കോവാക്സിൻ വേണ്ട, കോവിഷീൽഡിന് തയ്യാർ; ഡൽഹിയിലെ ഡോക്ടർമാർ

ഡൽഹി: കോവാക്സിൻ പ്രതിരോധ മരുന്നിനോട് മുഖം തിരിച്ചു ഡോക്ടർമാർ. രാജ്യതലസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ ഒന്നായ റാം മനോഹർ ലോഹ്യയിലെ ഡോക്ടർമാരാണ് കോവാക്സിൻ വേണ്ടെന്നും പകരം കോവിഷീൽഡ് സ്വീകരിക്കാൻ തയ്യാറാണെന്നും അറിയിക്കുന്നത്. ഭാരത് ബയോടെക്ക് പുറത്തിറക്കുന്ന കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായിട്ടില്ലെന്നും അതുകൊണ്ട് കൊവാക്സിന്റെ ഫലസിദ്ധിയിൽ ഉറപ്പ് പറയാറായിട്ടില്ല എന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
കൊവാക്സിനു പകരം കൊവിഷീൽഡ് പരീക്ഷിക്കാൻ തങ്ങൾക്കു സമ്മതമാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള റാം മനോഹർ ലോഹ്യയിലെ ഡോക്ടർമാർ പറയുന്നത്. രാജ്യത്ത് ശനിയാഴ്ച കൊവിഡ് വാക്സിനേഷൻ വിതരണം ആരംഭിച്ചതിനു പിന്നാലെയാണ് ഡോക്ടർമാരുടെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രതികരണം ഉണ്ടായിരിക്കുന്നത്.
ഇത് സംബന്ധിച്ച് ഡോക്ടർമാർ മെഡിക്കൽ സൂപ്രണ്ടിന് കത്തെഴുതിയിട്ടുണ്ടെന്നാണ് സൂചനകൾ. എന്നാൽ ആശുപത്രി അധികൃതർ ഇതേപ്പറ്റി യാതൊന്നും തന്നെ പ്രതികരിച്ചിട്ടില്ല.
ദില്ലിയിലെ ആറ് കേന്ദ്രസർക്കാർ ആശുപത്രികളിൽ കൊവാക്സിൻ മാത്രമാണ് പരീക്ഷിക്കുന്നത്. എയിംസ്, സഫ്ദർജംഗ്, റാം മനോഹർ ലോഹ്യ, കലാവതി സരൺ (കുട്ടികളുടെ ആശുപത്രി), ബസായ്ദരാപൂരിലെയും രോഹിണിയിലെയും ഇഎസ്ഐ ആശുപത്രികൾ എന്നിവ. ബാക്കി ദില്ലിയിലെ 75 സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൊവിഷീൽഡ് വാക്സീനുകളാണ് പരീക്ഷിക്കുന്നത്.
എന്നാൽ പ്രതിരോധ മരുന്ന് സ്വീകരിച്ച് എന്തെങ്കിലും ഗുരുതര പാർശ്വഫലങ്ങളുണ്ടായാൽ എല്ലാ ഉത്തരവാദിത്തങ്ങളും മരുന്ന് കമ്പനിക്കായിരിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി വാക്സീൻ സ്വീകരിക്കുന്നവരെല്ലാം ഒരു സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്യുന്നുണ്ട്.