Top

‘അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കരുത്’; സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും ഹൈക്കോടതിയില്‍

അഭയ കേസില്‍ സിബിഐ കോടതി വിധിക്കെതിരെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. രണ്ട് സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയാണ് ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന സാക്ഷികളിലൊരാളായ ഏലിയാസിന്റെ (അടയ്ക്കാ രാജു) മൊഴി വിശ്വസനീയമല്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നും […]

18 Jan 2021 6:32 AM GMT
അനിൽ ജോർജ്

‘അടയ്ക്കാ രാജുവിന്റെ മൊഴി വിശ്വസിക്കരുത്’; സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും ഹൈക്കോടതിയില്‍
X

അഭയ കേസില്‍ സിബിഐ കോടതി വിധിക്കെതിരെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിചാരണക്കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. രണ്ട് സാക്ഷിമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയാണ് ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും ചോദ്യം ചെയ്യുന്നത്. കേസിലെ പ്രധാന സാക്ഷികളിലൊരാളായ ഏലിയാസിന്റെ (അടയ്ക്കാ രാജു) മൊഴി വിശ്വസനീയമല്ലെന്ന് ആരോപിച്ചാണ് ഹര്‍ജി. വിചാരണയും ശിക്ഷയും നിയമപരമല്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ വാദിക്കുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള മുഖേനയാണ് ഫാദര്‍ കോട്ടുര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി വെള്ളിയാഴ്ച അപ്പീല്‍ സമര്‍പ്പിക്കും.

സിസ്റ്റര്‍ അഭയയെ പ്രതികള്‍ കോടാലിക്ക് തലയ്ക്ക് പിന്നില്‍ അടിച്ച് പരുക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയെന്ന സിബിഐ റിപ്പോര്‍ട് കണക്കിലെടുത്താണ് പ്രതികളെ കോടതി ശിക്ഷിച്ചത്. ഇതിനെയാണ് പ്രതികള്‍ മുഖ്യമായും ചോദ്യം ചെയ്യുന്നത്. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ലെന്നും കേസ് എഴുതിതള്ളണമെന്ന ആവശ്യം കൊലപാതകമാണന്ന് വ്യക്തമാക്കി കോടതി നിരസിച്ചുവെന്നും തോമസ് കോട്ടൂര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഹര്‍ജിയില്‍ പറയുന്നത്

“പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളുടേയും മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്. സംശയമുള്ളവരുടെ പേരുകള്‍ വേറേയും ഉണ്ടായിരുന്നു. തനിക്കെതിരെയുള്ള സാക്ഷിമൊഴികളും വിശ്വസനീയമല്ല. അഭയയുടേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റൊരു ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചെന്ന സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ബോധമില്ലാതെ വെള്ളത്തില്‍ വീണുള്ള മുങ്ങിമരണമാണന്നും ആത്മഹത്യയാണോ നരഹത്യയാണോ എന്ന് വ്യക്തമായി തെളിയിക്കാനാവുന്നില്ലെന്നുമാണ് മെഡിക്കല്‍ സംലത്തിന്റെ റിപ്പോര്‍ട്ട്. തെളിവുകള്‍ പരിശോധിക്കാതെ കോടതി തെറ്റായ നിഗമനത്തില്‍ എത്തി.”

സിസ്റ്റര്‍ അഭയയുടെ കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിനൊപ്പം അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് കോടതി വിധിച്ചു. കന്യാസ്ത്രീ മഠത്തിലേക്ക് അതിക്രമിച്ച് കടന്നതിന് തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധികശിക്ഷയും ഈടാക്കിയിട്ടുണ്ട്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുപ്രതികളും പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സിബിഐ കോടതി വ്യക്തമാക്കി.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കാണപ്പെട്ടത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വര്‍ഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്.

Next Story

Popular Stories