Top

‘തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് പറഞ്ഞു, ഞാന്‍ ദിലീപിനെ മാറ്റി’; വിനയന്‍

പോരാട്ടങ്ങളിലൂടേയും പ്രതിസന്ധികളിലൂടെയും സിനിമയെടുത്ത് കൊണ്ടുതന്നെയാണ് വിനയൻ എന്ന സംവിധായകൻ മുന്നോട്ടു പോകുന്നത്. ജന്മിത്വ, ജാതി വിരുദ്ധ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടാണ് വിനയൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ഗോകുലം മൂവീസ് ആണ് സിനിമ നിർമ്മിക്കുന്നത്. മുപ്പതു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ താൻ കടന്നു പോയ അനുഭവങ്ങളെക്കുറിച്ചു സംവിധായകൻ വിനയൻ റിപ്പോർട്ടർ ലൈവുമായി സംസാരിച്ചു.

13 Dec 2020 5:47 AM GMT

‘തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് പറഞ്ഞു, ഞാന്‍ ദിലീപിനെ മാറ്റി’; വിനയന്‍
X

പോരാട്ടങ്ങളിലൂടേയും പ്രതിസന്ധികളിലൂടെയും സിനിമയെടുത്ത് കൊണ്ടുതന്നെയാണ് വിനയൻ എന്ന സംവിധായകൻ മുന്നോട്ടു പോകുന്നത്. ജന്മിത്വ, ജാതി വിരുദ്ധ പോരാളി ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതത്തെ ആസ്പദമാക്കിയെടുക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടാണ് വിനയൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. ഗോകുലം മൂവീസ് ആണ് സിനിമ നിർമ്മിക്കുന്നത്. മുപ്പതു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ താൻ കടന്നു പോയ അനുഭവങ്ങളെക്കുറിച്ചു സംവിധായകൻ വിനയൻ റിപ്പോർട്ടർ ലൈവുമായി സംസാരിച്ചു.

ഗോകുലം മൂവീസ് എന്ന വമ്പൻ നിർമ്മാണ കമ്പനിയാണ് സിനിമ നിർമ്മിയ്ക്കുന്നത്. ചരിത്രം സിനിമയാക്കുന്നത് കൊണ്ടുതന്നെ എന്താണ് ഈ സിനിമയുടെ സവിശേഷത?

വലിയയൊരു ക്യാൻവാസിലാണ് സിനിമ അവതരിപ്പിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരയ്ക്കുന്നുണ്ട്. ചരിത്ര കഥയിൽ എന്റേതായ ഒരു ടച്ചും സിനിമയ്ക്ക് നൽകിയിട്ടുണ്ട്. മാറുമറയ്ക്കൽ സമര നായിക നങ്ങേലിയും, കായംകുളം കൊച്ചുണ്ണിയും സിനിമയിലെ കഥാപാത്രങ്ങളാണ്. ഇവരും കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കേന്ദ്ര കഥാപാത്രവും തമ്മിലുള്ള ബന്ധമാണ് സിനിമയിൽ അവതരിപ്പിയ്ക്കുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കരാണ് സിനിമയിലെ നായകൻ. നായക കഥാപാത്രത്തെ ഒരു ഇതിഹാസ പുരുഷനായി അല്ല സിനിമയിൽ അവതരിപ്പിക്കുന്നത്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയിൽ കണ്ട മാസ്സ് ആക്ഷൻ രംഗങ്ങൾ ഒന്നും തന്നെ എന്റെ സിനിമയിൽ ഉണ്ടാവുകയില്ല.

സിനിമയിലെ നായകൻറെ പേര് ഇതുവരെ പുറത്ത് വിട്ടിട്ടില്ല, എന്തുകൊണ്ടാണ് നായകനെ സസ്പെൻസ് ആക്കി നിർത്തുന്നത്?

നായകൻ പുതുമുഖമൊന്നുമല്ല. മലയാള സിനിമയിലെ ഒരു പ്രമുഖ താരവുമല്ല. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന കഥാപാത്രത്തിനായി അയാൾ ഇപ്പോൾ ആയോധന കലാവിദ്യ അഭ്യസിയ്ക്കുകയാണ്. എല്ലാവർക്കും ഇഷ്ടമുള്ള നടനാണ്. എന്നാൽ പൃഥ്വിരാജ് തലത്തിലേയ്‌ക്കൊന്നും അയാൾ എത്തിയിട്ടില്ല. ജനുവരിയിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുമ്പോൾ നായകൻ ആരാണെന്നു മനസ്സിലാകും. അതുവരെ നായകൻറെ പേര് വെളിപ്പെടുത്താത്തതിന് പ്രത്യേകിച്ച് ഒരു കാരണവുമില്ല.

സാങ്കേതിപരമായി മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ യുവാക്കൾ സംവിധാന രംഗത്തേയ്ക്കു വരുന്നു. സ്ത്രീകളും സിനിമയുടെ സാങ്കേതിക രംഗത്തേയ്ക്കു കടന്നു വരുന്നു. സിനിമാമേഖലയിൽ ഉണ്ടായ ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

വിപ്ലവകരമായ മാറ്റമാണ് സിനിമയിൽ സംഭവിച്ചുക്കൊണ്ടിരിയ്ക്കുന്നത്. സാങ്കേതിക മുന്നേറ്റം മൂലം ആർക്കും സിനിമയെടുക്കാം എന്നാണല്ലോ വെയ്പ്. എന്നാൽ കുറെ ചവറ് സിനിമകൾ എടുത്തതുകൊണ്ടു ഒരു കാര്യവുമില്ല. മൊബൈലിൽ ആണെങ്കിലും നല്ല സിനിമകൾ എടുത്താലെ കാര്യമുള്ളൂ.

സിനിമയിൽ നിരവധി പോരാട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. പ്രതിസന്ധികൾ ഉണ്ടായെങ്കിലും താങ്കൾ സിനിമകൾ സംവിധാനം ചെയ്യുന്നത് നിർത്തിയിരുന്നില്ല. ചില അഡ്ജസ്റ്മെന്റിന് തയ്യാറായിരുന്നെങ്കിൽ സിനിമയിൽ താങ്കളുടെ സ്ഥാനം ഇപ്പോൾ എവിടെയായിരിക്കും എന്നാണ് വിശ്വസിക്കുന്നത്?

ഏത് ജോലിയിലാണെങ്കിലും വ്യക്തിത്വം കൈവിടാതെ മുന്നോട്ടു പോകണം. പണവും പ്രശസ്തിയുമാണ് സന്തോഷത്തിന്റെ താക്കോൽ എന്ന് വിശ്വസിയ്ക്കുന്ന ആളല്ല ഞാൻ. പണവും പ്രതാപവും താരമൂല്യവുമാണ് സിനിമയെ ഭരിയ്ക്കുന്നത്. താരങ്ങൾക്കു ഓശാന പാടി നിന്നാലേ വളർച്ച ഉണ്ടാകൂ എന്നൊരു തോന്നൽ സിനിമയിൽ സജീവമാണ്. താരങ്ങളെ പൂജിക്കാൻ തയ്യാറല്ലെന്ന് മുപ്പതു വർഷത്തെ സിനിമ ജീവിതത്തിനിടെ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. എന്റേതായ വഴിയിലാണ് ഞാൻ സഞ്ചരിയ്ക്കുന്നത്. ചെറിയ താരങ്ങളെ വെച്ച് സൂപ്പർ ഹിറ്റുകൾ ഉണ്ടാക്കുവാൻ എനിയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി അഭിനയിച്ച രാക്ഷസ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിയ്ക്കവേയാണ് ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയ്ക്കായി ജയസൂര്യയുടെ ഫോട്ടോഷൂട്ട് നടക്കുന്നതും. ഒരു സൂപ്പർ താരത്തെ വെച്ച് സിനിമ എടുക്കുന്നത്തിന് സമാനമായ സന്തോഷമാണ് ഒരു പുതുമുഖത്തെ വെച്ച് സിനിമ ചെയ്യുമ്പോഴും എനിയ്ക്കു ലഭിയ്ക്കുന്നത്.

ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലൂടെ എത്തിയ ജയസൂര്യ ഇന്ന് മുൻ നിര നായകനാണ് . എങ്ങനെയായിരുന്നു ജയസൂര്യയെ കണ്ടെത്തിയത്?

ദിലീപിനെ ആയിരുന്നു സിനിമയിൽ നായക കഥാപാത്രമായി നിശ്ചയിച്ചിരുന്നത്. എന്നാൽ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകളാണ് ദിലീപ് മുന്നോട്ടു വെച്ചത്. സിനിമയുടെ ക്യാപ്റ്റൻ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാൻ. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാൻ വിലമതിയ്ക്കില്ല. ദിലീപിന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങിച്ച്‌ ജയസൂര്യയെ നായകനാക്കി. ഒരു സൂപ്പർ താരം നായകനാകുമ്പോൾ സ്വാഭാവികമായും സംവിധായകന് ടെൻഷൻ കുറയും. കാരണം സിനിമയുടെ ബിസിനസ്സ് നല്ലതു പോലെ നടക്കും. എന്റെ ഏഴ് സിനിമകളിൽ ദിലീപായിരുന്നു നായകൻ. അയാൾ സൂപ്പർ താരമായപ്പോൾ പിന്നെ ഡിമാന്റുകൾ വെയ്ക്കുവാൻ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാൻ എനിയ്ക്കു താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാർഡുകൾ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും എനിയ്ക്കു താത്പര്യമില്ല.

ആക്രമിയ്ക്കപ്പെട്ട നടിയുടെ വിഷയത്തിൽ ദിലീപിന് അനുകൂലമായ നിലപാട് എന്തുകൊണ്ടാണ് സ്വീകരിച്ചത്?

അത് തെറ്റായ വാർത്തയാണ്. ഞാനൊരിയ്ക്കിലും ഈ വിഷയത്തിൽ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പർ താരങ്ങൾക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരൻ ദിലീപാണ്. എങ്കിലും അയാൾ വീണ് കിടക്കുമ്പോൾ ചവിട്ടാൻ ഞാൻ തയ്യാറല്ല. നടിയെ ആക്രമിയ്ക്കപ്പെട്ട വിഷയം വന്നപ്പോൾ എന്നെ ഒരുപാട് പേർ ചർച്ചയ്ക്കു വിളിച്ചിരുന്നു. എന്നാൽ ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നു.

മോഹൻലാലുമായുള്ള സിനിമയുടെ ചർച്ചകൾ നടക്കുന്നുണ്ടോ?

നടക്കുന്നുണ്ട്. ബറോസിന്റെയും ദൃശ്യത്തിന്റെയും ചിത്രീകരണ തിരക്കുകൾക്ക്‌ ശേഷമായിരിയ്ക്കും മോഹൻലാലുമായുള്ള സിനിമയുടെ ചർച്ചകൾ ആരംഭിയ്ക്കുക. നേരത്തെ ആരംഭിക്കേണ്ട സിനിമയായിരുന്നു. എന്നാൽ സിനിമ ചിത്രീകരണവുമായി മോഹൻലാൽ തിരയ്ക്കിലായി. അങ്ങനെയാണ് പത്തൊൻമ്പതാം നൂറ്റാണ്ട് എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുന്നത്.

മുപ്പതു വർഷമായി മലയാള സിനിമ മേഖലയിൽ പ്രവർത്തിയ്ക്കുന്നു. ഒരു സംവിധായകനെന്ന നിലയിൽ എങ്ങനെ സ്വയം വിലയിരുത്തുന്നു?

ഞാൻ സിനിയയ്ക്കു പറ്റിയ ആളായി തോന്നിയിട്ടില്ല. തൊണ്ണൂറ് ശതമാനവും വ്യക്തിത്വമില്ലാത്ത ആളുകളുള്ള മേഖല ആയതു കൊണ്ടാണ് ഞാൻ സിനിമയ്ക്ക് ഇണങ്ങിയ ഒരാളായി തോന്നാത്തത്. വൈദ്യുതി ബോർഡിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയിലേയ്ക്ക് വന്നത്. സിനിമയിൽ അഡ്ജസ്റ്റുമെന്റുകൾക്ക് വഴങ്ങിയിരുന്നെങ്കിൽ എന്റെ സിനിമകൾക്കും അവാർഡ് കിട്ടുമായിരുന്നു. എന്നാൽ ഞാൻ എന്റെ വ്യക്തിത്വം മുറുകെ പിടിച്ചു. അതുകൊണ്ടു തന്നെ ഉറങ്ങുമ്പോൾ വല്ലാത്തൊരു സുഖം കിട്ടാറുണ്ട്.

Next Story