Top

‘എന്നേപ്പോലെ പലരും ഇരയാക്കപ്പെട്ടു, ബലാത്സംഗക്കേസ് പ്രതിയെ ഒളിവില്‍ പോകാനുള്‍പ്പെടെ സഹായിച്ചത് മാര്‍ട്ടിന്‍ പ്രക്കാട്ട്’; പരാതിക്കാരിയുമായി അഭിമുഖം

തന്നെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സഹസംവിധായകന് പണവും സ്വാധീനവും ഉപയോഗിച്ച് പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്നതും കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതും മാര്‍ട്ടിന്‍ പ്രക്കാട്ട് ആണെന്ന് പരാതിക്കാരി. ഇടുപ്പെല്ലിന് പരുക്കേറ്റ് കിടന്ന സമയത്ത് തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച രാഹുല്‍ ചിറയ്ക്കല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പല തവണ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹപ്രവര്‍ത്തകയും തിരക്കഥാകൃത്തുമായ ഷബ്‌ന മുഹമ്മദ് താന്‍ പരാതി നല്‍കിയതിന് ശേഷം പല തവണ […]

15 Feb 2021 12:37 PM GMT

‘എന്നേപ്പോലെ പലരും ഇരയാക്കപ്പെട്ടു, ബലാത്സംഗക്കേസ് പ്രതിയെ ഒളിവില്‍ പോകാനുള്‍പ്പെടെ സഹായിച്ചത് മാര്‍ട്ടിന്‍ പ്രക്കാട്ട്’; പരാതിക്കാരിയുമായി അഭിമുഖം
X

തന്നെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ സഹസംവിധായകന് പണവും സ്വാധീനവും ഉപയോഗിച്ച് പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്നതും കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതും മാര്‍ട്ടിന്‍ പ്രക്കാട്ട് ആണെന്ന് പരാതിക്കാരി. ഇടുപ്പെല്ലിന് പരുക്കേറ്റ് കിടന്ന സമയത്ത് തന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച രാഹുല്‍ ചിറയ്ക്കല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പല തവണ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സഹപ്രവര്‍ത്തകയും തിരക്കഥാകൃത്തുമായ ഷബ്‌ന മുഹമ്മദ് താന്‍ പരാതി നല്‍കിയതിന് ശേഷം പല തവണ ബന്ധപ്പെട്ടു. വൈകാരികമായി സ്വാധീനിക്കാനും മൊഴി മാറ്റാനും നിര്‍ബന്ധിച്ചു. കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം പ്രതിയായ രാഹുലിന്റേയും അടുപ്പക്കാരുടേയും മട്ട് മാറി. വഴങ്ങില്ലെന്നായപ്പോള്‍ ഭീഷണി മുഴക്കി. പ്രതിയ്ക്ക് ഒളിവില്‍ പോകാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് മാര്‍ട്ടിന്‍ പ്രക്കാട്ടാണ്. കേസിന്റെ തുടക്കം മുതല്‍ പൊലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിന്റെ കാരണം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സ്വാധീനമാണ്. രഹസ്യമൊഴി നല്‍കിയ ആളുടെ പേര് പൊലീസ് മാര്‍ട്ടിന്‍ പ്രക്കാട്ടിനോട് പറഞ്ഞു. പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് പ്രതിയ്ക്ക് വേണ്ടി തന്നെ വിളിച്ചെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിയെന്നും യുവതി റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

ബലാത്സംഗക്കേസ് പ്രതിയ്ക്കെതിരെ ജാമ്യമില്ലാ വാറന്റായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നും പ്രതിയായ സഹസംവിധായകനെ സംരക്ഷിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ആണെന്നും ചൂണ്ടിക്കാട്ടി യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചിരുന്നു. പരാതിക്കാരിയായ യുവതി റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു.

പൊലീസിന്റെ ഭാഗത്ത് നിന്ന് കേസിന്റെ തുടക്കം മുതല്‍ നിസ്സഹകരണമുണ്ടോ?

കഴിഞ്ഞ ജൂലൈയിലാണ് രാഹുലിനെതിരെ എളമരക്കര സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇരയായ എന്നെ സഹായിക്കുന്ന നിലപാടല്ല പൊലീസ് തുടക്കം മുതല്‍ സ്വീകരിച്ചത്. അയാള്‍ക്ക് ഒളിവില്‍ പോകാനുള്ള സമയം നല്‍കുകയാണ് പൊലീസ് ചെയ്തത്. ജില്ലാ കോടതി പ്രതിയുടെ മുന്‍കൂര്‍ ജാമ്യേപേക്ഷ തള്ളി. അതിന് ശേഷം കൊവിഡ് സാഹചര്യമായതിനാല്‍ കേസിന്റെ മെറിറ്റ് പരിഗണിക്കാതെ ഹൈക്കോടതി ജാമ്യം നല്‍കി. എവിടെയുണ്ടാകാന്‍ സാധ്യതയെന്ന് പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുപോലും പൊലീസ് അന്വേഷിക്കാന്‍ തയ്യാറായില്ല. ഞാന്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മലബാര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയും സമാനരീതിയില്‍ തന്നെ രാഹുല്‍ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്ന ചൂണ്ടിക്കാട്ടി രഹസ്യമൊഴി നല്‍കി. എസ്എച്ച്ഒ മറ്റൊരു ഉദ്യോഗസ്ഥന്‍ ഞാന്‍ എന്നിങ്ങനെ മൂന്ന് പേര്‍ മാത്രം അറിഞ്ഞുകൊണ്ടായിരുന്നു ഇത്. രഹസ്യമൊഴി നല്‍കി തൊട്ടടുത്ത ദിവസം തന്നെ മാര്‍ട്ടിന്‍ പ്രക്കാട്ട് ഇതറിഞ്ഞു. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സുഹൃത്തുക്കളായ ഷബ്ന, ഫ്രെഡ്ഡി എന്നിവര്‍ ആ പെണ്‍കുട്ടിയെ വിളിച്ചു. ഞങ്ങള്‍ മാത്രം അറിഞ്ഞുകൊടുത്ത മൊഴി എങ്ങനെയാണ് പ്രതിയുടെ ആളുകള്‍ അറിയുന്നത്?

രാഹുല്‍ ചിറയ്ക്കല്‍

പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ മൊഴി ചോര്‍ത്തി നല്‍കിയെന്നാണോ?

അതെ, പൊലീസില്‍ നിന്ന് തന്നെ രഹസ്യമൊഴി ചോര്‍ന്നു. ‘എന്നെ ആളുകള്‍ വിളിക്കുന്നു. എനിക്ക് പേടിയാകുന്നു. അവര്‍ ഞാന്‍ മൊഴികൊടുത്ത് അറിഞ്ഞിട്ടുണ്ട്. ആരും അറിയില്ല എന്നല്ലേ നിങ്ങള്‍ പറഞ്ഞത്’ എന്ന് ചോദിച്ച് ഭയപ്പെട്ട് ആ പെണ്‍കുട്ടി എന്നെ വിളിച്ചു. ഞാന്‍ ഇക്കാര്യം എസ്എച്ച്ഒയോട് ചോദിച്ചു. നമ്മള്‍ മാത്രം അറിഞ്ഞ കാര്യമാണ്. അവര്‍ അറിയാന്‍ വഴിയില്ല എന്ന് പറഞ്ഞ ശേഷം എസ്എച്ച്ഒ ഫോണ്‍ വെച്ചു. പിന്നെ എന്നോട് എസ്എച്ച്ഒ പറഞ്ഞത് മാര്‍ട്ടിന്‍ പ്രക്കാട്ടിനെ ചോദ്യം ചെയ്തപ്പോള്‍ അറിയാതെ ആ കുട്ടിയുടെ പേര് പറഞ്ഞുപോയി എന്നാണ്. എങ്ങനെയാണ് രഹസ്യമൊഴി നല്‍കിയ ആളുടെ പേര് പൊലീസിന് തന്നെ പറയാനാകുക. അതിന്റെ ആവശ്യം മനസിലാകുന്നില്ല. നിങ്ങള്‍ക്ക് വേണ്ടിയാണ് ഇത്രയും ചെയ്തത് എന്ന് പൊലീസ് ആവര്‍ത്തിച്ചു. അത് അവരുടെ ഉത്തരവാദിത്തമല്ലേ?

ആരാണ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്?

ഹൈക്കോടതിയില്‍ നിന്ന് അയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടിയതിന് ശേഷം ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഞാന്‍ വഞ്ചിക്കപ്പെട്ടു, മറ്റൊരു പെണ്‍കുട്ടി കൂടി ഞാന്‍ കാരണം സമ്മര്‍ദ്ദം നേരിടുന്നു. നീതിയും കിട്ടുന്നില്ലെന്ന് തോന്നല്‍ വന്നപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലിസി ഹോസ്പിറ്റലില്‍ കുറച്ചുദിവസം ചികിത്സയിലായിരുന്നു. അതിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സുഹൃത്തായ ഷബ്ന എന്നെ നിരന്തരം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വൈകാരികമായി സ്വാധീനിക്കാന്‍ ശ്രമിച്ചു. കേസുമായി മുന്നോട്ടുപോയാല്‍ രാഹുല്‍ ശിക്ഷിക്കപ്പെടും അവന്‍ ആത്മഹത്യ ചെയ്യും എന്നെല്ലാം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ചു, മരിച്ചില്ല, ആ അവസ്ഥയില്‍ നില്‍ക്കുന്ന എന്നോട് അവര്‍ പ്രതിയ്ക്ക് വേണ്ടിയാണ് സംസാരിച്ചത്. ഞാന്‍ പറയുന്നത് റെക്കോഡ് ചെയ്ത് കേസിന് വേണ്ടി ഉപയോഗിക്കാന്‍ വേണ്ടിയായിരിക്കാം രാഹുലുമായുള്ള എന്റെ കല്യാണം നടത്തുന്നതിനേക്കുറിച്ചൊക്കെ പറഞ്ഞുകൊണ്ടിരുന്നു. രാഹുലിനെ സഹായിച്ചു എന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെ പറഞ്ഞു. ‘ഞാന്‍ രണ്ടു ലക്ഷം മുടക്കി, വക്കീലിനെ വെച്ചു മുന്‍കൂര്‍ ജാമ്യമെടുത്തു. എന്റെ അസിസ്റ്റന്റിനെതിരെ കേസ് കൊടുത്ത ഒരാളാണ് നിങ്ങള്‍, അതിനപ്പുറത്തേക്ക് ഒരു സഹതാപവും നിങ്ങളോടില്ല’ എന്ന് പ്രക്കാട്ട് എന്നോട് പറഞ്ഞു. രാഹുല്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനും ജയിലില്‍ പോകാതിരിക്കാനും വേണ്ടി എല്ലാം ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വയനാട്, കാക്കനാട്, മൂവാറ്റുപുഴ എന്നിങ്ങനെ പല സ്ഥലങ്ങളിലേക്കാണ് രാഹുലിന് ഒളിവില്‍ പോകാന്‍ തങ്ങള്‍ സഹായിച്ചതെന്ന് ഷബ്‌ന എന്നോട് പറഞ്ഞു.

യാസിം എന്ന ഒരു വ്യക്തിയാണ് രാഹുലിനെയും കൊണ്ട് വയനാട് പോയത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഇപ്പോള്‍ ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയുമായും രാഹുലിന് ബന്ധമുണ്ടായിരുന്നു. രാഹുല്‍ ഇങ്ങനെയൊരു വ്യക്തിത്വമാണെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. ഷബ്‌ന മുഹമ്മദിന് രാഹുലിന്റെ വഴിവിട്ട എല്ലാ പ്രവൃത്തികളും അറിയാമായിരുന്നു. എന്നിട്ടാണ്, എല്ലാം അറിഞ്ഞിട്ടാണ് അവരെല്ലാം അയാളെ ഇത്രയും സഹായിക്കുന്നത്.

കേസില്‍ മറ്റൊരു പെണ്‍കുട്ടി രാഹുലിനെതിരെ മൊഴി നല്‍കിയിട്ടില്ലേ?

കുറ്റപത്രത്തില്‍ രാഹുലിന്റെ ഒരു സുഹൃത്തായ പയ്യന്‍ മൊഴി നല്‍കിയിട്ടുണ്ട്. അതില്‍ ഇടപ്പള്ളി സ്വദേശിനിയായ ഒരു പെണ്‍കുട്ടിയേക്കുറിച്ച് പറയുന്നുണ്ട്. ചാര്‍ജ്ഷീറ്റില്‍ പേരു പറയുന്നില്ല. പക്ഷേ, എനിക്കറിയാം. എത്ര പേരുണ്ടെന്നും അറിയാം. സ്‌നേഹബന്ധത്തില്‍ ആളുകള്‍ വിട്ടുപോകുന്നത് സ്വാഭാവികമാണ്. പക്ഷെ, ഒരേ സമയത്ത് ഒന്നിലധികം പേരെ വിവാഹം കഴിക്കല്‍ സാധ്യമല്ലല്ലോ. ആദ്യത്തെ സിനിമ സംവിധാനം ചെയ്ത ശേഷം വിവാഹം കഴിക്കാമെന്നാണ് രാഹുല്‍ മലബാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയോടും എന്നോടും മറ്റു പലരോടും പറഞ്ഞത്. ഇവന്‍ ഒരു സെക്ഷ്വല്‍ പെര്‍വേര്‍ട്ട് ആണെന്ന് ആ കുട്ടിയുടെ മൊഴിയിലുണ്ട്. അതിന്റെ കോപ്പിയും എന്റെ കൈയിലുണ്ട്. ചാറ്റുകളുണ്ട്. എന്നോട് ചെയ്തത് മോശം പ്രവൃത്തിയാണെന്നും എന്റെ കൈയില്‍ നിന്ന് പണം വാങ്ങിയെന്നും അതുകൊണ്ടാണ് കേസ് കൊടുത്തതെന്നുമെല്ലാം രാഹുല്‍ തന്നെ സമ്മതിക്കുന്നതിന്റെ ഓഡിയോ എല്ലാം എന്റെ കൈയിലുണ്ട്.

രാഹുലിനെതിരെ ഒരു ഭീഷണിക്കേസ് കൂടിയുണ്ടല്ലോ?

താമസിക്കുന്ന ഫ്‌ളാറ്റിന് കീഴെയുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് രാഹുല്‍ എന്നെ ഭീഷണിപ്പെടുത്തി. കരഞ്ഞുകൊണ്ടാണ് ഞാന്‍ പോയത്. ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്ന് ഭയമായിരുന്നു. ജോലിക്ക് പോകാതെ മിക്ക ദിവസങ്ങളിലും ലീവെടുത്തു. ഒരു ദിവസം കൈയൊക്കെ വിയര്‍ത്തു. കൂടെ ജോലി ചെയ്യുന്നയാളാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. എന്താണിത്ര ടെന്‍ഷന്‍ എന്ന് ഡോക്ടര്‍ ചോദിച്ചു? അത്രയും പേടിച്ചു ഞാന്‍. നോര്‍മലായപ്പോള്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പോയി പരാതിപ്പെട്ടു. വിശദമായി പറഞ്ഞെങ്കിലും അവര്‍ അത്ര വിശദമായി എഫ്‌ഐആറില്‍ എഴുതിയിട്ടില്ല. രാഹുലും സുഹൃത്തുക്കളും എന്ന് മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. അതിന് ശേഷം എന്റെ 164 മൊഴിയെടുത്തു. അതില്‍ വളരെ വിശദമായി ഞാനെല്ലാം പറഞ്ഞിട്ടുണ്ട്.

എഫ്‌ഐആറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പേര് എഴുതാന്‍ പൊലീസ് മടി കാണിച്ചോ?

അതെ. ഞാന്‍ രാഹുലിന്റെ ജാമ്യം റദ്ദാക്കാന്‍ വേണ്ടി കോടതിയെ സമീപിച്ചു. എനിക്ക് വേണ്ടി ഞാന്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതുകൊണ്ട് ഞാന്‍ ഒരു വക്കീലിനെ വെച്ചു. എനിക്ക് സാമ്പത്തികമില്ല. സുഹൃത്തുവഴിയാണ് വക്കീലിനെ വെച്ചത്‌. കോടതി ഹര്‍ജി സ്വീകരിച്ചു. വാദം നടന്നു. രാഹുലിന്റെ ജാമ്യം റദ്ദ് ചെയ്ത് ജാമ്യമില്ലാ വാറന്റിന് കോടതി ഉത്തരവിട്ടു. ഇതുവരേയ്ക്കും പൊലീസ് ഒന്നും ചെയ്തിട്ടില്ല എന്നുള്ളതാണ്. അവര്‍ അന്വേഷിക്കുക പോലും ചെയ്തിട്ടില്ല. രാഹുല്‍ ഒളിവില്‍ പോകുകയും ചെയ്തു.

ഒളിവില്‍ പോകാന്‍ പൊലീസ് അവസരം നല്‍കിയെന്നാണോ?

ജാമ്യമില്ലാ വാറന്റുണ്ടായിട്ടും അതിനുശേഷം രണ്ട് ദിവസം കഴിഞ്ഞാണ് ഫോണ്‍ സ്വിച്ച് ഓഫാക്കി രാഹുല്‍ മുങ്ങുന്നത്. സമയമുണ്ടായിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ല.

രാഹുലിനെ എത്ര നാളായി അറിയാം?

2012 മുതല്‍ രാഹുലിനെ പരിചയമുണ്ട്. വയ്യാതിരുന്ന സമയത്താണ് കൂടെ ജീവിക്കാന്‍ താല്‍പര്യമുണ്ടെന്ന തരത്തില്‍ അയാള്‍ ഇഷ്ടം പറഞ്ഞത്. ആ അവസ്ഥയിലായിരുന്ന ഞാന്‍ അത് വിശ്വസിച്ചു. അറിയുന്ന ഒരാളാണല്ലോ. നല്ല സുഹൃത്തുക്കളെന്ന നിലയിലായിരുന്നു അതുവരെ ബന്ധം പൊയ്‌ക്കോണ്ടിരുന്നത്.

ശാരീരികമായുള്ള വയ്യായ്ക എന്താണ്?

2016ല്‍ ഷാര്‍ജയില്‍ വെച്ച് ഒരു അപകടം നടന്ന് എന്റെ രണ്ട് കാലുകള്‍ക്കും ഇടുപ്പെല്ലുകള്‍ക്കും സാരമായ പരുക്കുപറ്റി. വീല്‍ ചെയറിലാണ് തിരിച്ചുപോന്നത്. കുറേ നാള്‍ കിടപ്പിലായിരുന്നു. രണ്ട് വര്‍ഷത്തോളം തിരുവല്ലയിലെ ആശുപത്രിയിലാണ് ചികിത്സിച്ചത്. റേപ്പ് നേരിട്ടതിന് ശേഷമാണ് വലതുഹിപ് മാറ്റിവെയ്ക്കുന്നത്. ഇപ്പോഴും നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇടതുഹിപ് കൂടി മാറ്റിവെയ്ക്കണം.

എന്നായിരുന്നു കേസിനാസ്പദമായ സംഭവം?

2018ല്‍ ഞാന്‍ എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു. എളമക്കരയിലെ ഒരു അപ്പാര്‍ട്‌മെന്റിലായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ഏപ്രില്‍ 29ന് മാര്‍ട്ടിനോട് സംസാരിക്കാന്‍ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ എന്റെ അടുക്കല്‍ വന്നത്. ആ സമയത്ത് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ഒട്ടും പറ്റാതെ മുടന്തിയാണ് നടന്നുകൊണ്ടിരുന്നത്. ശാരീരികമായി അത്ര മോശം അവസ്ഥയായിരുന്നു. രാഹുല്‍ വന്ന് എന്നെ ശാരീരികമായി ഉപദ്രവിക്കുകയാണുണ്ടായത്. അതിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് വാക്ക് തന്നത്. പുറത്ത് ആരോടും പറയരുതെന്നും പറഞ്ഞു.’എനിക്ക് സിനിമയില്‍ കരിയറുള്ളതാണ്. ആദ്യത്തെ സിനിമ ചെയ്തതിന് ശേഷം വിവാഹം കഴിക്കാം. നമ്മളെന്താണെങ്കിലും ഇഷ്ടപ്പെടുന്നവരല്ലേ. ഇതൊക്കെ കോമണാണ് എന്നും രാഹുല്‍ പറഞ്ഞു. സ്വാഭാവികമായും ഞാന്‍ അത് വിശ്വസിച്ചു.

രാഹുല്‍ മയക്കുമരുന്ന് ഉപയോഗിക്കുമോ?

ഉപയോഗിക്കാറുണ്ട്. അതെനിക്ക് അറിയില്ലായിരുന്നു. കേസ് കൊടുത്ത സമയത്ത് രാഹുലിനെ പരിചയമുള്ള ഒരു പയ്യന്‍ എന്റടുത്ത് ഇക്കാര്യം പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗിച്ചാണോ അതിക്രമം നടത്തിയത്?

എനിക്കറിയില്ല. ഡ്രഗ്‌സ് ഉപയോഗിച്ച ശേഷമുള്ള പെരുമാറ്റം എങ്ങനെയാണെന്ന് എനിക്കറിയില്ല.

അതിക്രമം നേരിട്ടിട്ടും ഇത്രനാള്‍ എന്തുകൊണ്ട് മിണ്ടാതിരുന്നു എന്ന ചോദ്യങ്ങളുയരില്ലേ?

എനിക്ക് മുന്‍പില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ എങ്ങനെ ഒരാളോട് പറയും. വിവാഹം കഴിക്കാമെന്ന് അയാള്‍ ഉറപ്പുതന്നു. പല തവണ അത് പറഞ്ഞ് എന്റെ കൈയില്‍ നിന്ന് പണം വാങ്ങി. എക്‌സ്‌പെന്‍സീവായിട്ടുള്ള ലാപ്‌ടോപ്, സ്വര്‍ണ്ണം എന്നിങ്ങനെ ഒരുപാട് രീതിയില്‍ സാമ്പത്തികമായി ചൂഷണം ചെയ്തു. രാഹുലിന് മറ്റൊരു റിലേഷനുണ്ടെന്നോ ആ കുട്ടിയോടും വിവാഹം കഴിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നോ ഞാന്‍ ആ സമയത്ത് അറിയുന്നില്ല. ലോക്ഡൗണ്‍ സമയത്ത് വിവാഹത്തേക്കുറിച്ച് സംസാരിച്ചപ്പോള്‍ തീര്‍ത്തും ഒഴിവാക്കുകയാണുണ്ടായത്. ഒരു സുഹൃത്തായി മാത്രമേ എന്നെ കണ്ടിട്ടുള്ളൂ എന്ന് പറഞ്ഞു. രാഹുലിന്റെ അമ്മയോടും ഷബ്‌നയോടും മറ്റു പലരോടും ഞാന്‍ സംസാരിച്ചു. ഇവര്‍ എല്ലാവരും പറഞ്ഞത് ഞാന്‍ ഒരു വേശ്യ ആണെന്നാണ്. ഞാന്‍ ഒരു മോശപ്പെട്ടവള്‍ എന്ന തരത്തിലാണ് അവരെല്ലാവരും സംസാരിച്ചത്. കേസു കൊടുത്തപ്പോഴാണ് ഇവര്‍ എല്ലാവരും എന്റെ അടുത്ത് വന്ന് മറ്റൊരു തരത്തില്‍ സംസാരിച്ചത്.

ലോക്ഡൗണ്‍ സമയത്ത് ഏപ്രിലില്‍ തന്നെ മാര്‍ട്ടിന്‍ പ്രക്കാട്ട് ഈ സംഭവത്തേക്കുറിച്ച് അറിഞ്ഞതാണ്. അദ്ദേഹം അന്ന് അദ്ദേഹത്തിന്റെ സുഹൃത്തിനോട് ഇങ്ങനെ പറഞ്ഞെന്ന് ഞാന്‍ അറിഞ്ഞു. ‘ഇത് എന്നെ ബാധിക്കാത്ത ഒരു വിഷയമാണ്. അതുകൊണ്ട് ഞാനിത് മൈന്‍ഡ് ചെയ്യില്ല’ എന്ന്. പിന്നീട് തന്നെ ബാധിക്കുമെന്ന് മനസിലായപ്പോഴാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഇടപെടാന്‍ തുടങ്ങിയത്.

പരിചിതരാണ്, സുഹൃത്തുക്കളാണ്, സ്വാഭാവികമായും ഉഭയസമ്മതത്തോടെ ബന്ധപ്പെടുകയായിരുന്നെന്ന് പ്രതിഭാഗം വാദിക്കില്ലേ?

അതിനെ മ്യൂച്ച്വല്‍ കണ്‍സെന്റ് എന്ന് പറയാന്‍ പറ്റില്ല. നോര്‍മലി നമ്മള്‍ റെസ്‌പോണ്‍ഡ് ചെയ്യുന്നതിന് ഒരു ലെവലുണ്ട്. എന്റെ ഹിപ്‌സ് ആകെ തകരാറിലായിരുന്നു. എനിക്ക് തിരിച്ച് ബലം പ്രയോഗിക്കാന്‍ പറ്റില്ല. എനിക്കൊന്നും ചെയ്യാനാവുമായിരുന്നില്ല. എന്നെ വിവാഹം കഴിക്കാം എന്ന് കൂടി പറയുമ്പോള്‍ എന്ത് ചെയ്യണമായിരുന്നു? നാടുമുഴുവന്‍ പറഞ്ഞ് പ്രശ്‌നമാക്കണമായിരുന്നോ? അതോ വിവാഹം കഴിക്കുമെന്ന ഉറപ്പില്‍ പ്രതീക്ഷിക്കണോ? പിന്നീട് കഴിഞ്ഞ ഓഗസ്റ്റിലാണ് മറ്റ് പെണ്‍കുട്ടികളുമായി ബന്ധമുള്ള കാര്യം അറിയുന്നത്. രാഹുല്‍ തന്നെ ഇത് തുറന്ന് പറയുന്നുണ്ട്. ഈ പെണ്‍കുട്ടിയുമായി സംസാരിച്ചു. അപ്പോഴാണ് ചെയ്യാന്‍ പോകുന്ന സിനിമയുടെ പേര് പറഞ്ഞ് പലരേയും ഇയാള്‍ ചൂഷണം ചെയ്ത കാര്യം അറിയുന്നത്.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് വേണ്ടി വന്നപ്പോള്‍ രാഹുല്‍ പറഞ്ഞു. ‘ഞാന്‍ സിനിമ ചെയ്യാന്‍ വേണ്ടി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ കേസ് വന്നത്. അര്‍ച്ചന 31 നോട്ടൗട്ട് കേറിപ്പോയി. എവിടെ നിന്നോ വന്നവന് അതിന്റെ ഭാഗ്യം കിട്ടി’ എന്ന്. അപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് ‘ഈ കേസ് തീരാതെ ഇവന് സിനിമ ചെയ്യാന്‍ കഴിയില്ല. അവന്റെ കരിയര്‍ തന്നെ പോയി. അതുകൊണ്ട് കേസ് പിന്‍വലിക്കണം’ എന്നൊക്കെ പറഞ്ഞു.

സിനിമയില്‍ വേഷം തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നോ? മറ്റാര്‍ക്കെങ്കിലും അത്തരത്തില്‍ വാഗ്ദാനം നല്‍കിയതായി അറിയുമോ?

ഇല്ല. സിനിമയോട് ആ തരത്തിലുള്ള ഒരു താല്‍പര്യം എനിക്കില്ല. അങ്ങനെ ഒരു സംസാരവുമുണ്ടായിട്ടില്ല. രാഹുലിനെതിരെ മൊഴി നല്‍കിയ പെണ്‍കുട്ടിയ്ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ട്. അവര്‍ ഒരുമിച്ച് വര്‍ക്ക്‌ ചെയ്തിട്ടുമുണ്ട്. മറ്റൊരു പെണ്‍കുട്ടി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രത്തില്‍ അഭിനയിച്ച നടിയാണ്. അവരെ ചൂഷണം ചെയ്‌തോ ഇല്ലയോ എന്ന് എനിക്കറിയില്ല. ഞാന്‍ അവരോട് സംസാരിച്ചിട്ടില്ല. നിലവില്‍ ഇന്നയാളുമായിട്ടാണ് രാഹുലിന് ബന്ധമെന്ന് ഷബ്‌ന മുഹമ്മദ് പറഞ്ഞതായി ഓര്‍മ്മയുണ്ട്. ‘ആ കുട്ടിക്ക് ഭയങ്കര ഡിപ്രഷനായിപ്പോയി, ഇവന്‍ ഇങ്ങനെ വഞ്ചിക്കുന്നയാളാണെന്നും പലരുമായി ബന്ധമുണ്ടെന്നും അറിഞ്ഞപ്പോള്‍ ഡിപ്രസ്ഡായി. അവരെ ഇതിലേക്ക് വലിച്ചിടരുത്’ എന്നും പറഞ്ഞു. അവരുടെ പേര് പുറത്തുവരരുതെന്ന രീതിയില്‍.

ഞാന്‍ താമസിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റുള്ള അതേ ബില്‍ഡിങ്ങിലാണ്. രാഹുല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക് വിളിച്ചുകൊണ്ടുപോയി. ആദ്യ സിനിമ ചെയ്ത് 2020ല്‍ വിവാഹം ചെയ്യാമെന്ന് പറഞ്ഞുകൊണ്ടിരുന്നു. പല കാര്യത്തിനും എന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. എന്നെക്കൊണ്ട് അടപ്പിച്ച കറന്റ് ബില്ലുകളും സ്വിഗ്ഗി ബില്ലുകളും എന്റെ കൈയിലുണ്ട്.

എന്റെ ശാരീരിക അവസ്ഥ വെച്ച് കിട്ടാവുന്നതില്‍ ഏറ്റവും നല്ല ഓപ്ഷനാണ് രാഹുലുമായുള്ള വിവാഹം എന്ന തോന്നല്‍ അയാള്‍ എന്നിലുണ്ടാക്കി. ഇയാള്‍ സംസാരത്തില്‍ വളരെ മിടുക്കാനാണെന്നാണ് എല്ലാ പെണ്‍കുട്ടികളും പറഞ്ഞ ഒരു കാര്യം. മറ്റൊരു റിലേഷനുണ്ടെന്ന് ആരും വിശ്വസിക്കില്ല. ഈ കേസില്ലായിരുന്നെങ്കില്‍ മൊഴി കൊടുത്ത പെണ്‍കുട്ടിയും ഞാനും ഇത് അറിയില്ലായിരുന്നു.

സ്വാധീനിക്കാന്‍ ശ്രമിക്കുന്നവര്‍ എന്താണ് ആവശ്യപ്പെടുന്നത്?

രാഹുല്‍ തെറ്റ് ചെയ്തു എന്ന് മാര്‍ട്ടിന്‍ പ്രക്കാട്ടും ഷബ്‌ന മുഹമ്മദും സമ്മതിക്കുന്നുണ്ട്. തെറ്റ് ചെയ്തു എന്നറിഞ്ഞിട്ടും അയാളെ കൂടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. എല്ലാവര്‍ക്കും ജോലി ചെയ്യണം. ജീവിക്കണം. അത് സത്യമായ ഒരു കാര്യമാണ്. ഒരാള്‍ എത്ര തെറ്റ് ചെയ്താലും അയാള്‍ക്കൊരു ജീവിതമുണ്ട്. പക്ഷെ, ഈ കേസിന് വേണ്ടി എന്തിന് സഹായിക്കുന്നു? കുറ്റം ചെയ്ത ഒരാളെ ഒളിവില്‍ പോകാന്‍ സഹായിക്കുന്നു. എന്റെ കേസിനെ ബലഹീനമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പരസ്പരസമ്മതത്തോടെയാണെന്ന് വരുത്താനാണ് അവര്‍ ശ്രമിക്കുന്നത്. എനിക്ക് 32 വയസായി. ഇത് കണ്‍സെന്‍ഷ്വല്‍ എന്നൊക്കെ പറഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. ആ ലെവലിലേക്ക് ഇത് കൊണ്ടുപോകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. എനിക്കൊരു ജീവിതമില്ലേ? എന്റെ ജീവിതത്തെ ഇത് ബാധിക്കില്ലേ? ഞാന്‍ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. എന്തുകൊണ്ടാണ്? ജീവിതം അത്രയ്ക്കും കൈവിട്ടുപോയി എന്ന ചിന്ത കൊണ്ടാണ്.

ആത്മഹത്യാശ്രമം നടത്തി ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ തന്നെ ഷബ്‌ന എന്നെ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ കൊണ്ടുപോയി. മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. അന്ന്‌ എന്നെ ഒരു ബുള്ളറ്റുമായിട്ടാണ് രാഹുല്‍ താരതമ്യം ചെയ്തത്. ഈ നാട്ടില്‍ നടക്കുന്ന സഹജമായ കാര്യമാണെന്ന്. രാഹുല്‍ എന്നെ ഉദാഹരിച്ചത് ഇങ്ങനെയാണ്; ഞാന്‍ ഒരു ബുള്ളറ്റോടിച്ചുപോകുന്നു, റോഡിലൂടെ ഒരുപാട് വണ്ടികള്‍ പോകുന്നു. ബുള്ളറ്റില്‍ നിന്ന് പൊലൂഷനുണ്ടാകുന്നു. പൊലീസുകാര്‍ കൈ കാണിച്ച് നിര്‍ത്തിയിട്ട് ഫൈന്‍ വാങ്ങുന്നു. ഞാന്‍ നോക്കുമ്പോള്‍ അപ്പുറത്തുകൂടി വലിയ വണ്ടികള്‍ പുകയടിച്ച് പോകുന്നു.’ കല്യാണം കഴിച്ച സ്ത്രീകളും പുരുഷന്‍മാരും മറ്റ് പലരുടേയും ഒപ്പം പോകുന്നുണ്ടെന്നും അതുപോലെ ഇതിനെ കണ്ടാല്‍ മതിയായിരുന്നെന്നും അയാള്‍ പറഞ്ഞു. എന്റെ ജീവിതം നശിച്ചു, എന്തിന് അയാളുടെ ജീവിതം നശിപ്പിക്കണമെന്ന് രാഹുല്‍ എന്നോട് ചോദിച്ചു. എനിക്ക് ഇത് മറക്കാന്‍ രണ്ട് മാസം മതിയെന്നാണ് രാഹുലിന്റെ അമ്മ എന്നോട് പറഞ്ഞത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് നടത്തിയ ഇടപെടലുകള്‍ എന്തൊക്കെയാണ്?

മാര്‍ട്ടിന്‍ പ്രക്കാട്ടാണ് രാഹുലിന് വേണ്ടി വലിയ വക്കീലിനെ വെച്ച് വാദിച്ചത്. അഭിഭാഷകന്‍ ഉഭയസമ്മതത്തോടെയാണിത് നടന്നതെന്നല്ലേ വാദിക്കുകയുള്ളൂ. ഒളിവില്‍ പോകാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സഹായിച്ചു. രാഹുലിന് വേണ്ടി എല്ലാം ചെയ്തുകൊടുക്കുന്നുണ്ട്. എന്റെയടുത്ത് അദ്ദേഹം പറഞ്ഞതാണ് ‘ആദ്യം അറിയാതെയാണ് രാഹുലിനെ സഹായിച്ചത്. അറിഞ്ഞതിന് ശേഷം സഹായിച്ചിട്ടില്ല. എന്റെ ഭാര്യ പോലും ഇതില്‍ ഇടപെടരുതെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും ഞാന്‍ അവനെ സഹായിക്കില്ല’ എന്ന്. അതിന് ശേഷവും മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെയാണ് അതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത്. അല്ലെങ്കില്‍ രാഹുലിന്റെ വിചാരണയ്ക്ക് വേണ്ടി ഇത്രയും വലിയ ഒരു ക്രിമിനല്‍ അഭിഭാഷകനെ വെയ്ക്കില്ല. അയാള്‍ക്ക് വേണ്ടി ഇത്രയും വലിയൊരു വക്കീല്‍ എവിടെ നിന്നാണ് വാദിക്കാന്‍ വരുന്നത്. അതിനെ നേരിടാനുള്ള സാമ്പത്തിക ശേഷി രാഹുലിനില്ല. എനിക്കുമില്ല. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നെ നേരിട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ വെച്ച് മൂന്ന് നാല് തവണ സംസാരിച്ചിട്ടുണ്ട്. ‘കേസില്‍ നിന്ന് പിന്മാറണം, രാഹുലിന് എന്തായാലും ശിക്ഷ കിട്ടും, രാഹുലിന്റെ ലൈഫ് പോകും, അതുകൊണ്ട് നിങ്ങള്‍ രണ്ടുപേരും കൂടി ഒരുമിച്ചൊരു ജീവിതത്തേക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്’ എന്നൊക്കെ ആദ്യം പറഞ്ഞു. വിവാഹനാടകവുമായി വന്നു. എന്നെ വിശ്വസിപ്പിച്ചു. രാഹുല്‍ ആത്മഹത്യ ചെയ്യുമെന്ന് അവന്റെ അമ്മയും ഷബ്‌നയും പറഞ്ഞു. അപ്പോള്‍ രണ്ടാമതൊരു അവസരം കൊടുക്കണോ വേണ്ടയോ എന്ന് ഞാന്‍ ചിന്തിച്ചു. രാഹുലിനെ കരിയറില്‍ നിന്ന് ഔട്ട് ആക്കാന്‍ പോകുകയാണെന്നും ഇനി കൂടെ നിര്‍ത്തില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു. വൈകാരികമായി എന്നെ തളര്‍ത്തി. വിവാഹത്തിന് വേണ്ടി എന്റെ വീട്ടില്‍ സംസാരിക്കാമെന്നും കല്യാണം ഉറപ്പിക്കാമെന്നും പറഞ്ഞു. ഇതൊന്നും നടക്കില്ലെന്ന് തോന്നിയപ്പോള്‍ ഭീഷണിയായി. ആ സമയത്ത് കേസ് അന്വേഷണം നടക്കുകയായിരുന്നു. കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ചാര്‍ജ്ഷീറ്റ് കൊടുത്തുകഴിഞ്ഞതിന് ശേഷം ഇവരുടെ പെരുമാറ്റ രീതി മാറി. എന്റെയടുത്ത് മയത്തില്‍ പെരുമാറിയത് മറ്റ് ലക്ഷ്യങ്ങളോടെയായിരുന്നു. ഞാന്‍ ഐജിയുടെ അടുക്കല്‍ പരാതിപ്പെടാന്‍ പോകുകയാണെന്ന് പറഞ്ഞതിന്റെ പേടി അവര്‍ക്ക് മുന്‍പുണ്ടായിരുന്നു. തന്റെ പേര് വരുമോ? മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ പേരു വരുമോ എന്നെല്ലാം ഷബ്‌ന എന്നോട് ചോദിച്ചു. ഡിസിപി പൂങ്കുഴലിയ്ക്ക് ഇതെല്ലാം അറിയാമായിരുന്നു. അവരോട് പരാതിപ്പെട്ടിരുന്നു. തങ്ങളുടെ പേര് പുറത്തുവരുമോ ഇമേജിനെ ബാധിക്കുമോ എന്നാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റേയും ഷബ്‌നയുടേയും പേടി.

കേസ് അറിഞ്ഞപ്പോള്‍ തന്നെ രാഹുലിനെ പറഞ്ഞുവിട്ടു എന്നാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അങ്ങനെ പറഞ്ഞുവിട്ടയാള്‍ ഇപ്പോഴും മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം നടക്കില്ലല്ലോ. ഫെബ്രുവരി 11ന് വ്യാഴാഴ്ച്ചയാണ് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കിയത്. രാഹുലിനേയും മാര്‍ട്ടിന്‍ പ്രക്കാട്ടിനേയും ഫെബ്രുവരി 10ന് ഒരുമിച്ച് കണ്ടെന്ന് എന്നോട് പലരും പറഞ്ഞു.

ജാമ്യം റദ്ദാക്കുമെന്ന് മുന്‍കൂട്ടി കരുതി രാഹുല്‍ കോടതിയില്‍ ഹാജരാകാതെ ആബ്‌സന്റ് നോട്ടീസിട്ടു. അവിടെ വെച്ച് അറസ്റ്റുണ്ടാകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്നാണ് ഞാന്‍ അറിഞ്ഞത്. അത്രയും സമയമുണ്ടായിട്ടും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തില്ല.

താങ്കളുടെ അറിവില്‍ എത്ര പേരെ പ്രതി വഞ്ചിച്ചിട്ടുണ്ടാകും?

മുന്നോട്ടുവരാത്ത ഒരാള്‍ കൂടിയുണ്ട്. അവര്‍ ഇപ്പോള്‍ വിവാഹിതയാണ്. വിവാഹജീവിതം നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കില്ല. മറ്റൊരു പെണ്‍കുട്ടിക്കും ഇങ്ങനൊരു അവസ്ഥ വരരുതെന്ന് വിചാരിച്ചാണ് ഞാന്‍ കേസ് കൊടുത്തത്. മൊഴി നല്‍കിയ പയ്യന്‍ ഇടപ്പള്ളി സ്വദേശിനിയായ ഒരു പെണ്‍കുട്ടിയേക്കുറിച്ച് പറയുന്നുണ്ട്. എനിക്ക് ആ ആളെ അറിയില്ല. ഇവരൊക്കെ രാഹുലിന്റെ കൂടെ വര്‍ക്ക് ചെയ്തവരാണ്‌.

എളമക്കര സ്റ്റേഷനില്‍ പരാതി കൊടുത്തതിനേത്തുടര്‍ന്ന് മൊഴിയെടുത്ത ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്?

എസ്എച്ച്ഒ ഡി ദീപു, വര്‍ഗീസ് എന്നിവര്‍.

ഞാനൊരു കേസ് കൊടുത്തു, ഇത്രയും ശക്തരായ ആളുകള്‍ക്കെതിരെയാണ് കേസ് മുന്നോട്ടുകൊണ്ടുപോകേണ്ടത്. അവര്‍ രാഹുലിനെ പിന്തുണയ്ക്കുന്നിടത്തോളം എനിക്ക് ന്യായമായ ഒരു വിധി കിട്ടാന്‍ ബുദ്ധിമുട്ടാണ്. എന്റെ കേസ് ദുര്‍ബലമാക്കാന്‍ ശ്രമം നടക്കുകയാണ്. പൊലീസ് പോലും എന്റെ കേസില്‍ അവര്‍ സ്വീകരിക്കേണ്ട നിലയല്ല സ്വീകരിച്ചത്. ഞാന്‍ പരാതി കൊടുത്ത സമയത്ത് തന്നെ കൊടുത്ത വിവാഗവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന മറ്റ് കേസുകളില്‍ പെട്ടെന്ന് തന്നെ പ്രതിയെ പിടിച്ച് വേണ്ട നടപടികളെടുത്തു. എന്റെ കേസില്‍ മാത്രം എന്തുകൊണ്ട് അതുണ്ടായില്ല? എളമക്കര പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ ഇങ്ങനെ പറഞ്ഞു. ‘രാഹുലുമായി നേരിട്ട് പരിചയമില്ലാത്ത ഒരു രാഷ്ട്രീയനേതാവ് വിളിച്ചു. ഇത്ര കടുകട്ടിക്ക് റിപ്പോര്‍ട്ട് കൊടുക്കാന്‍ പാടില്ല. രാഹുലിനെ സഹായിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങളോട് പറഞ്ഞു’.

ഭരണകക്ഷി നേതാവാണോ?

അങ്ങനെ തോന്നുന്നു. എനിക്ക് കൃത്യമായി അറിയില്ല. ആ നേതാവിന് മാര്‍ട്ടിന്‍ പ്രക്കാട്ടുമായി ബന്ധമുണ്ടായിരിക്കാം. ആദ്യത്തെ ജാമ്യം ക്യാന്‍സലായപ്പോള്‍ രാഹുലിന് വേണ്ടി ഒരു രാഷ്ട്രീയ നേതാവ് വിളിച്ചെന്നാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അവന്റെ കാര്യത്തില്‍ ഇടപെടരുതെന്ന് രാഷ്ട്രീയനേതാവിനോട് പറഞ്ഞിട്ട് താന്‍ കോള്‍ ഡിസ്‌കണക്ട് ചെയ്‌തെന്നും ഉദ്യോഗസ്ഥന്‍ തുറന്നുപറഞ്ഞു.

എന്തുകൊണ്ടായിരിക്കും ഇത് വലിയ വാര്‍ത്തയാകാതിരുന്നത്?

ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. അവ പിന്‍വലിക്കാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ഇടപെട്ടത്. നേരിട്ട് ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചു. ഒരു ചാനലില്‍ വന്ന് ഉടന്‍ തന്നെ അത് മാറ്റിച്ചു.

ഡബ്ലിയുസിസി പോലെ ഒരു സംവിധാനമുണ്ടായിട്ട് എന്തുകൊണ്ട് അവരുടെയടുത്ത് സഹായം അഭ്യര്‍ത്ഥിച്ച് പോയില്ല?

ഡബ്ലിയുസിസിയില്‍ ഞാനെന്തിന് പോകണം? ഡബ്ലിയുസിസിയില്‍ അധികാരസ്ഥാനത്തുള്ള ഒരാള്‍ ഷബ്‌ന മുഹമ്മദിന്റെ വളരെ അടുത്ത സുഹൃത്താണ്. അവര്‍ ഞാന്‍ പറയുന്നതാണോ അതോ ഷബ്‌ന പറയുന്നതാണോ വിശ്വസിക്കുക? വെറുതെ നാണംകെടാനായി ഞാന്‍ എന്തിനവിടെ പോകണം? നടിമാര്‍ക്ക് എന്തെങ്കിലും പ്രശ്‌നം വന്നാല്‍ മാത്രമേ അവര്‍ ‘റെഫ്യൂസ് ദ അബ്യൂസ്’ എന്നൊക്കെ പറയുകയുള്ളൂ. ഒരു സാധാരണക്കാരിക്കെതിരെ ഇത് വരുമ്പോള്‍ അവര്‍ എന്തായാലും ഇത് പറയാന്‍ പോകുന്നില്ല.

മാധ്യമങ്ങളിലൂടെ പ്രതികരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതിയതല്ല. എന്റെ കേസ് ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് നിങ്ങളോട് സംസാരിക്കുന്നത്. മറുവശത്ത് രാഹുലിനെ സഹായിക്കാന്‍ പണവും സ്വാധീനവും ഉള്ളവരുണ്ട്.

Also Read: ബലാത്സംഗക്കേസ് പ്രതിയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റായിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന് ഇരയായ യുവതി; പ്രതിയായ സഹസംവിധായകനെ സംരക്ഷിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്ത്

മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നത്

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,

2018 ഏപ്രില്‍ 29ന് രാഹുല്‍ സി ബി ഇടുപ്പെല്ലിന് തകരാറുള്ള എന്നെ ബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം ഇയാള്‍ എന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കി. വിവാഹവാഗ്ദാനം നല്‍കി എന്നെ ലൈംഗീകമായി ചൂഷണം ചെയ്യല്‍ ഇയാള്‍ തുടരുകയും ഒടുവില്‍ വഞ്ചിക്കുകയും ചെയ്തു. എന്റെ ലാപ്‌ടോപ്പും സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയും തട്ടിയെടുത്തു.

2020 ജൂലൈ 11ന് ഞാന്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ക്രൈം നമ്പര്‍ 550/2020ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 417, 376 (2) വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പ്രതി സെഷന്‍സ് കോടതിയെ സമീപിച്ചു. ബഹു: കോടതി പ്രതി എന്നോട് ചെയ്ത അതിക്രമത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ജാമ്യഹര്‍ജി തള്ളി. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയമായതിനാലും ജയിലില്‍ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതുകൊണ്ടും കേസിന്റെ മെറിറ്റ് നോക്കാതെ ഹൈക്കോടതി കുറ്റാരോപിതന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ മൂന്നാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്:

‘അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണം. നേരിട്ടോ അല്ലാതെയോ, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ കോടതിയോടോ പൊലീസ് ഉദ്യോഗസ്ഥനോടോ വെളിപ്പെടുത്തുന്നതില്‍ നിന്നും ആരേയും തടയുവാനോ ഭീഷണിപ്പെടുത്തുവാനോ, പ്രലോഭിപ്പിക്കാനോ, പ്രേരിപ്പിക്കുവാനോ പാടില്ല’

കേസിന്റെ തുടക്കം മുതല്‍ തന്നെ പ്രതി രാഹുലിന്റെ സുഹൃത്തായ ഷബ്‌ന മുഹമ്മദ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുകൊണ്ടിരുന്നു. ജാമ്യം കിട്ടിയതിന് ശേഷം പ്രതിയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഇതിനിടെ എന്നെ വഞ്ചിച്ച അതേ രീതിയില്‍ മലബാര്‍ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ വഞ്ചിച്ചെന്ന് ഞാന്‍ അറിഞ്ഞു. ഒരേ സമയത്ത് പല സ്ത്രീകള്‍ക്ക് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കിയിരുന്നു. പ്രതിയുടെ സുഹൃത്തുക്കള്‍ എന്റെ പരിചയക്കാര്‍ക്കിടയില്‍ എനിക്കെതിരെ അപവാദപ്രചാരണം നടത്താന്‍ ആരംഭിച്ചു. എന്റേത് കള്ളക്കേസാണെന്ന് ആരോപിച്ച് തേജോവധം ചെയ്തു. ഇതെല്ലാം കൂടിയായപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 21-ാം തീയതി പുലര്‍ച്ചെ എന്നെ ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന സമയത്ത് എന്നെ ഷബ്‌ന മുഹമ്മദ് വിളിച്ചു. ഞാന്‍ രാഹുലിനോട് സംസാരിക്കണമെന്നായിരുന്നു അവരുടെ ഏറ്റവും ആദ്യത്തെ പ്രതികരണം. ഇതേ രാഹുല്‍ കാരണമാണ് ഞാന്‍ വിഷാദ അവസ്ഥയിലെത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തതെന്ന കാര്യം കണക്കിലെടുക്കാതെയായിരുന്നു ആ ഇടപെടല്‍. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീ ജയിലില്‍ പോകുമെന്ന് പൊലീസ് രാഹുല്‍ തന്നോട് പറഞ്ഞെന്ന് ഷബ്‌ന സൂചിപ്പിച്ചു. നിയമനടപടികള്‍ക്ക് പുറത്ത് ഒരു ചര്‍ച്ച നടത്താമെന്ന് മെസ്സേജ് അയച്ചു.

ഞാന്‍ ആശുപത്രി വിട്ട ദിവസം ഷബ്‌ന എന്റെ ഫ്‌ളാറ്റിലെത്തി മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റിലേക്ക് ചെന്ന് പ്രക്കാട്ടിനെ കാണണമെന്ന് നിര്‍ബന്ധിച്ചു. തീരെ വയ്യായിരുന്നെങ്കിലും എന്നെ അവര്‍ അവിടേക്ക് കൊണ്ടുപോയി. മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടായിരുന്നെന്ന് അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസിലായത്. അവര്‍ മൂന്ന് പേരും ചേര്‍ന്ന് നേരിട്ടും അല്ലാതേയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ഉറപ്പായും ജയിലില്‍ പോകുമെന്നും ഞാന്‍ പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അവര്‍ എന്നെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചു. ലോക് ഡൗണ്‍ സമയത്ത് വിഷയം മുഴുവനായി താന്‍ അറിഞ്ഞെന്നും പക്ഷെ ഞാന്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാര്‍ട്ടിന്‍ പ്രക്കാട്ട് പറഞ്ഞു. സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും പ്രക്കാട്ട് എന്നോട് പറഞ്ഞു. രാഹുലിന്റെ മോശം പ്രവൃത്തികളേക്കുറിച്ചും ഒരേ സമയത്ത് പല സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതിനേക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നും പ്രക്കാട്ട് എന്നോട് പറയുകയുണ്ടായി. മുന്‍കൂര്‍ ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് ഒഴിവാക്കാന്‍ താന്‍ കാക്കനാട്, മൂവാറ്റുപുഴ, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ രാഹുലിനെ സഹായിച്ചതിനേക്കുറിച്ചും മാര്‍ട്ടിന്‍ പ്രക്കാട്ട് വെളിപ്പെടുത്തി. കേസ് തന്നേയും ബാധിക്കുമെന്നും നിയമനടപടിയില്‍ നിന്ന് പിന്മാറുകയോ രാഹുലിന് അനുകൂലമായി മൊഴി തിരുത്തുകയോ വേണമെന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നോട് അഭ്യര്‍ത്ഥിച്ചു.

2020 സെപ്റ്റംബര്‍ രണ്ടാമത്തെ ആഴ്ച്ച പ്രതി കലൂര്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് എന്നെ കണ്ടു. കേസ് പിന്‍വലിക്കണമെന്നും തനിക്കെതിരെ നല്‍കിയ പരാതി കള്ളപ്പരാതിയാണെന്ന് എളമക്കര പൊലീസ് സ്റ്റേഷന്‍ എസ്എച്ചഒയോട് പറയണമെന്നും രാഹുല്‍ നിര്‍ബന്ധിച്ചു. അന്വേഷണസംഘത്തിന് മുന്‍പാകെ ഒപ്പിടേണ്ടതിന് മുന്നേ തന്നെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.

കുറ്റാരോപിതനായ രാഹുല്‍ മലയാളം സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. രാഹുലിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാര്‍ട്ടിന്‍ പ്രക്കാട്ടും സഹപ്രവര്‍ത്തകയായ ഷബ്‌നയും രാഹുലിന്റെ അമ്മയും മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ പല തവണ എന്നെ കണ്ട് കൂടിക്കാഴ്ച്ച നടത്തി. അന്വേഷണം തുടരുന്നതിനാല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനോ പ്രതിയായ രാഹുലിനോ എന്റെ ഫ്‌ളാറ്റ് സന്ദര്‍ശിക്കാന്‍ പാടില്ലാത്തതിനാല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ഫ്‌ളാറ്റില്‍ ചെന്ന് കാണാന്‍ അവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. അന്വേഷണം അവസാനിച്ച ഒക്ടോബര്‍ 29ന് രാത്രി പ്രതി എന്റെ അടുക്കലെത്തി. ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റിന് കീഴിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍ ഞാന്‍. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ എന്നോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് പിന്‍വലിക്കുകയോ മൊഴി മാറ്റുകയോ ചെയ്തില്ലെങ്കില്‍ തകരാറുള്ള എന്റെ ഇടുപ്പെല്ല് തകര്‍ക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. മുന്‍പത്തേപോലെ കേസിന് പിന്നാലെ ഓടാന്‍ ഇനി നിനക്ക് പറ്റില്ലെന്നും പറഞ്ഞു. രാഹുല്‍ എന്നെ അപായപ്പെടുത്തുമെന്ന് ഞാന്‍ ഭയന്നു. മാര്‍ട്ടിന്‍ പ്രക്കാട്ടിന് വേണ്ടി പല കാര്യങ്ങളും ചെയ്തതിനേക്കുറിച്ചും പ്രശ്‌നമുണ്ടാകുമ്പോള്‍ ആളുകളെ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചും രാഹുല്‍ എന്നോട് പറഞ്ഞത് ഞാനോര്‍ത്തു. എന്നെ ഉപദ്രവിക്കുമെന്ന ഭയത്തില്‍ ഞാന്‍ കരഞ്ഞു. അവിടെ നിന്ന് പോകാന്‍ ശ്രമിച്ചു. തനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ഇപ്പോള്‍ മുന്നില്‍ നിന്ന് പോയാല്‍ പുറകേ എന്റെ ഫ്‌ളാറ്റിലേക്ക് വരുമെന്നും മുന്‍പ് എന്നെ ചെയ്തത് വീണ്ടും ചെയ്യുമെന്നും പറഞ്ഞു. എന്റെ ഇടംകൈയിലേക്കും മാറിടത്തിലേക്കും നോക്കിക്കൊണ്ടായിരുന്നു അത് പറഞ്ഞത്. കേസ് പിന്‍വലിച്ചില്ലെങ്കില്‍ എന്റെ അറിവോടെയല്ലാതെ പകര്‍ത്തിയ എന്റെ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്നും ജീവിതം തകര്‍ത്തുകളയുമെന്നും ഞാന്‍ നാണം കെട്ട് മരിക്കുമെന്നും ഭീഷണിപ്പെടുത്തി. രാഹുലിന്റെ കൈയില്‍ ചിത്രങ്ങളുണ്ടോ, എന്നെ ഭീഷണിപ്പെടുത്താന്‍ പറഞ്ഞതാണോയെന്ന് അറിയില്ല. ഞാന്‍ ഉറക്കെ കരഞ്ഞു. പിറ്റേന്ന് ഓഫീസില്‍ പോകാന്‍ എനിക്ക് ഭയമായിരുന്നു. എന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോയെന്ന് ഭയമുണ്ടായിരുന്നു. ഞാന്‍ ഫ്‌ളാറ്റിലെത്താന്‍ വ്യത്യസ്ത സമയവും വഴികളും തെരഞ്ഞെടുത്തു. എന്റെ ചിത്രങ്ങള്‍ എന്തെങ്കിലും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ബ്രൗസ് ചെയ്ത് നോക്കി. പുറത്തുപോകാന്‍ എനിക്ക് ഭയമായിരുന്നു. ഈ സംഭവത്തിന് ശേഷം മിക്ക ദിവസവം ഞാന്‍ ലീവെടുത്തു. പ്രതിയുടെ ഈ പ്രവൃത്തി എനിക്ക് മരണഭയമുണ്ടാക്കി. പാനിക് അറ്റാക്കുണ്ടായതിനേത്തുടര്‍ന്ന് നവംബര്‍ 11ന് എന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലിനെതിരെ ഞാന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. 815/2020 ക്രൈം നമ്പറില്‍ 294 (ബി), 504, 506, 354-ഡി വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മേല്‍ പറഞ്ഞ വസ്തുതകള്‍ ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഞാന്‍ വിശദമായ 164 മൊഴി നല്‍കിയിട്ടുണ്ട്.

മണി പവറും മസില്‍ പവറുമുള്ള പ്രതി അടുപ്പക്കാരുടെ സഹായത്തോടെ എന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയുമാണ്. മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള പ്രതിക്ക് രാഷ്ട്രീയ സ്വാധീനവുമുണ്ട്. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പ്രതിയ്‌ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ സുഹൃത്തുക്കളും എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി. ജാമ്യം നല്‍കിയപ്പോള്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച മൂന്നാമത്തെ നിബന്ധന പ്രതി ലംഘിച്ചു.

ശക്തരായ ഇവരോട് ഒറ്റയ്ക്ക് പോരാടാന്‍ ഞാന്‍ നിസ്സഹായ ആയിരുന്നു. നീതിക്ക് വേണ്ടി ഒരു അഭിഭാഷകനെ സമീപിക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഫെബ്രുവരി 11ന് കോടതി ഉത്തരവായി. ഓഗസ്റ്റ് 17ന് ഹൈക്കോടതി നല്‍കിയ ജാമ്യം മജിസ്‌ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.

ഇതുവരേയ്ക്കും പ്രതിയ്‌ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. മാത്രമല്ല, പ്രതിയ്ക്ക് നീതിന്യായ വ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടാന്‍ തക്ക വിധത്തില്‍ സമയം അനുവദിച്ചുകൊടുക്കുകയും ചെയ്തു. ഞാന്‍ കേസ് കൊടുത്ത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. അറിയപ്പെടുന്ന, പണവും സ്വാധീനവുമുള്ള ഒരു സെലിബ്രിറ്റിയുടെ പിന്തുണയുള്ള പ്രതിയ്‌ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പൊലീസ് ഒരിക്കലും തയ്യാറായിരുന്നില്ല.

ഇരയായ ഞാന്‍ നീതികിട്ടുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മിജസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ഭരണകൂടസംവിധാനം നീതി ഉറപ്പാക്കിത്തരണമെന്ന് അഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു.

Next Story

Popular Stories