‘എല്ലാ കഥാപാത്രങ്ങളേയും പൊളിറ്റിക്കലി കറക്റ്റാക്കാന്‍ പറ്റില്ല’; തരുണ്‍ മൂര്‍ത്തി അഭിമുഖം

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന് ജാവ’ മികച്ച പ്രതികരണങ്ങളോടെ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തിലും തമിഴ്നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കിയാണ് ഓപ്പറേഷന് ജാവ ഒരുക്കിയിരിക്കുന്നത്. സൈബര്‍ ക്രൈമുകള്ക്കൊപ്പം തന്നെ കേരളത്തിലെ താത്കാലിക ജീവനക്കാരെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. സിനിമയെ പറ്റിയുള്ള ഈ പരാമര്‍ശത്തെ കുറിച്ച് സംവിധായകന് തരുണ്‍ മൂര്‍ത്തി റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.
സിനിമയില്‍ സ്ത്രീ വിരുദ്ധത പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. തിരക്കഥ എഴുതുമ്പോള്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാറുണ്ട്. അതേസമയം എല്ലാ കഥാപാത്രങ്ങളെയും പൊളിറ്റിക്കലി ശരിയാക്കി എഴുതാന്‍ സാധിക്കില്ല. കാരണം ഒരു സിനിമ എത്രയോ ആളുകളുടെ ജീവിതമാണ് പറയുന്നത്. ഞാന്‍ ഒരിക്കലും ഒരു സ്ത്രീയുടെ രൂപമോ അവയവങ്ങളെയോ ആഘോഷിച്ച് സിനിമ ചെയ്യില്ല. ഒരാളുടെ നിറമോ, ജാതിയേ, മതമോ ആഘോഷിച്ചും സിനിമ ചെയ്യില്ല. ഒരു വ്യക്തി എന്ന നിലയിലും, സംവിധായകന് എന്ന നിലയിലും തന്റെ നിലപാട് അതാണെന്നും തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.
ഓപ്പറേഷന് ജാവയില്‍ സ്ത്രീ വിരുദ്ധതയുണ്ടോ?
സ്്ത്രീ വിരുദ്ധത പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രേമം സിനിമയുടെ സംഭവം വാസ്തവത്തില്‍ നടന്ന കാര്യമാണ്. അതില്‍ നിന്ന് ഒന്നും മാറ്റിയിട്ടില്ല. പിന്നെ അല്‍ഫോന്‍സ എന്ന കഥാപാത്രത്തിനെ ഒരിക്കലും ഒരു സ്ഥിരം തേപ്പ് കഥാപാത്രമായല്ല കാണിച്ചിരിക്കുന്നത്. അത് ഒരു അവസ്ഥയാണ്. ആ കഥാപാത്രം അവിടെ എന്താണ് ഇനി ചെയ്യേണ്ടതെന്ന് ചോദിക്കുകയാണ് ചെയ്യുന്നത് അല്ലാതെ അവള് മറ്റൊരാളുടെ കൂടെ പോവുകയല്ല. കാണുന്ന പലരും അതിനെ തേപ്പ് എന്ന് വിളിക്കുന്നുണ്ട്. പക്ഷെ നായകന് പറയുന്നത് അത് അവളുടെ അവസ്ഥകൊണ്ടാണ് അങ്ങനെ ചെയ്തെന്നാണ്്. എന്നാല്‍ അതൊന്നും ആളുകള്‍ ചര്‍ച്ച ചെയ്യുന്നില്ല. ഞാന്‍ തിയറ്ററില്‍ ഇരുന്ന്് ആ സീന്‍ കാണുമ്പോള്‍ ആ പെണ്‍കുട്ടി ഈ അവസ്ഥ പറയുന്ന സീനില്‍ ആളുകള്‍ ഇരുന്ന് കൈയ്യടിക്കുകയാണ്. അത് എന്ത് തരം ആസ്വാദനമാണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു എഴുത്തുകാരന് എന്ന നിലയ്ക്ക് ഞാന്‍ അവളെ ഒരിക്കലും തേപ്പ് കാരി എന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ല. നൂറ് ശതമാനം അല്‍ഫോന്‍സ എന്ന കഥാപാത്രത്തിനോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
ഇത്തരം നിരൂപണങ്ങളോട് എന്താണ് പറയാനുള്ളത്?
ഞാന്‍ ആ റിവ്യൂ വായിച്ചു. അങ്ങനെയാണെങ്കില്‍ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ സിനിമയില്‍ ക്രൈം ചെയ്യുന്നത് മുഴുവന്‍ പുരുഷന്മാരാണ്. അപ്പോ ഞാന്‍ ആണുങ്ങളെ മോശക്കാരായി കാണിക്കുകയല്ലെ. ഞാന്‍ ഈ സിനിമയില്‍ സാധരണക്കാരാണെന്ന് തോന്നുന്ന നമ്മുടെ നിറമുള്ള ആളുകളെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. നിറത്തിന്റെ രാഷ്ട്രീയം പറയുകയല്ല. പക്ഷെ എങ്കിലും നമ്മള് സാധാരണയായി കാണുന്ന ആളുകളെയാണ് സിനിമയില്‍ കാണിച്ചിരിക്കുന്നത്. പക്ഷെ അതേ കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല. പിന്നെ സിനിമയിലെ ജാനകി എന്ന കഥാപാത്രത്തിന് വേണ്ടി ശക്തമായാണ് ഈ സിനിമ സംസാരിക്കുന്നത്. എനിക്ക് വേണമെങ്കില്‍ അത് ആ സ്ത്രീയുടെ വിഡീയോ ആണെന്നും അവര്‍ അങ്ങനെ മറ്റൊരാളോടൊപ്പം പോയിരുന്നു എന്നും എഴുതാമായിരുന്നു. പക്ഷെ ആ സംഭവത്തില്‍ ഭാര്യയോടൊപ്പം നില്ക്കുന്ന മോഡേണ്‍ രാമനെയാണ് ഞാന്‍ കാണിച്ചിരിക്കുന്നത്.
ജാനകി അപലയാണോ?
ആ കഥാപാത്രം മുഖം മറച്ചാണ് സൈബര്‍ സെല്ലില്‍ വരുന്നതെങ്കില്‍ ജാനകി ദുര്ബലയായേനെ. ഇത് വളരെ സാധാരണ ഒരു സ്ത്രീയെ പോലെ ഭര്‍ത്താവിനൊപ്പം വരുകയാണ് ചെയ്യുന്നത്. പിന്നെ ആ കഥാപാത്രത്തിന് ഡയലോഗ് ഇല്ലാത്തത്, അവരുടെ ഇമോഷന് സിനിമയിലെ മറ്റുള്ള കഥാപാത്രങ്ങള്‍ സംസാരിക്കട്ടെ എന്ന് പറയുന്ന ഒരു പെര്‍സ്പെക്റ്റീവ് ഫിലിം മേക്കിങ്ങാണ് ഞാന്‍ ചെയ്തത്.
ഇത്തരത്തിലുള്ള നിരവധി കേസുകള്‍ സൈബര്‍ സെല്ലില്‍ വരാറുണ്ട്. ഇങ്ങനെ ഒരു പെണ്‍കുട്ടിയുടെ വീഡിയോ വന്നാല്‍ അത് അവരുടേത് തന്നെയാണെന്ന് വിശ്വസിക്കാനാണ് എല്ലാവര്ക്കും ഇഷ്ടം. അപ്പൊ അങ്ങനെയൊരു പെണ്‍കുട്ടിയുടെ ഭര്‍ത്താവ് അത് എന്റെ ഭാര്യയല്ല, എന്ന് പറയുന്നത് തന്നെ വലിയൊരു മോറല്‍ വാല്യുവായാണ് ഞാന്‍ സിനിമയില്‍ അതിനെ കാണിച്ചത്. പക്ഷെ അത് മറ്റൊരു രീതിയിലാണ് കാണികളിലേക്ക് എത്തിയതെങ്കില്‍ ഒരു എഴുത്തുകാരന് എന്ന നിലയില്‍ അതെന്റെ പരാജയമാണ്
തിരക്കഥ എഴുതുമ്പോള്‍ പൊളിറ്റിക്കല്‍ കറക്റ്റനസ് നോക്കാറുണ്ടോ?
ഞാനൊരു തിരക്കഥ എഴുതുമ്പോള്‍ എന്റെ ഭാര്യയോടും അമ്മയോടുമെല്ലാം ചര്‍ച്ച ചെയ്താണ് എഴുതാറുള്ളത്. കാരണം എന്തെങ്കിലും ഒരു രീതിയില്‍ സ്ത്രീ വിരുദ്ധമായ കാര്യങ്ങള്‍ പറയാതിരിക്കാനാണ് അത് ചെയ്യുന്നത്. എന്റെ ഭാര്യയും വളരെ ശക്തമായി സ്ത്രീകളുടെ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്ന വ്യക്തിയാണ്. അതേസമയം എല്ലാ കഥാപാത്രങ്ങളെയും പൊളിറ്റിക്കലി ശരിയാക്കി എഴുതാന്‍ സാധിക്കില്ല. കാരണം ഒരു സിനിമ എത്രയോ ആളുകളുടെ ജീവിതമാണ് പറയുന്നത്. അതില്‍ സ്ത്രീകളെ തെറി വിളിക്കുന്നവരുണ്ടാകാം, സ്ത്രീകളെ ബഹുമാനിക്കുന്നവരുണ്ടാവാം. ഇതെല്ലാം ചേരുമ്പോഴാണ് ഒരു കഥാപാത്രമുണ്ടാവുന്നത്. അല്ലെങ്കില്‍ എല്ലാവരും ഒരുപോലെ ഇരിക്കില്ലെ. പിന്നെ സിനിമയില്‍ ബിനു പപ്പുവിന്റെ കഥാപാത്രം സ്്ത്രീയെ ബഹുമാനിക്കുന്നതാണ് പ്രണയം എന്ന് സിനിമയില്‍ പറയുന്നില്ല, രൂപവും, സൗന്ദര്യവുമല്ല എന്ന് പറയുന്നില്ലെ. എന്തുകൊണ്ടാണ് അതേ പറ്റി സംസാരിക്കാത്തത്? അപ്പോ ഇതൊരു പ്രത്യേക അജണ്ടയില്‍ കാണുന്നത് കൊണ്ടല്ലെ. അല്ലെങ്കില്‍ ഒരു പ്രത്യേക അജണ്ടയില്‍ ഈ സിനിമ കാണാന്‍ ശ്രമിക്കുന്നത് കൊണ്ടല്ലെ ഈ പ്രശ്നം. ഒരു ഡബിള്‍ മീനിങ്ങ് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് ആളുകളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നത്, ഒരു നിറത്തെയോ, ഒരാളുടെ രൂപത്തെയോ കളിയാക്കുന്നതെല്ലാം നമുക്ക് സ്ക്രിപ്പ്റ്റില്‍ നിന്ന് മാറ്റാന്‍ സാധിക്കും. അതല്ലെങ്കില്‍ ഒരു സ്ത്രീയുടെ ശരീരത്തെ കാണിച്ച് ആളുകളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നത് എല്ലാം ഒരു എഴുത്തുകാരന് എന്ന നിലയില്‍ ഒഴിവാക്കാന്‍ കഴിയുന്നതാണ്. പക്ഷെ സിനിമയില്‍ ഉള്ള ഇത്തരത്തിലുള്ള കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ മറ്റൊരു രീതിയില്‍ കണ്ട് അതിനെ ആഘോഷിച്ച് എഴുതുന്നത് തെറ്റാണ്. ഞാന്‍ ഒരിക്കലും ഒരു സ്ത്രീയുടെ രൂപമോ അവയവങ്ങളെയോ ആഘോഷിച്ച് സിനിമ ചെയ്യില്ല. ഒരാളുടെ നിറമോ, ജാതിയേ, മതമോ ആഘോഷിച്ചും സിനിമ ചെയ്യില്ല. അതാണ് നമുക്ക് ഒഴിവാക്കാന്‍ കഴിയുന്നത്. ഇതാണ് ഒരു വ്യക്തി എന്ന നിലയിലും, സംവിധായകന് എന്ന നിലയിലും എന്റെ നിലപാട്. സിനിമയില്‍ കാണിച്ചിരിക്കുന്നത് സാധാരണ ജീവിതത്തില്‍ സംഭവിക്കാവുന്ന കാര്യങ്ങള്‍ മാത്രമാണ്.
ഇത്തരം നിരൂപണങ്ങള്‍ സിനിമ കാണാന്‍ എത്തുന്നവരില്‍ ഒരു മുന്‍ വിധി ഉണ്ടാക്കുമെന്ന ആശങ്കയുണ്ടോ?
ഇതിന്റെ പേരില്‍ സിനിമ തെറ്റിദ്ധരിക്കപ്പെടുമോ എന്ന് എനിക്ക് അറിയില്ല. പക്ഷെ സിനിമ സംസാരിക്കുന്നത് ഇതൊന്നുമല്ല. ഇതിലും എത്രയോ ഭീകരമായ അവസ്ഥയാണ് സിനിമ സംസാരിക്കുന്നത്. സൈബര്‍ ക്രൈമിനെ പറ്റിയും , തൊഴിലില്ലായിമ എന്നതിനെ കുറിച്ചും, താത്കാലിക ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ചെല്ലാമാണ് സിനിമ സംസാരിക്കുന്നത്. അതനിടയില്‍ വരുന്ന ജീവിതങ്ങളാണ് ഇതെല്ലാം. എന്നെ സംബന്ധിച്ചെടുത്തോളം സിനിമയില്‍ അവസാനം പറഞ്ഞു വെക്കുന്ന താത്ക്കാലിക ജീവനക്കാരുടെ അവസ്ഥയെ പറയാന്‍ ഉപയോഗിച്ച ടൂള്‍സ് മാത്രമാണ് ഈ സംഭവങ്ങള്‍. അത് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. അത്തരം കാര്യങ്ങളൊന്നും പറഞ്ഞുവെക്കുന്നില്ലെങ്കില് അവസാനം പ്രേക്ഷകര്‍ക്ക് തോന്നിയ ഒരു വേദന ചിലപ്പോള്‍ ഉണ്ടായെന്ന് വരില്ല.
കേരളം ചര്‍ച്ച ചെയ്യേണ്ട വലിയൊരു രാഷ്ട്രീയമാണ് സിനിമ പറഞ്ഞുവെക്കുന്നത്. ഇതൊന്നും ചര്‍ച്ച ചെയ്യാതെ അതിലെ ബാക്കിയുള്ള കാര്യങ്ങളെ കുറിച്ച് പറയുന്നത് ശരിയല്ലെന്നാണ് എനിക്ക് പറയാനുള്ളത്. സിനിമയില്‍ സ്ത്രീകളെ നല്ല രീതിയില്‍ കാണിച്ച പലതും മറച്ചുവെച്ചാണ് ഇത്തരത്തിലുള്ള റിവ്യൂകള്‍ വന്നത്. അല്‍ഫോന്‍സ എന്ന ബാലു വര്‍ഗീസിന്റെ കാമുകി ചെയ്യുന്ന കാര്യത്തെ വലിയ രീതിയില്‍ അതില്‍ വളച്ചൊടിച്ചിട്ടുണ്ട്. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പിന്നെ പ്രേമത്തിന്റെ കേസില്‍ തീര്‍ച്ചയായും തേപ്പിന്റെ അംശമുണ്ട്. പക്ഷെ അത് ഫാക്റ്റാണ്. അതില്‍ എനിക്ക് മാറ്റം വരുത്താന്‍ കഴിയില്ല. നമ്മള് ഇതുവരെ കണ്ടിട്ടുള്ള ആര്‍ഷ ഭാരത സംസ്കാരത്തില്‍ അഗ്നി ശുദ്ധി വരുത്തി മാത്രം വീട്ടില്‍ കയറിയാല്‍ മതിയെന്ന് പറയുന്ന രാമനാണുള്ളത്. പക്ഷെ സിനിമയില്‍ ജാനകിയുടെ ഭര്‍ത്താവ് പറയുന്നത് ഇത് അവളുടെ വീഡിയോ അല്ല, മറ്റാരോ ആണെന്ന് ഉറപ്പിച്ച് പറയുകയാണ്. അപ്പോള്‍ അതിനെ നമ്മള് മാതൃകയാക്കുകയല്ലേ വേണ്ടതെന്നാണ് എന്റെ ചോദ്യം. ഓപ്പറേഷന് ജാവ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് വിനായകന്റെയും, ധന്യയുടെയും കഥാപാത്രം. പിന്നെ ബിനു പപ്പുവിന്റെയും ഭാര്യയുടെയും കഥാപാത്രവും. ജാനകിയുടെ കാര്യത്തില്‍ ഇത്രയും അനുഭവിച്ച ഒരു സ്ത്രീക്ക് വേണ്ടി ചുറ്റുമുള്ളവര്‍ സംസാരിക്കട്ടെ എന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. പ്രത്യേക തരം അജണ്ടയില്‍ സിനിമ കാണുന്നതിന്റെ പ്രശ്നമാണ് ഇത്തരത്തിലുള്ള നിരൂപണങ്ങള്‍ക്ക് കാരണം.
സിനിമയിലെ താത്കാലിക ജീവനക്കാരെ കുറിച്ചുള്ള പരാമര്‍ശം
ഞാന്‍ ഒരു കാലത്ത് കോളേജില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ട്. നാളെ എന്ത് എന്ന് അറിയാത്ത, ആരുടെ ഒക്കെയോ രാഷ്ട്രീയ സ്വാധീനം കൊണ്ട് തട്ടിത്തെറിക്കുന്ന സാധനമാണ് താല്‍ക്കാലിക ജോലിക്കാര്‍. അവര്‍ക്ക് കൃത്യമായ വേതനം കിട്ടാറില്ല, അതില്‍ ഒരു വര്‍ഷത്തെ കോണ്ട്രാക്റ്റ് ഉണ്ടാവും. ആ സമയം കഴിഞ്ഞാല്‍ വരണ്ടെന്ന് പറയുന്നതിനെ ചോദ്യം ചെയ്യാന്‍ പോലും കഴിയാത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ട്. പി.എസ്.സി നിയമനങ്ങള്‍ക്ക് വേറെ കുറേ അജണ്ടകള്‍ ഉണ്ട്. എല്ലാം കഴിഞ്ഞ് ഒരാളുടെ ജോലി തീരുമാനിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന ചോദ്യമാണ് ഞാന്‍ സിനിമയിലൂടെ മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്നത്. പിന്നെ നമ്മുടെ സിസ്റ്റവും. ഒരാളെ ജോലിക്ക് എടുക്കുന്ന രീതികളും ഇപ്പോഴും തെറ്റാണ് എന്ന ബോധ്യം ആളുകള്‍ക്ക് ഉള്ളതുകൊണ്ടാണ് അവര്‍ കൈയ്യടിക്കുന്നത്. ഒഎംആര്‍ ഷീറ്റിലെ കുമിളയല്ല ഒരാളുടെ കഴിവിനെ തീരുമാനിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.