പാലക്കാട് മങ്കര റെയില്‍വേ സ്റ്റേഷന്‍ സമീപം പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

dot image

പാലക്കാട്: പാലക്കാട് മങ്കരയില്‍ ട്രെയിന്‍ തട്ടി പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ വിയ്യൂര്‍ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കന്‍ഡ് ബറ്റാലിയന്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസറുമായ കെ ആര്‍ അഭിജിത്ത്(30)ആണ് മരിച്ചത്. തിങ്കഴാഴ്ച രാത്രി 8.30ഓടെ മങ്കര റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസ് ഇടിച്ചാണ് മരണം സംഭവിച്ചതെന്നാണ് വിവരം.

ജൂണ്‍ രണ്ടിനായിരുന്നു അഭിജിത്ത് ജോലിയില്‍ പ്രവേശിച്ചത്. ഞായറാഴ്ച വൈകിട്ട് ആറിന് പിഎസ്‌സി കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങരയിലെ ക്യാമ്പില്‍ നിന്ന് നാട്ടിലേയ്ക്ക് പോയതായിരുന്നു അഭിജിത്ത്. തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് അഭിജിത്തിനെ അച്ഛന്‍ രാമചന്ദ്രന്‍ തൃശ്ശൂരില്‍ നിന്ന് തിരികെ ബസ് കയറ്റിവിട്ടു. വൈകിട്ടോടെ ക്യാമ്പില്‍ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ അഭിജിത്ത് എത്തിയില്ല. തുടര്‍ന്ന് ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലേയ്ക്ക് വിളിച്ച് അന്വേഷിച്ചു. ഇതോടെയാണ് അഭിജിത്ത് തിരികെ എത്തിയിട്ടില്ലെന്ന് വീട്ടുകാരും മനസിലാക്കുന്നത്. തുടര്‍ന്ന് വിയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തില്‍ അഭിജിത്ത് ട്രെയിന്‍ തട്ടിമരിച്ചതായി വ്യക്തമായി. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പഴ്‌സില്‍ നിന്ന് കിട്ടിയ ആധാര്‍കാര്‍ഡില്‍ നിന്നാണ് മരിച്ചത് അഭിജിത്താണെന്ന് വ്യക്തമായത്. മൃതദേഹം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Police officer found dead at Palakkad

dot image
To advertise here,contact us
dot image