Top

മുടി വളരാത്തതിന് പിഴ; ധാത്രിയുടെ വിശദീകരണം

പരസ്യത്തില്‍ അവകാശപ്പെട്ടിരുന്ന ഗുണഫലങ്ങള്‍ ധാത്രി ഹെയര്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ലെന്ന ഉപഭോക്താവിന്റെ പരാതിയിലും തുടര്‍ന്നുണ്ടായ കേസിലും വിശദികരണവുമായി ധാത്രി ആയുര്‍വേദ കമ്പനി. കഴിഞ്ഞദിവസം പുറത്തുവന്ന കോടതിവിധി വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ധാത്രിയുടെ പരസ്യവുമായി ബന്ധപ്പെട്ടതാണെന്നും ആ പരസ്യം അന്ന് തന്നെ പിന്‍വലിച്ചെന്നും കമ്പനി അറിയിച്ചു. വിപുലമായ ക്ലിനിക്കല്‍ ലാബ് പരീക്ഷണങ്ങളിലൂടെയാണ് ധാത്രിയുടെ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നതെന്നും അതിന്റെ ഫലങ്ങള്‍ ക്ലിനിക്കല്‍ ട്രയല്‍ രജിസ്റ്ററി ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ധാത്രി പറഞ്ഞു. ഗുണഫലമുണ്ടെന്ന വാദങ്ങളില്‍ തന്നെ കമ്പനി നിലകൊള്ളുന്നെന്നും അവയ്ക്ക് […]

5 Jan 2021 11:13 AM GMT

മുടി വളരാത്തതിന് പിഴ; ധാത്രിയുടെ വിശദീകരണം
X

പരസ്യത്തില്‍ അവകാശപ്പെട്ടിരുന്ന ഗുണഫലങ്ങള്‍ ധാത്രി ഹെയര്‍ ഓയില്‍ ഉപയോഗിച്ചപ്പോള്‍ ലഭിച്ചില്ലെന്ന ഉപഭോക്താവിന്റെ പരാതിയിലും തുടര്‍ന്നുണ്ടായ കേസിലും വിശദികരണവുമായി ധാത്രി ആയുര്‍വേദ കമ്പനി.

കഴിഞ്ഞദിവസം പുറത്തുവന്ന കോടതിവിധി വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ധാത്രിയുടെ പരസ്യവുമായി ബന്ധപ്പെട്ടതാണെന്നും ആ പരസ്യം അന്ന് തന്നെ പിന്‍വലിച്ചെന്നും കമ്പനി അറിയിച്ചു. വിപുലമായ ക്ലിനിക്കല്‍ ലാബ് പരീക്ഷണങ്ങളിലൂടെയാണ് ധാത്രിയുടെ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നതെന്നും അതിന്റെ ഫലങ്ങള്‍ ക്ലിനിക്കല്‍ ട്രയല്‍ രജിസ്റ്ററി ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ധാത്രി പറഞ്ഞു. ഗുണഫലമുണ്ടെന്ന വാദങ്ങളില്‍ തന്നെ കമ്പനി നിലകൊള്ളുന്നെന്നും അവയ്ക്ക് ശാസ്ത്രീയ അടിത്തറയുണ്ടെന്നും ധാത്രി അവകാശപ്പെടുന്നു. വിശ്വാസയോഗ്യവും ഉപയോഗപ്രദവുമായ ഉത്പന്നങ്ങളാണ് കമ്പനി തയ്യാറാക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടതായി ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തൃശൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് വടക്കന്‍ എന്നയാളാണ് ധാത്രി ഹെയര്‍ ഓയിലിന്റെ തെറ്റായ പരസ്യത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചത്. ഫ്രാന്‍സിസിന്റെ പരാതിയില്‍ കഴിഞ്ഞദിവസമാണ് തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നടപടി സ്വീകരിച്ചത്. എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോ ഉടമ എന്നിവര്‍ക്കെതിരെയാണ് നടപടി. ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകള്‍ ഹര്‍ജിക്കാരനായ ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ടാണ് ധാത്രി ഹെയര്‍ ഓയില്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഫലമുണ്ടായില്ലെന്ന് ഫ്രാന്‍സിസ് വടക്കന്‍ കോടതിവിധിക്ക് ശേഷം പറഞ്ഞിരുന്നു. ഇതിനൊപ്പം നാട്ടുകാരുടെ കളിയാക്കലും കൂടിയായപ്പോഴാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ഫ്രാന്‍സിസ് പ്രതികരിച്ചിരുന്നു.

ഫ്രാന്‍സിസിന്റെ വാക്കുകള്‍: ”2013ലാണ് ധാത്രി ഉപയോഗിച്ച് തുടങ്ങിയത്. അതും ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ട്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. തുടര്‍ച്ചായി ഓയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാരും കളിയാക്കി തുടങ്ങി. ഇതോടെയാണ് സംഭവത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയത്. തുടര്‍ന്ന് അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളത്തെ വെണ്ണലയിലെ ധാത്രിക്ക് നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയ ഉടന്‍ കമ്പനി പരസ്യം ഒഴിവാക്കി. പിന്നാലെ കമ്പനിയുടെ മറുപടി വന്നു. നിങ്ങള്‍ക്ക് ധാത്രിക്കെതിരെ പരാതി കൊടുക്കാന്‍ യാതൊരു അവകാശവുമില്ല. ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുകയുമില്ല. നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ നിങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. എന്നാണ് കമ്പനി വക്കീല്‍ നല്‍കിയ മറുപടി.

ഇതോടെ പ്രതികരിക്കാന്‍ തീരുമാനിച്ചു. തൃശൂരിലെ ബെന്നിയെന്ന അഭിഭാഷകനെ സമീപിച്ചു. 2013ല്‍ കോടതിയെ സമീപിച്ചു. അതില്‍ ഏഴു വര്‍ഷം എടുത്തു വിധി വരാന്‍. അനൂപ് മേനോന് കോടതിയില്‍ വരാന്‍ സൗകര്യമില്ല. തിരക്കുള്ള നടനായത് കൊണ്ട്. അങ്ങനെ കോടതി നേരിട്ട് അനൂപിന്റെ വീട്ടില്‍ പോയി. അതും കമ്പനിയുടെ ചിലവില്‍ കോടതി, ഞാന്‍, വക്കീല്‍, കമ്പനി വക്കീല്‍ എന്നിവര്‍ അനൂപിന്റെ വീട്ടില്‍. അദ്ദേഹം എന്നോട് ചോദിച്ചു, ‘നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു കേസ് കൊടുക്കാനെന്ന്. ഉപയോഗിച്ച വസ്തു ശരിയല്ലെങ്കില്‍ കേസെടുക്കുന്നതില്‍ എന്താണ്. എന്നിട്ട് കോടതിയോട് അനൂപ് പറഞ്ഞു, ഞാനീ ക്രീം കണ്ടിട്ടില്ല. ഉപയോഗിച്ചിട്ടുമില്ല. അമ്മ കാച്ചി തരുന്ന എണ്ണയാണ് ഞാന്‍ ഉപയോഗിക്കുന്നത്.’

അവസാനം 2020 ഡിസംബര്‍ അവസാനം വിധി വന്നു. പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയത്. പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചു. പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്റെ ഗുണനിലവാരം നോക്കാറില്ല. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പ്രതികരിക്കണം. ഈ വിധി വന്നപ്പോള്‍ ജനത്തെ ബോധിപ്പിക്കാന്‍ മലയാള മാധ്യമങ്ങളെ സമീപിച്ചു. വാര്‍ത്ത കൊടുക്കാന്‍, പക്ഷെ, എല്ലാവരും പരസ്യത്തിന് വേണ്ടി അവഗണിച്ചു. അതുകൊണ്ട് സോഷ്യല്‍മീഡിയയെ സമീപിച്ചത്. പ്രതികരണശേഷി നഷ്ടപ്പെട്ടവരാണ് കേരള ജനത. വാങ്ങുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ പ്രതികരിക്കുക. എങ്കിലേ ഉത്പനങ്ങള്‍ നല്ലത് ലഭിക്കൂ. അഭിഭാഷകന്‍ ബെന്നിയാണ് ഇത്രയധികം പിന്തുണ നല്‍കിയത്. അദ്ദേഹത്തിനും വാശിയായിരുന്നു, കേസില്‍ വിജയിക്കണമെന്ന്.”

Next Story