‘ചലച്ചിത്ര മേള വിവാദം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്’; സലീം കുമാറിനെ രാഷ്ട്രീയമായി നേരിടേണ്ടി വന്നെന്ന് കമല്‍

ചലച്ചിത്ര മേള വിവാദം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉണ്ടായതാണെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തനിക്ക് രാഷ്ട്രീയമുണ്ടെന്ന് സലീം കുമാര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ സിനിമ എന്നതിനേക്കാള്‍ സലീം കുമാറിനെ രാഷ്ട്രീയമായി നേരിടേണ്ടി വന്നു എന്നും കമല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

മേളയിലെ ചെറിയ പ്രശ്‌നങ്ങള്‍ പോലും വലിയ അപരാധമായാണ് കണ്ടത്. എങ്കിലും താന്‍ വീഴ്ച്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കമല്‍ വ്യക്തമാക്കി.

‘ചലച്ചിത്ര മേളയെ കുറിച്ചുള്ള വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യഖ്യാനിക്കുകയായിരുന്നു. രാഷ്ട്രീയമുണ്ടെന്ന് സലീം കുമാര്‍ തന്നെയാണ് പറഞ്ഞത്. അതോടെ സലീം കുമാറിനെ രാഷ്ട്രീയമായി തന്നെ നേരിടേണ്ടി വന്നു. സലീം കുമാര്‍ ഇല്ലെന്ന് ടിനി ടോം തമാശക്ക് പറഞ്ഞതാണ്. മറ്റൊരു പട്ടികില്‍ സലീം കുമാറിന്റെ പേരുണ്ടായിരുന്നു. എങ്കിലും വീഴ്ച്ചകളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്.’

കമല്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊച്ചി എഡിഷനില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് പറഞ്ഞ് നടന്‍ സലീം കുമാര്‍ രംഗത്തെത്തിയിരുന്നു. ദേശീയ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടുന്ന ഉദ്ഘാടന ചടങ്ങില്‍ തന്നെ വിളിച്ചില്ലെന്നായിരുന്നു ആരോപണം. തനിക്ക് പ്രായക്കൂടുതല്‍ ഉള്ളതിനാലാണ് വിളിക്കാത്തതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും സലീം കുമാര്‍ വ്യക്തമാക്കിയിരുന്നു. ഉദ്ഘാടനത്തിന് വിളിക്കാത്തതിനാല്‍ താന്‍ സമാപന ചടങ്ങിലും പങ്കെടുക്കുന്നില്ലെന്നും സലീം കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം ഐഎഫ്എഫ്‌കെ കൊച്ചി ഉദ്ഘാടന ചടങ്ങില്‍ നിന്ന് സലീംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്ന് കമല്‍ ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയമായി മാറ്റി നിര്‍ത്താവുന്ന ആളല്ല സലീംകുമാര്‍. സലീംകുമാറിനെ ഒഴിവാക്കിക്കൊണ്ട് എറണാകുളത്ത് ഒരു മേള സാധ്യമല്ല. അദ്ദേഹത്തെ വിളിക്കാന്‍ വൈകിയിട്ടുണ്ടാകും. എന്നാല്‍ ഒഴിവാക്കിയിട്ടില്ല. സലീംകുമാറിന് ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കും. അദ്ദേഹത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയുണ്ട്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നുമായിരുന്നു കമലിന്റെ പ്രതികരണം.

Latest News