Top

‘ദീപക്, ഇറ്റ് ഈസ് എ ബ്യൂട്ടിഫുൾ സോങ്’; ശങ്കർ മഹാദേവന്റെ ശബ്ദവുമായി ജിബൂട്ടി സോങ് ടീസർ

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

3 April 2021 11:42 PM GMT
ഫിൽമി റിപ്പോർട്ടർ

‘ദീപക്, ഇറ്റ് ഈസ് എ ബ്യൂട്ടിഫുൾ സോങ്’; ശങ്കർ മഹാദേവന്റെ ശബ്ദവുമായി ജിബൂട്ടി സോങ് ടീസർ
X

അമിത് ചക്കാലക്കൽ നായകനാകുന്ന പുതിയ ചിത്രം ജിബൂട്ടിയിലെ ആദ്യഗാനത്തിന്റെ ടീസർ എത്തി. ‘വെണ്ണിനഴകേ’ എന്ന് തുടങ്ങുന്ന ഗാനം ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്. കേരളത്തിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

പ്രണയ പശ്ചാത്തലത്തിലുള്ള ഗാനമാണ് വെണ്ണിനഴകേ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ദീപക് ദേവാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ടീസർ നേരത്തെ റിലീസ് ചെയ്തിരുന്നു.ജിബൂട്ടി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായ അബ്ദുൾകാദർ കമിൽ മുഹമ്മദാണ് ടീസർ പുറത്ത് വിട്ടത്. ആക്ഷനും ത്രില്ലിംഗ് രംഗങ്ങൾക്കും പ്രാധാന്യം നൽകുന്നതായിരുന്നു ചിത്രത്തിന്റെ ടീസർ.

ഉപ്പും മുളകും പരമ്പരയുടെ സംവിധായകനായ എസ് ജെ സിനുവാൻ ജിബൂട്ടി ഒരുക്കിയിരിക്കുന്നത്. നൈയില്‍ ആന്‍ഡ് ബ്ലു ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്.

അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, തമിഴ് നടൻ കിഷോർ, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ടി ഡി ശ്രീനിവാസ്‌ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.

Next Story