കോഹ്ലി ടീമില്‍ തുടരാന്‍ കാരണം ധോണി; വെളിപ്പെടുത്തലുമായി മഞ്ജരേക്കര്‍

2011-12 സീസണില്‍ ഓസ്ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനം വിരാട് കോഹ്ലിക്ക് ടീമിന് പുറത്തേക്കുള്ള വാതില്‍ തുറന്നിരുന്നു. എന്നാല്‍ അന്നത്തെ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ ഇടപെടലാണ് കോഹ്ലി ടീമില്‍ തുടരാന്‍ കാരണമായതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അടുത്ത ടെസ്റ്റില്‍ അര്‍ദ്ധ സെഞ്ച്വറിയും പിന്നാലെ അഡ്ലൈഡില് നടന്ന മത്സരത്തില്‍ താരം സെഞ്ച്വറിയും നേടി ധോണിയുടെ വിശ്വാസം കാത്തു. പരമ്പരയില്‍ ഒരു ഇന്ത്യന്‍ താരം നേടിയ ഏക സെഞ്ച്വറിയും കോഹ്ലിയുടെ വക ആയിരുന്നു.
‘വിരാട് കോഹ്ലി വിരാട് കോഹ്ലിയാണ്. റണ്‍സ് നേടാനുള്ള വഴി കോഹ്ലിക്കറിയാം. 2011-12ല്‍ ഓസ്ട്രേലിയക്ക് എതിരായ പരമ്പര ഇന്ത്യ 4-0ന് തോറ്റു. പക്ഷെ കോഹ്ലി മാത്രമാണ് പരമ്പരയില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം. അന്നത്തെ യുവതാരമായിരുന്ന കോഹ്ലി ടീമില്‍ നിന്ന് പുറത്താകല്‍ ഭീഷണി നേരിട്ടിരുന്നു. എന്നാല്‍ ധോണിയാണ് താരത്തെ പിന്തുണച്ചത്,’ സോണി സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ മഞ്ജരേക്കര്‍ പറഞ്ഞു.
ഓസ്ട്രേലിയക്ക് എതിരെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കോഹ്ലി ആകെ നേടിയത് 43 റണ്‍സ് മാത്രമായിരുന്നു. 11, 0, 23, 9 എന്നിങ്ങനെ ആയിരുന്നു ഓരോ ഇന്നിംഗ്സിലേയും സ്കോര്‍. ടീമില്‍ സ്ഥാനം നിലനിര്‍ത്തിയ കോഹ്ലി പെര്‍ത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 44ഉം രണ്ടാം ഇന്നിംഗ്സില്‍ 75 റണ്‍സും നേടി. തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ച്വറി അഡ്ലൈഡിലും കുറിച്ചു താരം. നിലവില്‍ കോഹ്ലി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ്.