Top

‘9000 പേരെ ഇരട്ടവോട്ടിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചു’; സിപിഐഎമ്മിനെതിരെ എന്‍ഡിഎ

സിപിഐഎമ്മിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സന്തോഷ് മാധവന്‍. ഇരട്ടവോട്ടിനായി തമിഴ്‌നാട്ടില്‍ നിന്ന് 9000ലധികം ആളുകളെ സിപിഐഎം കേരളത്തില്‍ എത്തിച്ചെന്ന് സന്തോഷ് ആരോപിച്ചു. കാട്ടുപാത വഴിയാണ് ആളുകളെ കേരളത്തിലെത്തിച്ചത്. ഇതിന് ചില പൊലീസുകാരും കൂട്ടുനില്‍ക്കുകയാണ്. ഇരട്ടവോട്ട് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ സിപിഐഎം നേതാവ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് മാധവന്‍ ആരോപിച്ചു. അതേസമയം, എന്‍ഡിഎ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ […]

6 April 2021 2:38 AM GMT

‘9000 പേരെ ഇരട്ടവോട്ടിനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചു’; സിപിഐഎമ്മിനെതിരെ എന്‍ഡിഎ
X

സിപിഐഎമ്മിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി ഉടുമ്പന്‍ചോലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സന്തോഷ് മാധവന്‍. ഇരട്ടവോട്ടിനായി തമിഴ്‌നാട്ടില്‍ നിന്ന് 9000ലധികം ആളുകളെ സിപിഐഎം കേരളത്തില്‍ എത്തിച്ചെന്ന് സന്തോഷ് ആരോപിച്ചു. കാട്ടുപാത വഴിയാണ് ആളുകളെ കേരളത്തിലെത്തിച്ചത്. ഇതിന് ചില പൊലീസുകാരും കൂട്ടുനില്‍ക്കുകയാണ്. ഇരട്ടവോട്ട് തടഞ്ഞ ബിജെപി പ്രവര്‍ത്തകരെ സിപിഐഎം നേതാവ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്നും സന്തോഷ് മാധവന്‍ ആരോപിച്ചു.

അതേസമയം, എന്‍ഡിഎ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമാണെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എന്‍ വിജയന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ പോകുന്ന തോട്ടംതൊഴിലാളികളെ ബിജെപിയും കോണ്‍ഗ്രസും ആക്രമിക്കുന്നു. ജനങ്ങളെ തടയാന്‍ ഇവര്‍ക്ക് എന്ത് അവകാശം. അതിനെ സിപിഐഎം ചോദ്യം ചെയ്യും. ഇരട്ടവോട്ട് ഉണ്ടെങ്കില്‍ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും വിജയന്‍ പറഞ്ഞു.

ഇതിനിടെ നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ കേരളത്തിലെത്തിയെന്ന് ആരോപിച്ചാണ് സംഘത്തെ തടഞ്ഞുവച്ചിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തിയ മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥലത്ത് നേരിയ സംഘര്‍ഷം ഉടലെടുത്തതോടെ പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും സംഘത്തെ ചോദ്യംചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, തങ്ങള്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് എത്തിയതെന്നാണ് സംഘം പറയുന്നത്.

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോണ്‍ഗ്രസും ബിജെപിയും മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കമ്പംമേട്, ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകള്‍ കേന്ദ്ര സേനയെ വിന്യസിച്ച് കര്‍ശന നിരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

Next Story