‘തരൂര്‍ പറഞ്ഞത് കള്ളത്തരം’; ഡിജിറ്റല്‍ പ്രചാരണ വിവാദത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എംടി രമേശും ബിജെപി ഐടി സെല്ലും
ഏറ്റവും ശക്തമായ രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേജാണെന്ന ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി. തരൂരിനെ പരിഹസിച്ചും വെല്ലുവിളിച്ചും ബിജെപി നേതാവ് എം ടി രമേശും ബിജെപി ഐടി സെല്ലും രംഗത്തെത്തി. തരൂര്‍ പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസ് സൈബര്‍ ടീമിലെ തമ്മിലടി മറയ്ക്കാനുള്ള ശ്രമമാണ് ഇതെന്നും ബിജെപി ഐടി സെല്ലിന്റെ ചുമതലയുള്ള മിഥുന് വിജയ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരാഴ്ച്ചയ്ക്കിടെ 27 ലക്ഷം എന്ഗേജ്മെന്റുണ്ടാക്കിയെന്ന കണക്ക് കള്ളമാണ്. ഗ്രാഫിക് […]

ഏറ്റവും ശക്തമായ രീതിയില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേജാണെന്ന ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി. തരൂരിനെ പരിഹസിച്ചും വെല്ലുവിളിച്ചും ബിജെപി നേതാവ് എം ടി രമേശും ബിജെപി ഐടി സെല്ലും രംഗത്തെത്തി. തരൂര്‍ പുറത്തുവിട്ട കണക്കുകള്‍ കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസ് സൈബര്‍ ടീമിലെ തമ്മിലടി മറയ്ക്കാനുള്ള ശ്രമമാണ് ഇതെന്നും ബിജെപി ഐടി സെല്ലിന്റെ ചുമതലയുള്ള മിഥുന് വിജയ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരാഴ്ച്ചയ്ക്കിടെ 27 ലക്ഷം എന്ഗേജ്മെന്റുണ്ടാക്കിയെന്ന കണക്ക് കള്ളമാണ്. ഗ്രാഫിക് ഡിസൈനറെ കൊണ്ട് വരച്ചുണ്ടാക്കിയ ചിത്രമാണ് തരൂര്‍ പുറത്തുവിട്ടതെന്നും ബിജെപി ഐടി സെല്‍ ആരോപിച്ചു. ‘തരൂര്‍ പറഞ്ഞ കള്ളത്തരങ്ങളുടെ വസ്തുത ഇതാണ്’ എന്ന ക്യാപ്ഷനോടെ എം ടി രമേശ് ഐടി സെല്ലിന്റെ പ്രതികരണം പങ്കുവെച്ചു.
ഈ ഫലം കിട്ടാന്‍ വേണ്ടി ഉപയോഗിച്ച കോംപറ്റീറ്റര്‍ അനാലിസിസ് ടൂള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ ശശി തരൂരിനേയും അദ്ദേഹത്തിന്റെ ടീമിനേയും വെല്ലുവിളിക്കുന്നു. അല്ലാത്ത പക്ഷം, കോണ്‍ഗ്രസ് സൈബര്‍ തങ്ങളുടെ പിടിപ്പുകേട് മറച്ചുവെയ്ക്കാന്‍ തെറ്റായ പ്രചരണം നടത്തുന്ന വെറും നുണയാന്മാരുടെ സംഘമാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരും.
മിഥുന് വിജയ് കുമാര്‍
ഇലക്ഷന് പ്രചരണ കാലയളവില്‍ അനില്‍ കെ ആന്റണിയും പ്രൊഷണല്‍ കോണ്‍ഗ്രസ് നേതാവ് മാത്യു ആന്റണിയും ചേര്‍ന്ന് കൈകാര്യം ചെയ്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള ഫേസ്ബുക്ക് പേജ് 250ലധികം പോസ്റ്റുകളുമായി 27 ലക്ഷം എന്ഗേജ്മെന്റുകള് സൃഷ്ടിച്ചെന്ന് തരൂര്‍ അവകാശപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്രചരണത്തിന്റെ ഫലപ്രാപ്തിയേച്ചൊല്ലി കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ കോണ്‍ഗ്രസ് സൈബര്‍ ടീമും അനിലുമായി തര്‍ക്കം തുടരവെയാണിത്.
തരൂരിന്റെ കണക്ക് പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആഴ്ച്ചയിലെ പാര്‍ട്ടി പേജുകളുടെ പ്രകടനം താരതമ്യം ചെയ്താല്‍ കോണ്‍ഗ്രസിനേക്കാള്‍ ഏറെ പിന്നിലാണ് സിപിഐഎം. കോണ്‍ഗ്രസ് 250ലധികം പോസ്റ്റുകള്‍ പബ്ലിഷ് ചെയ്തപ്പോള്‍ സിപിഐഎം പേജില്‍ 149 പോസ്റ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 15 ലക്ഷമാണ് സിപിഐഎം കേരള പേജിന്റെ എന്‍ഗേജ്മെന്റ്. ബിജെപി കേരളം 88 പോസ്റ്റുകള്‍ പബ്ലിഷ് ചെയ്ത 6.41 ലക്ഷം എന്‍ഗേജ്മെന്റ് നേടി. എട്ട് പോസ്റ്റുകളും 19,100 എന്ഗേജ്മെന്റുമായി ആം ആദ്മി പാര്‍ട്ടിയാണ് നാലാം സ്ഥാനത്ത്.

ബിജെപി ഐടി സെല്ലിന്റെ പ്രതികരണം
“കോണ്‍ഗ്രസ് സൈബര്‍ ടീമിനുള്ളിലെ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ഗതികെട്ട ശ്രമമാണ് ശശി തരൂര്‍ നടത്തിയത്. രണ്ട് ദിവസം മുന്‍പ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന ഫേസ്ബുക്ക് പേജ് കോണ്‍ഗ്രസിന്റെ സൈബര്‍ സെല്ലിനകത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചിരുന്നു. അനില്‍ ആന്റണി തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി പ്രചരണത്തിന് വേണ്ടി എന്ത് ചെയ്തതെന്നും കോണ്‍ഗ്രസ് സൈബര്‍ സെല്‍ പിരിച്ചുവിടുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്നും ആ വിവാദ പോസ്റ്റിലുണ്ടായിരുന്നു.
ശശി തരൂരിന്റെ അനലിറ്റിക്സിലക്ക് വരാം, ഏത് സോഷ്യല്‍ മീഡിയ അളവുകോലാണ് ഈ വിവരമെടുക്കാന്‍ വേണ്ടി അദ്ദേഹം ഉപയോഗിച്ചത്? അദ്ദേഹത്തിന്റെ കണക്ക് പ്രകാരം കോണ്‍ഗ്രസിന്റെ വീക്ലി എന്‍ഗേജ്മെന്റ് (ഏത് ആഴ്ച്ചയിലേതെന്ന് ദൈവത്തിനറിയാം) 27 ലക്ഷമാണ്. പക്ഷെ, യാഥാര്‍ത്ഥ്യമിതാണ്, സോഷ്യല്‍ മീഡിയ മെട്രിക്സിനേക്കുറിച്ചോ കോംപറ്റീറ്റര്‍ അനാലിസിസിനേക്കുറിച്ചോ ഗൗരവമായി അറിയാത്ത ഒരു ഗ്രാഫിക് ഡിസൈനറേക്കൊണ്ട് ഡിസൈന്‍ ചെയ്യിച്ചെടുത്ത ചിത്രമാണിത്. മറ്റ് പാര്‍ട്ടികളേക്കാള്‍ മുന്നിലായി കോണ്‍ഗ്രസിനെ കാണിക്കാന്‍ കുറച്ച് നമ്പറുകള്‍ ഉപയോഗിച്ചിരിക്കുന്നു. 20 ലക്ഷം എന്ഗേജ്മെന്റെന്ന വിവരം കെട്ടിച്ചമച്ച ആ തലച്ചോറിന് എന്‍ഗേജ്മെന്റും റീച്ചും തമ്മിലുള്ള വ്യത്യാസം അറിയില്ല.
കോണ്‍ഗ്രസ് പോസ്റ്റുകളുടെ ശരാശരി വീക്ലി എന്‍ഗേജ്മെന്റ് 600ന് അപ്പുറം പോകില്ല. 250ന് പോസ്റ്റിന് എത്രയുണ്ടാകുമെന്ന് നിങ്ങള്‍ക്ക് കണക്ക് കൂട്ടി നോക്കാവുന്നതാണ്. വീക്ലി എന്‍ഗേജ്മെന്റ്സ് രണ്ട് ലക്ഷത്തിനപ്പുറം പോകില്ല. അല്ലെങ്കില്‍ അവ പ്രമോട്ട് ചെയ്യാന്‍ ദശലക്ഷങ്ങള്‍ ചെലവഴിക്കണം.
ഈ ഫലം കിട്ടാന്‍ വേണ്ടി ഉപയോഗിച്ച കോംപറ്റീറ്റര്‍ അനാലിസിസ് ടൂള്‍ എന്താണെന്ന് വെളിപ്പെടുത്താന്‍ ശശി തരൂരിനേയും അദ്ദേഹത്തിന്റെ ടീമിനേയും വെല്ലുവിളിക്കുന്നു. അല്ലാത്ത പക്ഷം, കോണ്‍ഗ്രസ് സൈബര്‍ തങ്ങളുടെ പിടിപ്പുകേട് മറച്ചുവെയ്ക്കാന്‍ തെറ്റായ പ്രചരണം നടത്തുന്ന വെറും നുണയാന്മാരുടെ സംഘമാണെന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരും.”