‘ആറാട്ട് ഒരു പക്കാ മാസ് ചിത്രമായിരിക്കും, പൊളിറ്റിക്കല്‍ കറക്ട്‌നെസ് മൗലീകവാദമായി മാറരുത് ‘; ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും

മോഹൻലാല്‍ നായകനാകുന്ന ‘ആറാട്ട്’ നല്ല ബഡ്ജറ്റ് ആവശ്യമുളള സിനിമയാണെന്നും അതിനാല്‍ ചിത്രം തിയേറ്ററിലൂടെ തന്നെ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് ആവശ്യമാണെന്നും എന്നാല്‍ മൗലീകവാദമായി മാറരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തിയേറ്റര്‍ തുറന്ന് എല്ലാവര്‍ക്കും ധൈര്യമായി വന്നു കാണാനാകുന്ന അവസ്ഥയായതിനുശേഷം മാത്രമേ ആറാട്ട് റിലീസാവുകയുളളു. ഇത് ഒരു ബിഗ് ബഡ്ജറ്റഡ് ചിത്രമാണ്.

ബി ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ആറാട്ട്’ ഒരു പക്കാ മാസ് സിനിമായിരിക്കുമെന്നും ചിത്രത്തില്‍ മോഹന്‍ലാലിന്റെ നിറഞ്ഞാട്ടമായിരിക്കുമെന്നും തിരക്കഥാകൃത്ത് ഉദയകൃഷ്ണ പറഞ്ഞു. എന്നാല്‍ ആറാട്ടില്‍ യാതൊരുവിധ സ്ത്രീ വിരുദ്ധതയോ ജനാധിപത്യ വിരുദ്ധതയോ ഉണ്ടാവില്ലെന്നും ചിത്രം കുടുംബത്തോടെ കാണാവുന്നതായിരിക്കുമെന്നും ഉദയകൃഷ്ണ ഉറപ്പ് നല്‍കി.

‘ സ്ത്രീപക്ഷ ചിന്തകളും പെളിച്ചെഴുത്തുകളും നല്ലതാണ് അതുകൊണ്ട് നമ്മുടെ സൃഷ്ടികള്‍ മെച്ചപ്പെടും. എന്നാല്‍ അത് മൗലീകവാദമായി മാറരുത്. ചിലപ്പോഴെങ്കിലുമൊക്കെ അങ്ങനെ സംഭവിക്കുന്നുണ്ട്. സിനിമയിലെ സ്ത്രീപക്ഷ ചര്‍ച്ചകളെക്കുറിച്ച് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നീ വെറും പെണ്ണാണ് എന്ന ഡയലോഗിനു ജനം കയ്യടിക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് ജനം കയ്യടിക്കാത്തത് കൊണ്ട് ആത്തരം ഡയലോഗുകളുടെ സാധ്യത ഇല്ലാതാവുന്നു. ജാതിപ്പേര്, തൊഴിലിന്റെ പേരിലുളള ആക്ഷേപങ്ങള്‍ പഴയ സിനിമകഥില്‍ ഉണ്ടായിരുന്നു. ഇന്ന് അത് ആരും എഴുതില്ല. ജനാധിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ബോധ്യമുളള ഒരു തലമുറയോടാണ് ഇന്നത്തെ സിനിമ സംസാരിക്കുന്നത്. അത് മറന്ന ഒരെഴുത്തുകാരനും മുന്നോട്ടുപോകില്ലെന്നും സിനിമയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് ഉദയകൃഷ്ണ പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ആദ്യം മറ്റൊരു ചിത്രമായിരുന്നു ഇരുവരും പ്ലാൻ ചെയ്തത്. നാല്പതോളം ലൊക്കേഷനുകളിലായാണ് ചിത്രീകരകിക്കാൻ പദ്ധതിയിട്ടത്. എന്നാൽ കൊവിഡ് മൂലം ആ ചിത്രം ഉപേക്ഷിക്കുകയിരുന്നുവെന്നും അങ്ങനെയാണ് ആറാട്ടിലേക്ക് എത്തിയതെന്നും ഉദയകൃഷ്ണ പറയുന്നു.

മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ‘ആറാട്ട്’. നെയ്യാറ്റിൻകര ഗോപൻ എന്ന വ്യക്തി പാലക്കാട്ടിലെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. കഥ പറഞ്ഞ ഉടനെ മോഹൻലാലിന് ഇഷ്ടമായെന്നും ദൃശ്യം 2വിന്റെ സെറ്റിൽ വെച്ച് മുഴുവൻ സംഭാഷണങ്ങൾ പറഞ്ഞു കേൾപ്പിച്ചെന്നും സംവിധായകൻ പറയുന്നു. ആറാട്ട് പാലക്കാട്ടിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്.

Covid 19 updates

Latest News