‘പത്താം വയസ് മുതല്‍ അമ്മ പീഡിപ്പിച്ചു’ മൊഴിയില്‍ ഉറച്ച് മകന്‍

തിരുവനന്തപുരം: കടക്കാവൂരില്‍ അമ്മ 14കാരനായ മകനെ പീഡിപ്പിച്ച സംഭവത്തില്‍ മൊഴിയില്‍ ഉറച്ച് പരാതിക്കാരനായ കുട്ടി. പത്താം വയസ് മുതല്‍ അമ്മ തന്നെ പീഡിപ്പിക്കുകയാണെന്ന് ഇരയായ മകന്‍ പ്രതികരിച്ചെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരെയോ ഫോണില്‍ വീഡിയോ കോള്‍ വിളിച്ച ശേഷമായിരുന്നു പീഡനമെന്നും ഇതൊക്കെ സാധാരണമാണെന്ന് അമ്മ തന്നോട് പറഞ്ഞിരുന്നെന്നും മകന്‍ കൈരളി ന്യൂസിനോട് പ്രതികരിച്ചു.

അച്ഛന്‍ അറിയാതെ അമ്മ മറ്റൊരു ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നെന്ന് യുവതിയുടെ മൂത്തമകനായ 17കാരനും വെളിപ്പെടുത്തി. അമ്മയുടെ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വഴക്ക് നടന്നിരുന്നു. ഒരിക്കല്‍ താന്‍ അമ്മ രഹസ്യമായി ഉപയോഗിച്ച ഫോണ്‍ പിടിച്ചെടുത്തിരുന്നു. അതില്‍ വീഡിയോ കോള്‍ ചെയ്തിട്ടുണ്ട്. വാപ്പ വാങ്ങിയ കൊടുത്ത മൊബൈല്‍ അല്ല. രഹസ്യമായി ഉപയോഗിച്ച ഫോണ്‍ സൈബര്‍ സെല്ല് പരിശോധിക്കണമെന്നും മൂത്തമകന്‍ ആവശ്യപ്പെട്ടു. അറസ്റ്റിലായ യുവതിക്കെതിരെ ഭര്‍ത്താവ് വീണ്ടും രംഗത്തെത്തി. കേസില്‍ താന്‍ നല്‍കിയത് കള്ള പരാതിയല്ലെന്ന് കുട്ടികളുടെ അച്ഛനായ ഇയാള്‍ പറഞ്ഞു. ഒരമ്മയും സ്വന്തം മകനോട് ഇങ്ങനെ ചെയ്യില്ല. ആദ്യം കേട്ടപ്പോള്‍ വിശ്വസിച്ചില്ല. കള്ള പരാതി നല്‍കാനാണെങ്കില്‍ 14 വയസുകാരനെ പറഞ്ഞ് പഠിപ്പിക്കുന്നതിലും നല്ലത് 17കാരനല്ലേയെന്നും ഇയാള്‍ പറഞ്ഞതായി കൈരളി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കേസില്‍ സമഗ്രാന്വേഷണത്തിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ദുരൂഹതകളും സംശയങ്ങളും ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡിജിപിയുടെ ഇടപെടല്‍. ദക്ഷിണമേഖലാ ഐജി ഹര്‍ഷിതാ അട്ടല്ലൂരി അന്വേഷണം നടത്തുമെന്ന് ബെഹ്റ വ്യക്തമാക്കി. യുവതിക്കെതിരായ പരാതിയിലും കേസെടുത്ത പൊലീസ് നടപടിയിലും വന്‍വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഐജിയെ അന്വേഷണത്തിന് നിയോഗിച്ചത്. യുവതിയെ കള്ളക്കേസില്‍ കുടുക്കിയെന്ന വീട്ടുകാരുടെ പരാതി ഉള്‍പ്പെടെ ഐജി അന്വേഷിക്കും.

അതിനിടെ ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന കടയ്ക്കാവൂര്‍ പൊലീസിന്റെ വാദത്തിനെതിരെ സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ എന്‍ സുനന്ദ രംഗത്തെത്തി. സിഡബ്ല്യുസി കേസെടുക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. പരാതിക്ക് പിന്നാലെ പൊലീസ് കുട്ടിയുമായി കൗണ്‍സിലിംഗിന് സമീപിച്ചിരുന്നു. ശിശുസംരക്ഷണ സമിതി വഴി കൗണ്‍സിലിംഗ് നടത്തി റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് ചെയ്തത്. കോളിളക്കം സൃഷ്ടിച്ച കേസില്‍ നിന്ന് തലയൂരാനാണ് സിഡബ്ല്യുസിയെ വലിച്ചിഴയ്ക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തരസെക്രട്ടറിക്കും ഡിജിപിക്കും കത്ത് നല്‍കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.

എന്നാല്‍ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സമര്‍പ്പിക്കുന്നു എന്നാണ് ചെയര്‍പേഴ്സണ്‍ നല്‍കിയ കത്തില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പൊലീസ് പറഞ്ഞു.

കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയ യുവതിയുടെ കുടുംബം വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുവാവ് മകനെ മര്‍ദ്ദിച്ചാണ് അമ്മയ്ക്കെതിരെ പരാതി പറയിച്ചതെന്ന് യുവതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ബന്ധം ഒഴിയാതെ രണ്ടാം വിവാഹം കഴിച്ചതിനെ എതിര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും വീട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

പോക്സോ കേസില്‍ അമ്മ അറസ്റ്റിലായ സംസ്ഥാനത്തെ ആദ്യ കേസാണിത്. അറസ്റ്റിലായ 37 കാരി അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡിലാണ്.

Latest News