’50 തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക്’; ജ്യോതിപ്രിയയ്ക്ക് ദിലീപ് ഘോഷിന്റെ മറുപടി

പശ്ചിമബംഗാളിലെ 50 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് വരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ അവകാശവാദം. തൃണമൂല്‍ വിട്ട എംഎല്‍എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.
ദിലീപ് ഘോഷ് പറഞ്ഞത് ഇങ്ങനെ: ”സംസ്ഥാനത്തെ ഒരു ബിജെപി ബൂത്ത് പ്രസിഡന്റിനെയെങ്കിലും ടിഎംസിയില്‍ ചേര്‍ക്കാന്‍ ഞാന്‍ ജ്യോതിപ്രിയ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാം. അടുത്തമാസം 50 തൃണമൂല്‍ എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേരും.” ചൊവ്വാഴ്ചയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തൃണമൂല്‍ വിട്ട എംപിമാരും എംഎല്‍എമാരും തിരിച്ച് പാര്‍ട്ടിയില്‍ ചേരുമെന്ന് ജ്യോതിപ്രിയ മാലിക് പറഞ്ഞത്.
ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ തങ്ങള്‍ക്കൊപ്പം ചേരൂയെന്ന് ഇടതുപക്ഷത്തോടും കോണ്‍ഗ്രസിനോടും കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് എംപി ആഹ്വാനം ചെയ്തിരുന്നു. മുതിര്‍ന്ന ടിഎംസി എംപി സൗഗാത റോയിയാണ് ഇക്കാര്യം പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൗഗാത റോയി പറഞ്ഞത് ഇങ്ങനെ: ”ഇടതുപക്ഷവും കോണ്‍ഗ്രസും ആത്മാര്‍ത്ഥമായി ബിജെപി വിരുദ്ധരാണെങ്കില്‍, അവരുടെ സാമുദായികവും ഭിന്നിപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ മമത ബാനര്‍ജിക്കൊപ്പം ചേരൂ.” ബിജെപിക്കെതിരായ മതേതര രാഷ്ട്രീയത്തിന്റെ യഥാര്‍ഥ മുഖം എന്നാണ് സൗഗാത റോയി മമതയെ വിശേപ്പിച്ചത്.
ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സഖ്യത്തിലാണ്. കഴിഞ്ഞ ഡിസംബറിലാണ് ഇടതുപക്ഷവുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അംഗീകാരം നല്‍കിയത്. ഇടതുപാര്‍ട്ടികളുമായി സഖ്യം വേണമെന്ന നിലപാട് കോണ്‍ഗ്രസ് ബംഗാള്‍ ഘടകം നേരത്തെ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം സോണിയ ഗാന്ധി എടുക്കട്ടെയെന്ന നിലപാടിലായിരുന്നു രാഹുല്‍. ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ പാര്‍ട്ടികള്‍ സീറ്റ് വിഭജന ചര്‍ച്ചകളിലാണ്.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ തന്നെ സിപിഐഎം കേന്ദ്രകമ്മിറ്റി അനുമതി നല്‍കിയിരുന്നു. വോട്ടിനിട്ടാണ് സിപിഐഎം കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് സഖ്യമാകാമെന്ന ധാരണയിലെത്തിയത്. എട്ട് അംഗങ്ങള്‍ വോട്ടിംഗില്‍ നിന്ന് വിട്ടുനിന്നിരുന്നു. തീരുമാനത്തെ കേരള ഘടകവും എതിര്‍ത്തിരുന്നില്ല. 2016ല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് സിപിഐഎം സംസ്ഥാന കമ്മിറ്റിയ്ക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും നിര്‍ദേശം കേന്ദ്രനേതൃത്വം അംഗീകരിച്ചിരുന്നില്ല.