സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തി ഇന്ത്യ; രണ്ടാം പാദത്തില്‍ ജിഡിപി നിരക്ക് ഇടിഞ്ഞത് 7.5 ശതമാനം

ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയത് 7.5 ശതമാനം ഇടിവെന്ന് സ്റ്റാറ്റിറ്റ്ക്‌സ് മന്ത്രാലയം. തുടര്‍ച്ചയായി സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തിലും ജിഡിപി വളര്‍ച്ചാനിരക്കില്‍ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യം സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തിലേക്ക് പ്രവേശിച്ചതായാണ് സാമ്പത്തികരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ രണ്ടാം പാദത്തില്‍ 8.6 ശതമാനം ഇടിവുണ്ടാകുമെന്ന ആര്‍ബിഐ വിലയിരുത്തലിനേക്കാള്‍ ഈ പാദത്തിലെ നെഗറ്റീവ് വളര്‍ച്ചാനിരക്ക് കുറച്ചുകൊണ്ടുവരാനായത് ആശ്വാസമാകുന്നുണ്ട്. ഒന്നാം പാദത്തില്‍ 23.9 ശതമാനമായിരുന്നു ജിഡിപി വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയ ഇടിവ്.

ഒന്നാം പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ സാമ്പത്തികരംഗം മെച്ചപ്പെട്ടതായാണ് സാമ്പത്തികരംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയ്ക്കുള്ള ഏറ്റവും മോശം അവസ്ഥയിലാണ് സാമ്പത്തികരംഗത്തിന്റെ പ്രകടനമെന്നും റിസര്‍വ് ബാങ്ക് തന്നെ വിലയിരുത്തിയിരുന്നു.

മിനിസ്ട്രി ഓഫ് സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ (മോപ്‌സി) പുറത്തുവിട്ട കണക്കുകള്‍ ഇന്ത്യ അതിജീവനത്തിന്റെയും തിരിച്ചുപിടിക്കലിന്റേയും പാതയിലാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗരിമ കപൂര്‍ വിലയിരുത്തി. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് മാന്ദ്യത്തിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. കെട്ടിടനിര്‍മ്മാണ, വ്യവസായ, സേവന മേഖലകളെയാണ് ലോക്ക്ഡൗണ്‍ ഏറ്റവുമധികം ബാധിച്ചതെന്ന് മോപ്‌സി വിലയിരുത്തുന്നു.

Latest News