എഴുപത് ദിവസം, പതിനെട്ട് രാജ്യങ്ങൾ: ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് ഇനി ബസ് യാത്ര

ഡൽഹിയിൽ നിന്നും ലണ്ടനിലേക്കൊരു ബസ് യാത്രയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. കയ്യിൽ പതിനഞ്ച് ലക്ഷം രൂപ ചെലവാക്കാൻ ഉണ്ടെങ്കിൽ ഇനി സ്വപ്നതുല്യമായ യാത്ര നിങ്ങൾക്ക് ആസ്വദിക്കാം. ‘അഡ്വഞ്ചേഴ്സ് ഓവർലാൻഡ്’ എന്ന സാഹസിക വിനോദ കമ്പനിയാണ് എഴുപത് ദിവസം നീളുന്ന യാത്ര പദ്ധതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഡൽഹിയിൽ നിന്നും തുടങ്ങി മ്യാൻമർ, തായ്ലാൻഡ്, ലാവോസ്, ചൈന, കിർഗിസ്താൻ, ഉസ്ബക്കിസ്താൻ, കസാക്കിസ്താൻ, റഷ്യ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപബ്ലിക്, ജർമനി, നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലൂടെ ഇരുപതിനായിരം കിലോമീറ്റർ ദൈർഖ്യമുള്ള യാത്രയാണ് ഇത്.
അടുത്ത വർഷം മെയ് മാസത്തിലാണ് “ഏറ്റവും ഐതിഹാസികമായ ബസ് യാത്ര” എന്ന് കമ്പനി വിശേഷിപ്പിക്കുന്ന ബസ് സർവീസ് ആരംഭിക്കുക.

ഇരുപത് ആളുകൾക്കായിരിക്കും ഒരു ട്രിപ്പിൽ സ്ഥാനമുണ്ടാകുക. മ്യാൻമറിലെ പഗോഡകളും, ചൈനയിലെ വന്മതിലും, ചെങ്ടുവിലെ പാണ്ടകളും, ഫ്രാങ്ക്ഫർട്ടും, പ്രാഗും, താഷ്കണ്ടും സമർഖന്തും, മോസ്കോയും, ബ്രസ്സൽസും ഉൾപ്പടെ നിരവധി വിനോദ കേന്ദ്രങ്ങൾ സന്ദർശിച്ച് നാല് ഘട്ടങ്ങളിൽ ആയിട്ടായിരിക്കും യാത്ര പുരോഗമിക്കുക.
ഇന്ത്യയിൽ തുടങ്ങി മ്യാൻമർ, തായ്ലാൻഡ് എന്നീ രാജ്യങ്ങളാണ് ആദ്യ ഘട്ടത്തിൽ പിന്നിടുക. പിന്നീട് തായ്ലാൻഡിൽനിന്ന് തുടങ്ങി ലാവോസ് വഴി ചൈനയിലെത്തും. മൂന്നാം ഘട്ടത്തിൽ ചൈനയിൽനിന്ന് തുടങ്ങി മധ്യ ഏഷ്യയുടെ ഭാഗമായ കിർഗിസ്താൻ, ഉസ്ബെക്കിസ്താൻ, കസാക്കിസ്താൻ എന്നീ രാജ്യങ്ങളും റഷ്യയുമാണുള്ളത്. അവസാനമാണ് യൂറോപ്യൻ മണ്ണിലെത്തുക. എഴുപത് ദിവസം തുടർച്ചയായി യാത്ര ചെയ്യാൻ സാധിക്കാത്തവർക് ഈ ഘട്ടങ്ങളിൽ ഒന്നിൽ മാത്രവും ചേരാവുന്നതാണ്.
താമസം, ഭക്ഷണം,ടൂറിസ്റ്റ് ഗൈഡുകൾ, വിസകൾ, അനുമതികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ടിക്കറ്റുകൾ തുടങ്ങിയവ കമ്പനി വഹിക്കും. എന്നാൽ ട്രാവൽ ഇൻഷുറൻസ്, ചികിത്സ തുടങ്ങിയവക്കെല്ലാം യാത്രക്കാരാണ് വഹിക്കേണ്ടത്.
ഹരിയാന സ്വദേശികളായ സഞ്ജയ് മദൻ, തുഷാർ അഗർവാൾ എന്നിവരാണ് അഡ്വഞ്ചേഴ്സ് ഓവർലാൻഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥർ. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ഇവർ വിവിധ കാറുകളിലായി സഞ്ചാരികളെ ലണ്ടനിലേക്ക് കൊണ്ടുപോയിരുന്നു.