KERALA ELECTION 2021

‘സിനിമയില്‍ കഴിഞ്ഞ 33 വര്‍ഷമായി, ഇപ്പോള്‍ സംവിധാനം ചെയ്യുന്നില്ല’; സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കട്ടെയെന്ന് രഞ്ജിത്ത്

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. പാര്‍ട്ടി തന്നോട് ഇക്കാര്യം ചോദിച്ചിരുന്നെന്നും ഔദ്യോഗിക തീരുമാനം പാര്‍ട്ടിയെടുക്കട്ടെയെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെങ്കിലും ഒരു തവണ അല്ലാത്തവര്‍ക്കും തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാമെന്നും രഞ്ജിത്ത് പ്രതികരിച്ചു.

‘രാഷ്ട്രീയത്തിനെ രണ്ടു രീതിയില്‍ കാണാം. ഒന്ന് നിരന്തരമായ രാഷ്ട്രീയം പ്രവര്‍ത്തനം നടത്താം. ഞാനത്തരത്തിലൊരാളല്ലല്ലോ. അല്ലാത്തവര്‍ക്കും വേണമെങ്കില്‍ ഒരു തവണ ഈ സംവിധാനത്തിന്റെ ഭാഗമായി മാറാം. സിനിമ എന്നു പറയുന്നതാണ് നമ്മുടെ കര്‍മ്മ മേഖലയെങ്കിലും സിനിമയില്‍ കഴിഞ്ഞ 33 വര്‍ഷമായി. ഞാനിപ്പോള്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നില്ല,’ രഞ്ജിത്ത് പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടെതെന്നും രഞ്ജിത്ത് പറഞ്ഞു.

നിലവിലെ കോഴിക്കോട് നോര്‍ത്തിലെ സിപിഐഎം എംഎല്‍എയായ എ പ്രദീപിനെയും രഞ്ജിത്ത് അഭിനന്ദിച്ചു.’കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കഴിഞ്ഞ 15 വര്‍ഷമായി മികച്ച പ്രവര്‍ത്തനചത്തിലൂടെ മണ്ഡലം സുരക്ഷിതമായി പ്രദീപ് നിലനിര്‍ത്തി. പ്രദീപിനെ പോലെയൊരു പ്രാപ്തനായ എംഎല്‍എയെ കിട്ടാന്‍ പ്രയാസമാണ്,’ രഞ്ജിത്ത് പറഞ്ഞു.

മൂന്നു തവണ മത്സരിച്ചവര്‍ മാറണമെന്ന നിര്‍ദേശം എ പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കും. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരന്‍ കൂടിയായ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നത്.
2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ പിഎം സുരേഷ് ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. 2011 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിവി ഗംഗാധരനെയും പ്രദീപ് കുമാര്‍ പരാജയപ്പെടുത്തിയിരുന്നു.

Latest News