Top

ഐസിസിയും ക്രിക്കറ്റ് ലോകവും ഏറ്റെടുത്തു ക്രിസ്റ്റി ശെമ്മാച്ചന്‍റെ പിറന്നാള്‍ സമ്മാനം; ഇനി യുവരാജ് ഒന്ന് കണ്ടാല്‍ മതി

തന്‍റെ ഇഷ്ടതാരത്തിന് പിറന്നാള്‍ സമ്മാനം എന്ത് കൊടുക്കണമെന്ന് ക്രിസ്റ്റി ശെമ്മാച്ചന് നല്ല ബോധ്യം ഉണ്ടായിരുന്നു. മണല്‍ തരികള്‍ക്ക് ഇടയിലൂടെ വിരളുകള്‍ ഒഴുകി. യുവരാജിന്‍റെ മുഖം ആ വെളിച്ചത്തില്‍ തെളിഞ്ഞു.

14 Dec 2020 4:44 PM GMT
എം. ഹരികൃഷ്ണൻ

ഐസിസിയും ക്രിക്കറ്റ് ലോകവും ഏറ്റെടുത്തു ക്രിസ്റ്റി ശെമ്മാച്ചന്‍റെ പിറന്നാള്‍ സമ്മാനം; ഇനി യുവരാജ് ഒന്ന് കണ്ടാല്‍ മതി
X

‘എതിരെ വരുന്ന എന്തിനേയും നെഞ്ച് വിരിച്ച് നേരിടുന്ന ചങ്കൂറ്റം, തന്നെ പ്രകോപിപ്പിച്ച ഫ്ലിന്‍റോഫിനെ സാക്ഷി നിര്‍ത്തി ബ്രോഡിനെതിരെ പേമാരിയായി പെയ്തിറങ്ങിയവന്‍, കാന്‍സര്‍ എന്ന മാരക രോഗത്തെ നാണിപ്പിച്ച് കൊണ്ട് 2011 വേള്‍ഡ് കപ്പ് ഇന്ത്യക്കായി നേടിത്തന്നവന്‍. ഇട നെ‍ഞ്ചില്‍ ഇന്ത്യ എന്ന വികാരം ഉള്ള കാലത്തോളം മറക്കില്ല, ഹാപ്പി ബര്‍ത്ത് ഡെ യുവരാജ് സിംഗ്’. ഈ വാക്കുകള്‍ ഇന്നലെ ലോകത്തിലെ ക്രിക്കറ്റ് ആരാധകര്‍ മുഴുവന്‍ കേട്ടു ഐസിസിയുടെ ഫേസ്ബുക്ക് പേജിലൂടെ. ഒരു കട്ട ആരാധകനായ ശെമ്മാച്ചന്‍ ക്രിസ്റ്റി വലിയവീട്ടിലിന്‍റെ വക യുവരാജിനൊരു പിറന്നാള്‍ സമ്മാനം, സാന്‍റ് ആര്‍ട്ടിലൂടെ.

യുവരാജിനോടുള്ള കമ്പം തുടങ്ങുന്നത്

യുവരാജ് ബാറ്റെടുത്ത കാലം മുതലുള്ള ഇഷ്ടം അല്ല. സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറ് തവണ ബൗണ്ടറിയുടെ മുകളിലൂടെ പായിച്ച ആ ഇന്നിംഗ്സാണ് ക്രിസ്റ്റി ശെമ്മാച്ചനെ യുവിയിലേക്ക് അടുപ്പിച്ചത്. അന്ന് ക്രിക്കറ്റ് ലോകം മുഴുവന്‍ 12-ാം നമ്പറുകാരന്‍റെ വെടിക്കെട്ടില്‍ മതിമറന്നു, അതില്‍ ഒരാളായിരുന്നു ശെമ്മാച്ചനും. പക്ഷെ അത് ജീവിതത്തില്‍ വരുത്തിയ മാറ്റം ചെറുതല്ല. ചെറുപ്പകാലം മുതല്‍ കലയോടൊപ്പം ബാറ്റും കൂട്ടിനുണ്ടായിരുന്നു. യുവിയുടെ മികവറിഞ്ഞത് മുതല്‍ വലം കൈയ്യില്‍ നിന്ന് ഇടം കയ്യിലേക്ക് ബാറ്റെത്തി. പിന്നീട് ബൗളിംഗും യുവി സ്റ്റൈലിലേക്ക് മാറി.

ഐസിസിയുടെ പോസ്റ്റ് വരെയുള്ള കഥ

തന്‍റെ ഇഷ്ടതാരത്തിന് പിറന്നാള്‍ സമ്മാനം എന്ത് കൊടുക്കണമെന്ന് ക്രിസ്റ്റി ശെമ്മാച്ചന് നല്ല ബോധ്യം ഉണ്ടായിരുന്നു. മണല്‍ തരികള്‍ക്ക് ഇടയിലൂടെ വിരളുകള്‍ ഒഴുകി. യുവരാജിന്‍റെ മുഖം ആ വെളിച്ചത്തില്‍ തെളിഞ്ഞു. ഇനി എങ്ങനെയെങ്കിലും സംഗതി യുവിയിലേക്ക് എത്തിക്കണം. ആദ്യം യുവിക്ക് തന്നെ അയച്ചു, പിന്നാലെ ഹെയ്സല്‍ കീച്ചിനും. പിന്നീടാണ് ഐസിസിക്ക് മെസേജ് ആയി തമിഴ് വേര്‍ഷന്‍ അയച്ച് നല്‍കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ മറുപടിയും ലഭിച്ചു. ചെയ്ത വി‍ഡിയോ മെയില്‍ അയി അയക്കാനായിരുന്നു നിര്‍ദേശം. സംഭവം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ശെമ്മാച്ചന് ഫോണ്‍ താഴെ വെക്കാന്‍ നേരം കിട്ടിയിട്ടില്ല.

എങ്ങനെയെങ്കിലും യുവി കണ്ടാല്‍ മതി

ഐസിസി പോസ്റ്റ് ചെയ്തു. എല്ലാം ചെയ്തതത് യുവരാജിന് വേണ്ടി മാത്രമാണ്. താരം ഒന്ന് അത് കണ്ടാല്‍ മതിയെന്നെ ക്രിസ്റ്റി ശെമ്മാച്ചനൊള്ളു. അതിനുള്ള ചെറിയ സഹായങ്ങളൊക്കെ കേരളത്തിലുള്ള യുവരാജ് ഫൗണ്ടേഷന്‍ ചെയ്ത് നല്‍കി. ശെമ്മാച്ചന്‍റെ സാന്‍റ് ആര്‍ട്ട് യുവരാജിന്‍റെ അമ്മയുടേയും മാനേജരുടേയും കയ്യില്‍ എത്തിയിട്ടുണ്ട് എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. യുവരാജ് തന്‍റെ വിഡിയോ ഷെയര്‍ ചെയ്താല്‍ അതിലുപരി സന്തോഷം വേറെ ഇല്ല എന്നാണ് ശെമ്മാച്ചന്‍റെ പക്ഷം. ഒരു ആരധകന് അതിലുപരി എന്ത് വേണം അല്ലെ

ഒരു നോക്ക് കാണാന്‍ ചെന്നൈ വരെ

അടുത്ത് കണ്ടിട്ടില്ലെങ്കിലും യുവിയെ അകലെയെങ്കിലും ഒന്ന് കാണാന്‍ ക്രിസ്റ്റി ശെമ്മാച്ചനായിട്ടുണ്ട്. 2013ല്‍ കൊച്ചിയില്‍ വച്ച് രണ്ട് തവണ. പിന്നെ താരം മുംബൈക്കായി ഐപിഎല്ലില്‍ കളിക്കുമ്പോള്‍ ചെന്നൈയില്‍ വച്ചും. നേരിട്ട് കാണണം മിണ്ടണം, ഫോട്ടൊ എടുക്കണം അങ്ങനെ ആഗ്രഹങ്ങള്‍ ക്യു ആണ്. അത് നടക്കുമെന്ന പ്രതീക്ഷയിലാണ് ശെമ്മാച്ചന്‍

സാന്‍റ് ആര്‍ട്ടിലേക്കുള്ള ടേണ്‍

ഇതിനും പിന്നില്‍ യുവിയുടെ ഗസ്റ്റ് റോള്‍ ഉണ്ട്. 7 വര്‍ഷത്തെ പഴക്കമുണ്ട് ഈ കഥക്ക്. ഇന്ത്യ ഗോട്ട് ടാലന്‍റ് എന്ന പ്രോഗ്രാമില്‍ നിതിഷ് ഭാരതി എന്ന സാന്‍റ് ആര്‍ട്ടിസ്റ്റ് യുവരാജിനെ മുമ്പില്‍ ഇരുത്തി അദ്ദേഹത്തിന്‍റെ ജീവിതം മണലില്‍ വരച്ച് കാണിച്ചു. അത് കണ്ട് യുവിയുടെ കണ്ണുകള്‍ നനഞ്ഞു. അന്നായിരുന്നു ആദ്യമായി ക്രിസ്റ്റി ശെമ്മാച്ചന്‍ ഒരു സാന്‍റ് ആര്‍ട്ട് പെര്‍ഫോമന്‍സ് കാണുന്നത്. ആ നിമിഷം ശെമ്മാച്ചന്‍ ഓര്‍ത്തിരുന്നില്ല ഒരു നാള്‍ യുവിയെ താനും വരക്കുമെന്ന്. പിന്നീട് പരിശ്രമത്തിന്‍റെ നാളുകള്‍ ആയിരുന്നു. വേണ്ടതെല്ലാം ശെമ്മാച്ചന്‍ തന്നെ ഉണ്ടാക്കിയെടുത്തു. പിന്നെ വര തുടങ്ങി. ലോക്ഡൗണ്‍ ഒരു വഴിത്തിരിവ് തന്നെ ആയിരുന്നു ശെമ്മാച്ചനും.

‘മാമനോട് ഒന്നും തോന്നല്ലെ’

കരിക്ക് ടീമിന്‍റെ വൈറല്‍ ഡയലോഗ് മാമനോട് ഒന്നും തോന്നല്ലെ സാന്‍റ് ആര്‍ട്ടില്‍ ചെയ്തതാണ് വഴിത്തിരിവ് ആയത്. അത് എല്ലാവരും ഏറ്റെടുത്തതോടെ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. ക്രിക്കറ്റ് ദൈവം സച്ചിനും നല്‍കിയിരുന്നു ഒരു പിറന്നാള്‍ സമ്മാനം. പിന്നെ പൃത്വിരാജ്…അങ്ങനെ നീളുന്നു. ഇപ്പോള്‍ ക്രിസ്റ്റി ശെമ്മാച്ചന്‍ അല്‍പ്പം തിരക്കിലാണ്. സിനിമക്ക് പോസ്റ്റര്‍ വരെ ഡിസൈന്‍ ചെയ്ത് നല്‍കുന്നുണ്ട്. വൈദിക പഠനത്തോടൊപ്പം കലയേയും ഒപ്പം കൂട്ടാനാണ് ശെമ്മാച്ചനിഷ്ടം.

Next Story

Popular Stories