നത്.

വർഷങ്ങളുടെ പഠനവും, പരിശീലനവും വേണ്ടി വരുന്ന ഇത്തരം സർജറികൾ നടത്താൻ ആയുർവേദ ഡോക്ടർമാർ പ്രാപ്തരല്ല എന്ന ആരോപണത്തോട് എങ്ങനെ പ്രതികരിക്കുന്നു?

അലോപ്പതി ശാഖയോടുള്ള പൂർണ്ണ ബഹുമാനത്തോടെ തന്നെ പറയുകയാണ് ആയുർവേദത്തിൽ ഇതൊരു പുതിയ പ്രാക്ടീസ് അല്ല. മറ്റു സംസ്ഥാനങ്ങളിലെ ആയുർവേദ കോളേജുകളിൽ മുൻപേ തന്നെ നടന്നുകൊണ്ടിരുന്ന ഒന്നാണ്. മുൻപുണ്ടായിരുന്ന സംസ്‌കൃത പദങ്ങങ്ങളാൽ സൂചിപ്പിച്ചിരുന്ന ശസ്ത്രക്രിയകൾക്ക് പകരം കൂടുതൽ സ്വീകാര്യതക്ക് വേണ്ടി ഇപ്പോൾ മോഡേൺ മെഡിസിന്റെ പേര് കൊടുക്കുന്നു എന്ന് മാത്രം. യുപിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജയ്‌പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ഇൻസ്റ്റിട്ട്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനിംഗ് & റിസേർച് ഗുജറാത്ത്, മഹാരാഷ്ട്രയിലെ ആർ എ പോഡാർ എന്നിവിടങ്ങളിലൊക്കെ മേൽ പറഞ്ഞ ശസ്ത്രക്രിയകൾ നടന്നു വരുന്നുണ്ട് .

എന്നാൽ ബിഎഎംഎസ്, എംഎസ് തലങ്ങളിൽ പാഠ്യപദ്ധതിയുടെ ഭാഗമാണെങ്കിൽ കൂടിയും കേരളത്തിൽ ശസ്ത്രക്രിയ അഭ്യസിക്കാൻ സാധിക്കാത്തത് ഐഎംഎയുടെ നിസ്സഹകരണവും എതിർപ്പ് മൂലവുമാണ് . ഭൗതിക സാഹചര്യങ്ങളുടെ അഭാവം മൂലം സർക്കാർ ആയുർവേദ കോളേജുകളിൽ പ്രാക്ടിക്കൽസ് ശീലിക്കാൻ നിവൃത്തിയില്ല. അതിനാൽ അവസാന വർഷ പ്രാക്ടിക്കൽസിനായി ജനറൽ ആശുപത്രികളിലാണ് ആയുർവേദ വിദ്യാർത്ഥികൾക്കും സൗകര്യം ഒരുക്കുന്നത്. എന്നാൽ ശസ്ത്രക്രിയകൾ കണ്ടുപഠിക്കാനുള്ള അവസരങ്ങൾ പോലും ഐഎംഎ അവിടെ നിഷേധിക്കുകയാണ്.

'സങ്കര ചികിത്സ'യെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇതെന്നാണല്ലോ ഐഎംഎ പറയുന്നത്?

വൈദ്യസഹായം കൂടുതൽ ആളുകളിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു രീതി അവലംബിക്കുന്നത്. ലോകമൊട്ടാകെ വൈദ്യശാസ്ത്ര മേഖലയെ നിയന്ത്രിക്കുന്ന ഡബ്ള്യൂഎച്ഒയുടെ തന്നെ നിർദ്ദേശപ്രകാരം തദ്ദേശീയവും സമ്പ്രദായികവുമായ ചികിത്സാരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിഡ്ജ് കോഴ്‌സുകൾ, കോ ലൊക്കേഷൻ എന്നിവ നടപ്പിലാക്കണമെന്നും അതിലൂടെ ഉൾനാടുകളിൽ വസിക്കുന്നവർക്കും മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ഉറപ്പാക്കണം എന്നുമുണ്ടായിരുന്നു.

എന്നാൽ ഇത്തരമൊരു നിർദ്ദേശം പോലും ഐഎംഎക്കാർ അനുവദിക്കുന്നില്ല. മാത്രമല്ല ബ്രിഡ്ജ് കോഴ്സ് പരിശീലിച്ചു തുടങ്ങിയാൽ പിന്നെ ആയുർവേദക്കാർ അലോപ്പതി മാത്രമേ പ്രാക്റ്റീസ് ചെയ്യൂ എന്നും ഫലത്തിൽ അത് സങ്കര ചികിത്സക്ക് വളം വെക്കുമെന്നുമൊക്കെയാണ് പരാതിപ്പെടുന്നത്.

ഒരു ശസ്ത്രക്രിയക്ക് മുൻപും പിൻപും ആന്റിബയോട്ടിക്കുകളും, അനസ്തേഷ്യയും നിർബന്ധമാണെന്നിരിക്കെ ആയുർവേദ ഭിഷഗ്വരന്മാർക്ക് ഇത്തരമൊരു സാഹചര്യത്തെ നേരിടുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല എന്ന് പറയുന്നുണ്ടല്ലോ ..?

അലോപ്പതിക്കാർ പരക്കെ പ്രചരിപ്പിക്കപ്പെടുന്ന തരത്തിൽ ആന്റിബയോട്ടിക്കുകളെ പറ്റിയോ, രോഗാണു സിദ്ധാന്തത്തെ പറ്റിയോ ധാരണയില്ലാത്തവരാണ് ആയുർവേദ ചികിത്സകർ എന്നുള്ള വാദം അടിസ്ഥാനരഹിതമെന്നേ പറയാനാകൂ. ഇത്തരം വിഷയങ്ങളിൽ അലോപ്പതിക്കാർ പഠിച്ചിട്ടു മാത്രം അഭിപ്രായം പറയുന്നതാണ് അതിന്റെയൊരു മര്യാദ. ആയുർവേദത്തിൽ ആന്റിബയോട്ടിക്കുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന സാങ്കേതിക പദം വേറെയാണെന്ന് മാത്രം. ഇത്തരം അഭിപ്രായങ്ങൾ വഴി പൊതുജനങ്ങളിൽ അമ്പരപ്പ് സൃഷ്ടിക്കാനാണ് അവർ ശ്രമിക്കുന്നത്.

ആയുർവേദ വിദ്യാർത്ഥികളുടെ സിലബസ്സിലും ഏതാണ്ട് നാൽപ്പതു മുതൽ അമ്പത് ശതമാനം വരെ ആധുനിക വൈദ്യശാസ്ത്രം ഉൾപ്പെടുന്നുണ്ട്. അത് കൊണ്ട് ഞങ്ങൾ ആയുർവേദക്കാർക്ക് അവർ പറയുന്നത് മനസിലാക്കാം..പക്ഷെ അശാസ്ത്രീയമായ ശാഖയെന്ന് ഇകഴ്ത്തി കാട്ടി, യാതൊരു ധാരണയുമില്ലാതെയാണ് അലോപ്പതി വിഭാഗം ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ഇനി അനസ്തേഷ്യയുടെ ഉപയോഗത്തെ പറ്റി പറയുകയാണെങ്കിൽ വിജ്ഞാനം ആരുടെയെങ്കിലും കുത്തകയാണോ..? അനസ്തേഷ്യ കണ്ടു പിടിച്ചത് അലോപ്പതി ഡോക്ടർമാരല്ലല്ലോ…അത് ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമല്ലേ..? അവരത് ചികിത്സക്കായി ഉപയോഗിക്കുന്നു എന്നുമാത്രം. നിയമപരമായ അനുവാദത്തോടു കൂടി ആർക്ക് വേണമെങ്കിലും അതുപയോഗിക്കാമല്ലോ..!

ഐഎംഎ എന്തിനാണ് ഇത്തരം സ്വേച്ഛാധിപരമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നിലവിൽ ആയുർവേദ ശസ്‍ത്രക്രിയകൾ നടത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ അനസ്തേഷ്യക്കായ് അലോപ്പതിക്കാരുടെ സഹായവും തേടാറുണ്ട്. എന്നാൽ ഇവിടെ അക്കാര്യത്തിന് തർക്കമുണ്ടെങ്കിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള ആയുർവേദ ഡോക്ടർമാർ തന്നെ ഇവിടെയുള്ള വിദ്യാർത്ഥികളെയും പരിശീലിപ്പിക്കട്ടെ എന്നേ ഞങ്ങൾക്കും പറയാനുള്ളൂ. കേന്ദ്ര-സംസ്ഥാനങ്ങൾ അതിനനുസരിച്ചു നിയമനിർമ്മാണം നടത്തട്ടെ.

ശസ്ത്രക്രിയകൾക്ക് അവലംബമാക്കാൻ ആധുനിക വൈദ്യത്തിന് ഒട്ടനവധി ഗ്രന്ഥങ്ങൾ ആണുള്ളത്..എന്നാൽ ആയുർവേദ ഡോക്ടർമാർക്ക് അടിസ്ഥാനമാക്കാൻ എന്താണുള്ളത് എന്നൊരു ആശങ്ക ഐഎംഎ പങ്കുവെക്കുന്നുണ്ടല്ലോ..?

ചരകസംഹിത, സുശ്രുത സംഹിത എന്നീ പുരാതന ഗ്രന്ഥങ്ങളിൽ പറഞ്ഞുവെച്ചിരിക്കുന്ന കാര്യങ്ങളിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നും ഇന്നും വന്നിട്ടില്ല. ഇതേ പുസ്തകങ്ങളുടെ മൊഴിമാറ്റം നടത്തി ആധുനിക വൈദ്യശാസ്ത്രത്തിനും കൂടി ഉപയോഗപ്രദമാക്കാൻ മുൻകൈ എടുത്തത് അലോപ്പതിയിൽ തന്നെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ ഡോ എംഎസ് വല്യത്താൻ ആണെന്നുള്ളത് തന്നെ ആ ഗ്രന്ഥങ്ങളുടെ പ്രസക്തിയെ ചൂണ്ടി കാട്ടുന്നതല്ലേ ..?

ഏതാണ്ട് 7000 വർഷങ്ങൾ പിന്നിട്ട ഒരു വൈദ്യ ശാസ്ത്രശാഖയാണ് ആയുർവേദം. ഇന്നും ഈ മേഖലയിൽ വിശ്വസിക്കുന്ന, പിന്തുടരുന്ന ഒട്ടനവധി ജനങ്ങളും ഉണ്ട് . പക്ഷെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞും മാറി മാറി വരുന്ന സർക്കാരുകളെ മുൾമുനയിൽ നിർത്തിയും, തികച്ചും ഏകപക്ഷീയവും ,അനുകൂലവുമായ തീരുമാനങ്ങൾ നടത്തുക എന്നതാണ് IMAയുടെ സ്ഥിരം ശൈലി.

ലോകാരോഗ്യ സംഘടനയെയുടെ നിർദേശങ്ങളെയും , കേന്ദ്ര സർക്കാരിന്റെ നിയമങ്ങളെയും , ഹൈക്കോടതി ഉത്തരവിനെയുമൊക്കെ വെല്ലുവിളിക്കാൻ പാകത്തിനുള്ള ഐഎംഎയുടെ വളർച്ചയും പിൻബലവും കണ്ണടച്ച് കളയേണ്ടതല്ല.

ഐഎംഎയുടെ അന്ധമായ ആയുഷ് വിരോധത്തിനും, ധാര്‍ഷ്ട്യത്തിനും വഴങ്ങി കൊടുക്കില്ല. രോഗികളുടെ ക്ഷേമത്തിനും രാജ്യപുരോഗതിക്കും സഹായകരമാകുന്ന ശരിയായ തീരുമാനമാണ് കേന്ദ്ര സർക്കാറിന്റെ ഈ നയം എന്നാണ് AMAI, KGAMOF, KSGAMOA, AHMA, AMMOI, AKGACAS, KPCTA, PGSA, AFSAR, PACTO, സ്റ്റുഡന്റസ് യൂണിയന്‍ തുടങ്ങിയവരുള്‍പ്പെടുന്ന ആയുര്‍വേദ സമൂഹത്തിന്റെ നിലപാട്.

Next Story