‘ദി ഗ്രേയ്‌ മാൻ’; നെറ്റ്ഫ്ലിക്സിന്റെ ഹോളിവുഡ് ചിത്രത്തിൽ ധനുഷ്; ഒപ്പം ക്യാപ്റ്റൻ അമേരിക്കയും

അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്മാർ ഒരുക്കുന്ന നെറ്റ്ഫ്ലിക്സ് ഹോളിവുഡ് ചിത്രത്തിൽ ധനുഷും ഭാഗമാകുന്നു. ‘ദി ഗ്രേ മാൻ’ എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൽ മാർവെലിന്റെ ‘ക്യാപ്റ്റൻ അമേരിക്ക’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ക്രിസ് ഇവാൻസ്, റയാൻ ജോസ്ലിങ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിന്റെ വിവരം പുറത്തുവിട്ടത്.

‘ഗ്രേയ്‌ മാനിന്റെ കാസ്റ്റ് കുറച്ചുകൂടെ വിപുലമാക്കുന്നു. ജെസീക്ക ഹെൻവിക്ക്, ധനുഷ്, ജൂലിയ ബട്ടേഴ്സ് എന്നിവരും ക്രിസ് ഇവാൻസിനും, റയാൻ ഗോസ്ലിങ്ങിനുമൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നു’, ട്വിറ്ററിലൂടെ അറിയിച്ചു.

നെറ്റ്ഫ്ലിക്സ് നിർമിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാണ് ‘ദി ഗ്രേ മാൻ’. ആന്തോണി റൂസ്സോ ജോയ് റൂസ്സോ എന്നിവർ ചേർന്ന് ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലർ ആയിരിക്കും. കഴിഞ്ഞ ദിവസമായിരുന്നു നെറ്റ്ഫ്ലിക്സ് തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.

ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമായിരിക്കും ‘ദി ഗ്രേ മാൻ’. കെൻ സ്കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓർഡിനറി ജേർണി ഓഫ് ദി ഫക്കീർ’ എന്ന ചിത്രത്തിലായിരുന്നു ധനുഷ് മുൻപ് അഭിനയിച്ചത്. ദി ഗ്രേ മാനിന്റെ ഭാഗമാകുന്നതിൽ ധനുഷും സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.

Latest News