Top

ഓൺലൈൻ കാലത്തെ നേത്രസംരക്ഷണം

20-20-20 എന്ന രീതി പിന്തുടരേണ്ടത് 20 മിനിറ്റ്‌ സ്ക്രീൻ ഉപയോഗിച്ചാൽ 20 അടി ദൂരം പാലിച്ചു കൊണ്ട് 20 സെക്കന്റ് ബ്രേക്ക് എടുക്കുക എന്ന രീതിയിൽ വേണം.

14 July 2021 1:02 AM GMT
നിഷ അജിത്

ഓൺലൈൻ കാലത്തെ നേത്രസംരക്ഷണം
X

കുറച്ചുകാലം മുമ്പ് വരെ കാഴ്ച വൈകല്യങ്ങളോ മറ്റെതെങ്കിലും നേത്ര പ്രശ്‌നങ്ങളോ ഉണ്ടായിരുന്ന പലരോടും കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയുമൊക്കെ ഉപയോഗം കുറയ്ക്കാൻ ആണ് നേത്രരോഗ വിദഗ്ദർ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ഇന്നത്തെ സാഹചര്യത്തിൽ മൊബൈലോ കമ്പ്യൂട്ടറോ ഒരു രീതിയിലും ഒഴിവാക്കാൻ പറ്റുന്ന ഒരു സാഹചര്യമല്ല നമുക്ക്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കിലും പഠിക്കുന്നവരായാലും മൊബൈൽ, കമ്പ്യൂട്ടർ, അല്ലെങ്കിൽ ടിവി ഈ മൂന്ന് മാർഗ്ഗങ്ങളിലൂടെയേ ഇന്ന് മുന്നോട്ടുപോകാൻ സാധിക്കൂ. കൊറോണയുടെ അക്രമണത്തോടെ പുറത്തേക്കുള്ള യാത്രകളും, സന്ദർശനങ്ങളും കുറഞ്ഞതിലൂടെ സമയം കളയാൻ ഈ വഴികളെ ഇന്ന് ബാക്കിയുള്ളൂ എന്നതാണ് വാസ്തവം.

കണ്ണുകൾക്കുണ്ടാകുന്ന പ്രയാസങ്ങൾ

പക്ഷേ കമ്പ്യൂട്ടറിന്റെയോ മൊബൈൽ സ്‌ക്രീനിന്റെയോ സ്ക്രീനിൽ കുറേനേരം ഫോക്കസ് ചെയ്യുന്നത് കൊണ്ട് കണ്ണിൻറെ മസിലുകൾക്ക് ക്ഷീണവും, കണ്ണിൻറെ ഉപരിതലത്തിനു വരൾച്ചയും സംഭവിക്കുന്നുണ്ട് എന്നത് അവഗണിച്ചു കൂടാ. ഇത് തുടക്കത്തിൽ നമുക്ക് കണ്ണിനനുഭവപ്പെടുന്ന ചെറിയൊരു ക്ഷീണം പോലെയാണ് തോന്നുക. പക്ഷേ രണ്ടു മൂന്നു മണിക്കൂറുകൾക്ക് ശേഷം ഇത് കണ്ണിന്റെ വേദനയായും അല്പം കൂടി കഴിയുമ്പോൾ തലവേദനയുടെ രൂപത്തിലേക്കും മിക്കവരിലും മാറും. കണ്ണിനുണ്ടാകുന്ന ആയാസത്തെയാണ് ഇത് പ്രാഥമികമായി സൂചിപ്പിക്കുന്നത് .

എന്നാൽ ഇതോടൊപ്പം കണ്ണ് ചുവന്നുവരുന്നത് എപ്പോഴും ആയാസം കൊണ്ട് മാത്രം ആകണമെന്നില്ല. കണ്ണ് ചുവക്കുന്നതോടൊപ്പം കണ്ണിന് വേദനയും, വെളിച്ചത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടും ഉണ്ടെങ്കിൽ ഇതൊരു മുന്നറിയിപ്പായി കരുതി നേത്രരോഗ വിദഗ്ധനെ എത്രയും പെട്ടന്ന് കാണിക്കണം.

‘ന്യൂ നോർമൽ’ രീതികൾ വില്ലനോ..?

എട്ടും പത്തും മണിക്കൂറുകളോളം കമ്പ്യൂട്ടറിൻറെ മുന്നിൽ ഇരുന്നിട്ടാണ് പല ഉദ്യോഗസ്ഥരും വീട്ടിലെത്തുന്നത്. വീട്ടിൽ വന്നിട്ടും ഒന്നോ രണ്ടോ മൂന്നോ മണിക്കൂർ ടിവി കാണുന്നു, പിന്നീട് മിക്കവരും സമൂഹമാധ്യമങ്ങളിൽ ഏതാനും മണിക്കൂറുകളും ചെലവാക്കുന്നുണ്ട്. അതായത് ഒരു ദിവസത്തിൽ ഏകദേശം 16 മണിക്കൂറുകളോളം ഉണർന്നിരിക്കുന്ന നമ്മൾ ഏതാണ്ട് 14 മണിക്കൂറുകളോളം സ്‌ക്രീനിൽ കണ്ണും നട്ടാണിരിക്കുന്നത് എന്നോർക്കണം.

ഡിജിറ്റല്‍ ഐ സ്ട്രെയിന്‍‘ എന്ന പുതിയ പദം ഇതോടൊപ്പം രൂപപ്പെട്ടിട്ടുള്ളതാണ്. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന അതെ പ്രശ്നം തന്നെയാണിത്. പക്ഷെ സ്ഥാപനങ്ങളെല്ലാം കമ്പ്യൂട്ടർ വൽക്കരണം തുടങ്ങുന്ന സമയത്തുണ്ടായ ഈ പ്രശ്നം അന്ന് കണ്ടുവന്നിരുന്നത് ചെറുപ്പക്കാരായ ആളുകളിലും കമ്പ്യൂട്ടർ കൂടുതലായി ഉപയോഗിച്ചിരുന്നരിലുമാണ്. എന്നാലിന്ന് ധാരാളം ആളുകളാണ് ഇതേ പ്രശ്നങ്ങളുമായി ഇന്ന് നേത്രരോഗ വിദഗ്ധനെ കാണാൻ വരുന്നത്. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് വീട്ടിലുള്ള എല്ലാ ആളുകൾക്കും ഒരേ തരത്തിലുള്ള സ്ക്രീൻ എക്സ്പോഷർ ആണ് ഉണ്ടായിട്ടുള്ളത് എന്നാണ് ഇവിടെ അവഗണിക്കാനാകാത്ത കാരണമായി ചൂണ്ടി കാണിക്കുന്നത്.

ലക്ഷണങ്ങളും പരിഹാരങ്ങളും

നമ്മിൽ പലരും അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് കണ്ണിനുണ്ടാകുന്ന ചൊറിച്ചിൽ. അലർജിയും, അന്തരീക്ഷത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും ഇതിനു കാരണമാകാറുണ്ട്. അമിതമായ ചൊറിച്ചിലിന് താൽക്കാലികമായി ആശ്വാസം നൽകാനായി ഐസ് ക്യൂബുകൾ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു കണ്ണിൽ വെച്ച് കൊടുത്താൽ മതിയാകും. എന്നാൽ അലർജി തുടർച്ചയായി ഉണ്ടാവുന്ന പക്ഷം ഒരു നേത്രരോഗ വിദഗ്ധനെ കണ്ട് കൃത്യമായ മരുന്ന് ഉപയോഗിച്ചാൽ ഈ പ്രശ്നവും എളുപ്പത്തിൽ ഒഴിവാക്കാവുന്നതാണ്.

അതുപോലെ തന്നെ കണ്ണിനു വരൾച്ച ഉള്ളവർക്ക് ടിയർ ഡ്രോപ്സ് അല്ലെങ്കിൽ ഐ ലൂബ്രിക്കന്റുകൾ ഉപയോഗിച്ചു നോക്കാവുന്നതാണ്. പക്ഷെ ഫലം കണ്ടില്ലെങ്കിൽ തീർച്ചയായും ഒരു വിദഗ്ധ സേവനം എടുക്കാൻ മടിക്കരുത്. ഇതിനൊപ്പം തന്നെ ശ്രദ്ധിക്കേണ്ട വിഷയം കണ്ണിന് വരൾച്ച ഉള്ളവർ എടുക്കേണ്ട മുൻകരുതലുകളാണ്. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ ജോലി തുടങ്ങും മുൻപ് തന്നെ കണ്ണിന് ഈർപ്പം തരുന്ന തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്താൽ നാലോ അഞ്ചോ മണിക്കൂർ യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഇവർക്ക് ജോലി തുടരാനാകും. കണ്ണിൻറെ വരൾച്ചാ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാനും സാധിക്കും.

അമിതമായ സ്ക്രീൻ ടൈം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കുറക്കാനുള്ള പ്രായോഗികമായ ചില മാർഗ്ഗനിർദേശങ്ങളുമുണ്ട്. സ്ക്രീനിന് മുന്നിൽ കൂടുതൽ നേരം ഇരിക്കുന്നവർ, സാധിക്കുന്നതിൽ ഏറ്റവും വലിയ സ്ക്രീൻ വേണം ഉപയോഗിക്കേണ്ടത്. മൊബൈൽ സ്‌ക്രീനിന് പകരം ടാബ്‌ലറ്റോ, അല്ലെങ്കിൽ ലാപ്ടോപ്പ് അതുമല്ലെങ്കിൽ ഇനി ടിവിയിലേക്ക് നേരിട്ട് കണക്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അത് വേണം ഉപയോഗിക്കാൻ. കാരണം സ്ക്രീനിന്റെ വലുപ്പം കൂടുന്നതനുസരിച്ച് സ്ക്രീനിൽ നിന്നും കൂടുതൽ അകന്നിരിക്കാൻ സാധിക്കും, കണ്ണിന്റെ ആയാസവും കുറയും.

മറ്റൊന്ന് നമ്മളിരിക്കുന്ന സ്ഥലത്തെ വെളിച്ചക്രമീകരണമാണ്. നല്ല വെളിച്ചമുള്ള മുറിയിലിരുന്ന് വേണം സ്ക്രീനിലേക്ക് ശ്രദ്ധിക്കാൻ. ഫാൻ നേരിട്ട് മുഖത്തേക്ക് അടിക്കാത്ത രീതിയിൽ സ്ക്രീൻ ക്രമീകരിക്കണം. അതുപോലെ കണ്ണിൻറെ ലെവലിലും അല്പം താഴെയായി വേണം കമ്പ്യൂട്ടറിൻറെ സ്ക്രീൻ സ്ഥാപിക്കേണ്ടത്.

മറ്റൊരു നിർദ്ദേശം സ്‌ക്രീനിന് മുന്നിലിരുന്ന്‌ ജോലിയോ പഠനമോ തുടങ്ങിയാൽ എല്ലാ 20 മിനിറ്റ് കൂടുമ്പോഴും 20 സെക്കൻഡോളം സ്‌ക്രീനിൽ നിന്നും ഇടവേള എടുക്കണം എന്നതാണ്. ഈ ഇടവേളയിൽ സ്‌ക്രീനിൽ നിന്നും 20 അടി ദൂരം പാലിക്കാനും ശ്രമിക്കണം. 20-20-20 എന്ന രീതി പിന്തുടരേണ്ടത് 20 മിനിറ്റ്‌ സ്ക്രീൻ ഉപയോഗിച്ചാൽ 20 അടി ദൂരം പാലിച്ചു കൊണ്ട് 20 സെക്കന്റ് ബ്രേക്ക് എടുക്കുക എന്ന രീതിയിൽ വേണം.

( വിവരങ്ങൾക്ക് കടപ്പാട്: ഡോ. അനിൽ നമ്പ്യാർ , ഒപ്താൽമോളജിസ്റ്റ് , ശുശ്രുത ഐ ഹോസ്പിറ്റൽ, എറണാകുളം )

Next Story