‘പ്രൊഫസറിനെ മറന്നേക്കൂ; ജോർജുകുട്ടി അതിലും ജീനിയസ്’; ദൃശ്യം 2ന് അഭിനന്ദനവുമായി ആഫ്രിക്കൻ ബ്ലോഗർ

മോഹൻലാൽ നായകനായ ദൃശ്യം 2ണ് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ചിത്രത്തിന് രാജ്യത്തിനു പുറത്ത് നിന്നും വരെ അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫീഫി അദിന്‍ക്രാ ട്വിറ്ററിലൂടെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.

പ്രശസ്ത വെബ് സീരീസായ മണി ഹെയ്‌സ്റ്റിലെ പ്രൊഫസറിനെ മറന്നേക്കുവെന്നാണ് അദ്ദേഹം പറയുന്നത്. ദൃശ്യത്തിലെ ജോർജുകുട്ടി അതിനേക്കാളേറെ ബുദ്ധിമാനാണ് എന്നും അദ്ദേഹം പറയുന്നു. ദൃശ്യം 3 വരാനായി താൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ബംഗ്ലാദേശിലെ ഒരു പൊലീസ് അഡിഷണൽ സൂപ്രണ്ടിന്റെ ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ദൃശ്യം 2 പൊലീസ് അക്കാദമിയിലെ ട്രെയിനികളെ നിർബന്ധമായും കാണിക്കണം. എങ്കിൽ ഈ വിഷയത്തെക്കുറിച്ച് അന്വേഷണാത്മകമായി പഠിക്കാൻ അവർക്ക് സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പോലീസ് ഉദ്യോഗസ്ഥരാകാൻ ആഗ്രഹിക്കുന്നവരും അല്ലാത്തവരും ദൃശ്യം 2 കാണണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സംവിധായകരായ ഭദ്രൻ, അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയില്‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്‌സ് മനസിലുണ്ടെന്നും അത് മോഹന്‍ലാലിന് ഇഷ്ടമായെന്നും ജീത്തു പറഞ്ഞിരുന്നു. കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടന്ന പ്രസ് മീറ്റിലായിരുന്നു അദ്ദേഹം ദൃശ്യം 3നെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. ദൃശ്യം 3 ചെയ്താല്‍ തന്നെ അത് ഉടന്‍ ഉണ്ടാകില്ലെന്നും അതിന് സമയം ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ‘ദൃശ്യം 3 ഉണ്ടെങ്കില്‍ തന്നെ അതൊന്നും നടക്കില്ല. എങ്ങനെയും 23 വര്‍ഷം എങ്കിലും പിടിക്കും. ഞാന്‍ അത് ആന്റണിയോടും പറഞ്ഞു. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്’, എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.

Covid 19 updates

Latest News