Top

‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ, അവിടുന്ന് കയറിയിട്ടില്ല’; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമോ? ധര്‍മ്മജന് പറയാനുള്ളത്

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും ധര്‍മജന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു. വൈപ്പിനില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത കേട്ട് നിരവധിപ്പേര്‍ തന്നെ വിളിച്ചെന്നും ധര്‍മ്മജന്‍ പറയുന്നു. ‘പിഷാരടി ഇപ്പോള്‍ വിളിച്ചുചോദിച്ചു കേട്ടതില്‍ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ […]

19 Jan 2021 4:02 AM GMT

‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ, അവിടുന്ന് കയറിയിട്ടില്ല’; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമോ? ധര്‍മ്മജന് പറയാനുള്ളത്
X

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ഇതൊന്നും ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടി അനുഭാവിയായതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും ധര്‍മജന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

വൈപ്പിനില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത കേട്ട് നിരവധിപ്പേര്‍ തന്നെ വിളിച്ചെന്നും ധര്‍മ്മജന്‍ പറയുന്നു. ‘പിഷാരടി ഇപ്പോള്‍ വിളിച്ചുചോദിച്ചു കേട്ടതില്‍ വല്ല കയ്യുമുണ്ടോ എന്ന്. അവനോട് പറഞ്ഞത് തന്നെയാണ് കേരളത്തോടും പറയാനുളളത്. എനിക്ക് ഇതില്‍ കയ്യുമില്ല, കാലുമില്ല. വെറുതേ ഉറങ്ങിക്കിടന്ന ഞാന്‍ എഴുന്നേറ്റപ്പോള്‍ സ്ഥനാര്‍ഥിയായി. ഇതൊന്നും ഞാനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യവുമല്ലല്ലോ. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണ്’, ധര്‍മ്മജന്‍ പറഞ്ഞു.

താനൊരു പാര്‍ട്ടി അനുഭാവിയാണെന്നുളളത് കൊണ്ട് ആരോ പടച്ചുവിട്ട വാര്‍ത്തയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കുറേ ഫോണ്‍കോളുകള്‍ ഇപ്പോള്‍ വരുന്നു. വൈപ്പിനിലെ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. ഇതിനെപ്പറ്റി ഒരു പ്രസ്താവന പോലും ഞാന്‍ നടത്തിയിട്ടില്ല. ഞാനെല്ലാം തുറന്നുപറയുന്ന ആളാണ്. എനിക്ക് തോന്നിയത് ഞാനെവിടെയും പറയും. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ എന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നത്. സത്യമായിട്ടും ഇതെന്റെ സൃഷ്ടിയല്ല’ ധര്‍മജന്‍ അറിയിച്ചു.

‘രാഷ്ട്രീയത്തിലൊക്കെ പണ്ടേ ഇറങ്ങിയതാ. അവിടുന്ന് കയറിയിട്ടില്ല. സ്‌കൂളില്‍ ആറാം ക്ലാസു മുതല്‍ പ്രവര്‍ത്തകനുമാണ്. പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ കിടന്ന ഞാന്‍ ഇനി എങ്ങോട്ട് ഇറങ്ങാനാണ്’. യുഡിഎഫ് സമീപിച്ചാല്‍ നില്‍ക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. മത്സരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ നോക്കാമെന്നും ധര്‍മ്മജന്‍ അഭിപ്രായപ്പെട്ടു.

‘ഇനിയിപ്പോള്‍ മത്സരിക്കാനാണെങ്കില്‍ തന്നെ ഞാന്‍ കോണ്‍ഗ്രസിലേക്കേ പോകൂവെന്നും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവയ്ക്കണമെന്നാണ് എന്റെ അഭിപ്രായം. വളരെ കുറച്ച് ആള്‍ക്കാരാണ് എന്റെ ലോകം. അത് അങ്ങനെതന്നെ ഇരിക്കുന്നതാണ് എനിക്കിഷ്ടം. അതിനര്‍ഥം സാമൂഹ്യപ്രതിബദ്ധത ഇല്ലെന്നല്ല. വാതില്‍ തുറക്കുമ്പോഴേ ആള്‍ക്കാരെ കാണുന്നത് എനിക്ക് ഇഷ്ടമല്ല. ഇതാണ് എന്റെ നിലപാടും പ്രതികരണവും. രാഷ്ട്രീയക്കാരുടെ ഉത്തരമായി ഇതിനെ കാണേണ്ട. ഇത് എന്റെ ആത്മാര്‍ഥമായ വെളിപ്പെടുത്തലാണ്’, അദ്ദേഹം കൂട്ടിതച്ചേര്‍ത്തു.

യുഡിഎഫ് ഇത്തവണ കൂടുതലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കി പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഇത്തവണ പരീക്ഷണം നടത്തിയത് കൂടുതലും വിജയ പ്രദമായതോടെയാണ് യുഡിഎഫ് നിയമസഭയിലേക്ക് ഇത്തരമൊരു പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് വൈപ്പിന്‍ മണ്ഡലത്തില്‍ നിന്ന് ധര്‍മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ ഉയര്‍ന്നത്.

ധര്‍മ്മജന്‍ ജനിച്ച് വളര്‍ന്ന ബോള്‍ഗാട്ടി ഉള്‍പ്പടെ ഉള്ളതാണ് വൈപ്പിന്‍ മണ്ഡലം. അതിനാല്‍ ധര്‍മ്മജന് വിജയിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതോടൊപ്പം ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനുമായതാണ് യുഡിഎഫ് നേതൃത്വം ഇതിനേ കുറിച്ച് ആലോചിക്കാന്‍ ഉണ്ടായ കാരണം. ഇതോടൊപ്പം മറ്റ് സിനിമ താരങ്ങളെയും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരെയും മത്സര രംഗത്തിറക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

രണ്ട് മാസം മുമ്പ് റിപ്പോര്‍ട്ടര്‍ ടിയില്‍ നടന്ന അഭിമുഖത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ച് മത്സരിക്കേണ്ട തീരുമാനമെടുക്കുമെന്നാണ് ധര്‍മ്മജന്‍ പറഞ്ഞത്.

അന്ന് ധര്‍മ്മജന്‍ പറഞ്ഞതിങ്ങനെ, ‘നിയമസഭാ സീറ്റ് തന്നാല്‍ മത്സരിക്കുമോയെന്ന് ചോദിച്ചാല്‍ അപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇരിക്കും. അത് നമ്മളേക്കൊണ്ട് പറ്റുന്ന പണിയാണോ എന്നതാണ് നമ്മുടെ പ്രശ്‌നം. ഞാന്‍ അതിനോട് പൊരുത്തപ്പെട്ടിട്ടില്ല. രാഷ്ട്രീയത്തിലെ കളികള്‍ എനിക്ക് പിടുത്തമില്ലാത്ത പരിപാടിയാണ്. ഞാന്‍ കോണ്‍ഗ്രസിനുള്ളിലെ കമ്മ്യൂണിസ്റ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് സ്ഥാനങ്ങള്‍ തരാന്‍ മടിക്കും. ഞാന്‍ ഉള്ള കാര്യം പറയുന്നതുകൊണ്ട്. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ അങ്ങനെ പാടില്ലല്ലോ. ചില കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കണം, കണ്ണടയ്ക്കണം. ഇതൊക്കെ എനിക്ക് പറ്റാത്തതായിരുന്നു. അര്‍ഹതപ്പെട്ട സ്ഥാനങ്ങളില്‍ വരെ ഞാന്‍ എത്താതെ ഇരുന്നിട്ടുണ്ട്. ആരു മുഖത്ത് നോക്കിയാണെങ്കിലും കാര്യം പറയും. ഏത് വലിയ നേതാവിന്റെ മുഖത്ത് നോക്കിയാണെങ്കിലും പറഞ്ഞിട്ടുണ്ട്. പറഞ്ഞിട്ട് ഇറങ്ങിപ്പോന്നിട്ടുമുണ്ട്. നമുക്ക് അതേ പറ്റൂ. അതാണ് പ്രശ്‌നവും. അങ്ങനെയുള്ളയൊരാളെ പരിഗണിക്കാന്‍ ഒരു പാര്‍ട്ടി താല്‍പര്യപ്പെടില്ല’.

കുട്ടിക്കാലം മുതല്‍ തന്നെ ധര്‍മ്മജന്‍ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഏതെങ്കിലും പാര്‍ട്ടി പ്രചരണത്തിന് വിളിച്ചാല്‍ പോകില്ലെന്നും തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ധര്‍മ്മജന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Next Story