ദില്ലി കലാപം: പൊലീസ് എത്ര കണ്ണടച്ചാലും നിശബ്‌ദമാകാത്ത തെളിവുകൾ

ഒരു വർഷം മുൻപ് ദില്ലിയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ പൊട്ടിപുറപ്പെട്ട് രാജ്യത്തെ മൊത്തം ആശങ്കയിലാഴ്ത്തിയ ദില്ലികലാപത്തിന് ഒരാണ്ട് തികഞ്ഞിരിക്കുന്നു. സി‌എ‌എ അഥവാ പൗരത്വഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതിഷേധിക്കുന്നവരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ ആയിരുന്നു അതെന്നൊരു വാദം കലാപത്തിന്റെ ആദ്യദിനങ്ങളിൽ ഉയർത്തപ്പെട്ടിരുന്നു. ഈ കലാപത്തിൽ 50ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് വീടുകളും കടകളും പൊതുസ്വത്തുക്കളും നശിപ്പിക്കപ്പെടുകയും ഉണ്ടായി.

ഒരു കലാപത്തിൽ ഇതൊക്കെ വളരെ സ്വാഭാവികമെന്ന രീതിയിലേക്ക് നിസ്സാരവൽക്കരിക്കാൻ നമ്മൾ ഇതിനകം പാകപ്പെട്ടു കഴിഞ്ഞു. എങ്കിലും ദില്ലി കലാപം 2020 എന്ന പേരിൽ അടയാളപ്പെട്ടിട്ടുള്ള ഈ അക്രമത്തിലെ ഇരകൾ അധികവും മുസ്‌ലിങ്ങളായിരുന്നു എന്നും കലാപം തികച്ചും അസൂത്രിതമായിരുന്നു എന്നുമാണ് ഒരു വർഷത്തിനുമിപ്പുറം അന്വേഷണാത്മക റിപ്പോർട്ടുകളും കോടതി പരാമർശങ്ങളും ചൂണ്ടിക്കാണിക്കുന്നത്.

ദില്ലി കലാപം 2020 യഥാർത്ഥത്തിൽ എന്ത് ..?

2019 ഡിസംബറിൽ കേന്ദ്രം പാസ്സാക്കിയ സിഎഎ എന്ന പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യതലസ്ഥാനത്തു നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. സ്ത്രീകൾ മാത്രം ചേർന്നാരംഭിച്ച ഷഹീൻബാഗ് പ്രതിഷേധമൊക്കെ അത്തരത്തിലൊന്നായിരുന്നു. ഇതിനിടെ 2020 ഫെബ്രുവരി 22ഓടെ ഏതാണ്ട് 1000ത്തോളം വരുന്ന സ്ത്രീ-പുരുഷ സംഘം ദില്ലി ജാഫറാബാദിലെ മെട്രോ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള റോഡിന്റെ ഒരു ഭാഗവും, മെട്രോ സ്റ്റേഷന്റെ ഇരു ഗേറ്റുകളും ഉപരോധിക്കുന്നു.

പിറ്റേ ദിവസമായ ഫെബ്രുവരി 23ന് കേന്ദ്രഭരണപാർട്ടിയായ ബിജെപിയുടെ നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ സിഎഎ അനുകൂലികൾ ഇതേ റോഡിലേക്ക് റാലി നടത്തുന്നു. മൂന്നു ദിവസത്തിനുള്ളിൽ റോഡ് ഉപരോധം നീക്കിയില്ലെങ്കിൽ തങ്ങൾ തന്നെ അതിനായി തുനിഞ്ഞിറങ്ങുമെന്ന് പൊലീസ് സാന്നിധ്യത്തിൽ കപിൽമിശ്ര ഭീഷണി മുഴക്കുന്നു. ഇനിയൊരു ഷഹീൻ ബാഗുണ്ടാകാൻ ഞങ്ങൾ അനുവദിക്കില്ലെന്നും കപിൽമിശ്ര പറയുന്നുണ്ട്.

പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള പോലെ മിശ്രയുടെ പ്രസംഗം പ്രകോപനപരമായിരുന്നു. അതുകൊണ്ടു തന്നെ സിഎഎ അനുകൂലികളും പ്രതിഷേധക്കാരും തമ്മിൽ മുദ്രാവാക്യം വിളികളും പരസ്പരമുള്ള കല്ലേറും പിന്നാലെ ആരംഭിക്കുന്നു. തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെടുന്നു. ഇത് പ്രദേശത്തെ ക്രമസമാധാന നിലയെ ആകെ തകിടം മറിച്ചു എന്നും ഇവിടെ നിന്നാണ് ദില്ലി കലാപത്തിലേക്ക് നയിച്ച തീപ്പൊരി കത്താൻ തുടങ്ങിയതെന്നുമാണ് കേന്ദ്ര സർക്കാരും അനുകൂല സംഘടനകളും കേന്ദ്ര നിയന്ത്രണത്തിലുള്ള പൊലീസും ആരോപിക്കുന്നത്.

സി‌എ‌എ അനുകൂല-പ്രതിഷേധ സമരത്തിൽ വർഗ്ഗീയത കലരുന്നതെങ്ങനെ..?

ഒതുക്കി പറഞ്ഞാൽ വ്യാപകമായ ആൾനാശം, രക്തച്ചൊരിച്ചിൽ, വസ്തുവകകൾക്കുണ്ടായ നാശം, അതിൽത്തന്നെയും വ്യക്തമായ വർഗീയത എന്നിവയായിരുന്നു കലാപത്തിന്റെ ആകെത്തുക എന്നൊരു മറുപടി നൽകാനാകും. 53പേർ കൊല്ലപ്പെട്ടതിൽ മൂന്നിൽ രണ്ട് പേരും മുസ്ലീങ്ങളായിരുന്നു. എന്നാലത് മാത്രമായിരുന്നില്ല അതിന്റെ ഭീകരത. വെടിയേറ്റും മാരകമായ മർദ്ദനമേറ്റും, ജീവനോടെ തീ കൊളുത്തപ്പെട്ടുമാണ് മതേതരഭാരതത്തിലെ ഒരു വിഭാഗം പൗരന്മാർ കൊല്ലപ്പെട്ടത് എന്നതാണ്. കൂടാതെ പ്രദേശത്തെ നാല് മോസ്‌കുകളും തീവെക്കപ്പെട്ടു.

അക്രമം രൂപം കൊണ്ടത് തന്നെ മുസ്ലിങ്ങളെ ലക്‌ഷ്യം വെച്ചായിരുന്നു എന്ന് ഉറപ്പിച്ചു പറയാവുന്ന തരം നിഷ്ടൂരമായ മർദ്ദനമുറകളാണ് അവർ നേരിട്ടത്. ചികിത്സ തേടി ആശുപത്രിയിലെത്തിയവരും ഓടകളിലും മറ്റുമായി കാണപ്പെട്ട ശവശരീരങ്ങളും അതിനു തെളിവുകളാണ്. മർദ്ദനങ്ങൾക്ക് മുൻപായി മുസ്ലിം സ്വത്വം ഉറപ്പാക്കാൻ വിവസ്ത്രരാക്കി പരിശോധിക്കുമായിരുന്നു എന്നുള്ള സൂചനയോടൊപ്പം വിച്ഛേദിക്കപ്പെട്ട ജനനേന്ദ്രിയങ്ങളുമായി ആശുപത്രിയിലെത്തിയ ഇരകൾ എല്ലാം തന്നെ മുസ്‌ലിങ്ങളായിരുന്നു എന്നതും വർഗീയതയുടെ ഭീകരമുഖങ്ങൾ തന്നെയാണ് കാണിച്ചു തരുന്നത്.

ഏതായാലും ഫെബ്രുവരി അവസാനത്തോടെ തങ്ങളുടെ നാടും വീടും സ്വത്തുവകകളും ഉപേക്ഷിച്ചു ധാരാളം മുസ്ലിങ്ങളാണ് കലാപബാധിത പ്രദേശങ്ങളിൽ നിന്നും എന്തിന് കലാപം തൊട്ടു തീണ്ടാത്ത സമീപപ്രദേശങ്ങളിൽ നിന്ന് പോലും ഒഴിഞ്ഞു പോയത്. ഇരകളായ മുസ്ലീങ്ങളെ സംരക്ഷിക്കാൻ ദില്ലി പൊലീസ് തയ്യാറായില്ലെന്നും, മുസ്ലീങ്ങൾക്കെതിരെ നിന്ന് അക്രമികളെ സഹായിക്കാൻ പൊലീസ് കൂടുതൽ താല്പര്യം കാണിച്ചെന്നും വീഡിയോകൾ പറയുന്നു. ഈ ദിനങ്ങളിൽ 7500 ഓളം എമെർജെൻസി കോളുകൾ ദില്ലി പൊലീസും 45 ഓളം കോളുകൾ ദില്ലി ഫയർ സർവിസും അറ്റൻഡ് ചെയ്‌തെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

ദില്ലി പൊലീസിന് കാണാൻ സാധിക്കാത്തത്..!

അന്നും ഇന്നും ഈ വാർത്തകളിലൂടെയും വീഡിയോകളിലൂടെയും കടന്നു പോകുമ്പോൾ അക്രമപശ്ചാത്തലത്തിൽ മുഴങ്ങുന്ന ജയ് ശ്രീറാം ധ്വനികളും, വെടിയൊച്ചകളും, ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നതിന്റെയും, വാളുകൾ ഉയർന്നു താഴുന്നതിന്റേ ശബ്ദവും കൂടെ നിഷ്ക്രിയരായി നിൽക്കുന്ന പൊലീസുകാരെയും ഞെട്ടലോടെ കാണാം.

ഇനി ദില്ലി പൊലീസിലേക്ക് തിരിഞ്ഞാൽ പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധത്തിന്റെ ഉപോത്പന്നമാണ് ദില്ലി കലാപമെന്നാണ് അവർ ഇതുവരെയും സ്ഥാപിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ ആ പേരിൽ അറസ്റ്റു ചെയ്തു ജയിലിലിട്ടിരിക്കുന്ന ആക്ടിവിസ്റ്റുകളിൽ ഒരാളെ പോലും പ്രതി ചേർക്കാൻ തക്കവണ്ണമുള്ള തെളിവുകൾ കണ്ടെത്താൻ പൊലീസിനായിട്ടില്ല.

പ്രകോപനപരമായ പ്രസംഗങ്ങളും, കലാപത്തിനുള്ള ആഹ്വാനങ്ങളും നടത്തിയവർ, പരസ്യമായ ഭീഷണികൾ മുഴക്കിയവർ, അക്രമകാരികൾ, കൊലപാതകികൾ എന്നിവരെ തിരിച്ചറിഞ്ഞ്, ആരാണ് അവരെ കലാപത്തിനായി അണിനിരത്തിയതെന്ന് അന്വേഷിച്ചു കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ലെന്നാണോ..? അതോ കേന്ദ്രത്തിന് പ്രതികളെക്കാൾ കൂടുതൽ ഇരകളെ കൊണ്ട് ജയിൽ നിറച്ചാൽ മതിയെന്നാണോ..? മുഖ്യധാരാ മാധ്യമങ്ങളിൽ പലരും ഗോദി മീഡിയയായി മാറി കൊണ്ടിരിക്കുമ്പോൾ ‘ദി വയർ‘ എന്ന പ്രമുഖ വാർത്ത വെബ്സൈറ്റ് ഈ വിഷയത്തിൽ നടത്തിയ അന്വേഷണാത്മക റിപ്പോർട്ടൊന്ന് നോക്കാം.

കൃത്യമായ പദ്ധതി..സുശക്തമായ കണ്ണികൾ

ഒറ്റയ്ക്കൊരു കപിൽ മിശ്രയുടെ ചുമലിലല്ല ദില്ലി കലാപത്തിന്റെ ഉത്തരവാദിത്വം കെട്ടിവെക്കേണ്ടതെന്നും ഡിസംബറിന്റെ അവസാന ആഴ്ചകളിൽ ‘അവർ‘ ഒത്തൊരുമിച്ചു നടത്തിയൊരു ഗൂഢാലോചനയുടെ പരിണിത ഫലമായിരുന്നു ‘അത് ‘ എന്നുമാണ് ദി വയർ റിപ്പോർട്ട് പറയുന്നത്. സാമുദായിക സ്പര്ധ കഴിയുന്നത്ര കൂട്ടാനും അതങ്ങനെ തന്നെ നിലനിർത്തി കൊണ്ടുപോകാനും പാർട്ടി മുൻനിര നേതാക്കളും, താഴെത്തട്ടിലെ അണികളും, മാധ്യമങ്ങളും ഒപ്പത്തിനൊപ്പം ചേർന്ന് ഒരു ‘എക്കോസിസ്റ്റം‘ തന്നെ രൂപപ്പെടുത്തി എടുത്തിരുന്നുവെന്നാണ് ഈ റിപ്പോർട്ടിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.

മുൻ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ്‌ ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് രാജ്യത്തെയും ഭരണത്തെയും അപകീർത്തിപ്പെടുത്താൻ സി‌എ‌എ പ്രതിഷേധകർ ശ്രമിക്കുന്നു എന്നായിരുന്നു ഭരണകക്ഷികളുടെയും പൊലീസിന്റെയും പ്രധാന ആരോപണം. കൂടാതെ ട്രംപിന്റെ സന്ദർശന വേളയിൽ ബോംബ് സ്ഫോടനം നടത്താനായി ഷഹീൻ ബാഗിൽ ജനുവരി 8ന് ഇവർ ഗൂഢാലോചന നടത്തിയിരുന്നു എന്നും പൊലീസ് ആരോപിച്ചിരുന്നു.

അതുകൊണ്ടു തന്നെ ‘ഭീകരവാദം’ ചുമത്തി ഒരു ഡസനോളം ആക്ടിവിസ്റ്റുകളെയാണ് പൊലീസ് അറസ്റ്റ്‌ ചെയ്തത്. എന്നാൽ ഗൂഢാലോചന നടത്തിയെന്ന് പറയപ്പെടുന്ന ജനുവരി 8ന് ഇന്ത്യയോ അമേരിക്കയോ രണ്ടു ഭരണകൂടങ്ങൾ പോലുമോ ട്രംപിന്റെ സന്ദർശനം തീരുമാനമാക്കിയിട്ടില്ല എന്നത് പൊലീസിന്റെ ആരോപണം വെറും ദുർബലമായ കെട്ടുകഥയെന്നു തെളിയിക്കുന്നതിൽ ഒന്നാണ്.

മറ്റൊന്ന് ദില്ലികലാപത്തിന് ഇന്ധനം പകർന്ന പ്രധാനികളിൽ ഒരുവനായി ദീപക് സിംഗ് ഹിന്ദു എന്ന ബജ്‌രംഗ് ദൾ ഹിന്ദുത്വ തീവ്രവാദിയുടെ പങ്ക് കണ്ടെത്താൻ ദി വയറിന് ആകുന്നുണ്ട്. ഹിന്ദുത്വവികാരം ഇളക്കിവിട്ടും വർഗീയ വിദ്വേഷം പരത്തിയും അക്രമത്തിനാളെ കൂട്ടുന്ന ഇയാളുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ധാരാളമാണ്. അതിലൊന്നിൽ ജാഫറാബാദിലെ അക്രമം നടക്കുന്നതിന് മുൻപ്, കപിൽ മിശ്ര മോജ്പൂർ സന്ദർശിക്കുന്നതിനും മുൻപ്, ഫെബ്രുവരി 23 ഉച്ചക്ക് 2.30യോടെ അനുയായികളെല്ലാം മോജ്പൂരിലേക്കെത്താൻ ദീപക് സിംഗ് ആഹ്വാനം ചെയ്യുന്നതാണ്. അത്തരമൊരു ആവശ്യം തികച്ചും ആകസ്മികമെന്ന് കരുതാൻ ആ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. എന്നാൽ ഈ വിഷയത്തിൽ ഒരു പ്രാഥമിക അന്വേഷണം പോലും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നത് തള്ളിക്കളയാവുന്നതല്ല.

ഭരണകക്ഷി എംപിമാരായ പർവേഷ് വർമയെയോ അനുരാഗ് ഠാക്കൂറിനെയോ പോലുള്ളവരൊക്കെ ജനുവരിയിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഉയർത്തിയ ‘ദേശ് കെ ഗദ്ദാരോം കോ ..ഗോലി മാരോ സാലോം കോ..’ എന്ന അതേ മുദ്രാവാക്യം തന്നെയാണ് യഥാർത്ഥത്തിൽ ദീപക് സിംഗ് ഹിന്ദുവും ആവർത്തിച്ചത്. കവലപ്രസംഗങ്ങളിലൂടെ, ഉന്നതതല യോഗങ്ങളിലൂടെ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ഇത്തരം വീഡിയോകളിലൂടെ അണികളുമായി നിരന്തരസമ്പർക്കം പുലർത്താനും ആശയങ്ങൾ കൃത്യമായി എത്തിക്കാനും ആകുന്നുണ്ടെന്ന് അവർ തെളിയിക്കുന്നു. അതുകൊണ്ടു തന്നെ പാർട്ടിയുടെ ആശയങ്ങൾ നടപ്പിലാക്കുന്ന ഈ കണ്ണികൾക്ക് നേതാക്കന്മാർ നൽകുന്ന പിന്തുണയും ആവേശവും ചെറുതല്ല.

കപിൽ മിശ്ര ദില്ലി കലാപത്തിന്റെ രാഷ്ട്രീയ മുഖങ്ങളിൽ ഒന്നാകുമ്പോൾ ദീപക് സിംഗ് ഹിന്ദു അക്രമാസക്തമായ ആൾക്കൂട്ടത്തെ വേദികളിലേക്ക് എത്തിച്ച പലരിൽ ഒരാളാണ്. ഇവിടെ അങ്കിത് തിവാരി എന്ന ആർഎസ്എസുകാരനും അതേ വേദി പങ്കിടാൻ അനുയോജ്യനായ ഒരു പാർട്ടി ചാവേറാണ്. വർഗീയ അശ്ലീലങ്ങൾ പരസ്യമാക്കാനും, ഒന്നിലധികം ‘മുസ്ലിങ്ങളെ കൊന്നു’ എന്ന അഭിമാനം ഉറക്കെ പങ്കിടാനും, അക്രമത്തെ പ്രോത്സാഹിപ്പിക്കാനും തീരെ മടിയില്ലാത്ത ഒരുവൻ. ജാമിയയിലെ വിദ്യാർത്ഥികളുടെ നേരെ നിറയൊഴിച്ച വ്യക്തിയുമായി സൗഹൃദം സൂക്ഷിക്കുന്ന ഒരുവൻ. എൻആർസി നിലവിൽ വരുമ്പോൾ ഉണ്ടാകിനിടയുള്ള കലാപത്തിനായി തയ്യാറെടുത്തു നിൽക്കുന്നവൻ. അങ്കിതിന്റെ വീഡിയോകളും ചാറ്റുകളും ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും സ്വതന്ത്രനായി വിഹരിക്കുന്ന ഈ കുറ്റവാളിയെ പൊലീസ് കാണുന്നില്ല.

ദീപക് സിംഗ് ഹിന്ദുവിനെ പോലെ, അങ്കിത് തിവാരിയെ പോലെ ഒരുപക്ഷെ അവർക്കൊക്കെ മേലെ പരസ്യമായി വിഷം ചീറ്റുന്ന യതി നരസിംഹാനന്ദ സരസ്വതിയേയും കാണണം. ‘മുസ്ലിമുകൾ രാക്ഷസന്മാരാണ്, ജിഹാദികളാണ് ‘ എന്ന് പരസ്യപ്രസ്താവന ഇറക്കുന്ന നരസിംഹാനന്ദ, ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ ആരാധകനാണ്. ജെഎൻയു കാമ്പസിലും മറ്റുമുണ്ടായ അക്രമത്തിന് പിന്നിൽ തങ്ങളാണെന്നും ഇനിയും ഇത്തരം അക്രമങ്ങൾ പ്രതീക്ഷിക്കാമെന്നും പറയുന്ന അനുയായികളാണ് അയാളുടേത്.

നരസിംഹാനന്ദ പൊതുവിടങ്ങളിൽ പ്രസംഗിക്കുന്നത് ഈ രാജ്യത്ത് നിന്നും മുസ്ലിം വർഗ്ഗത്തെ തന്നെ ഉന്മൂലനം ചെയ്യണമെന്നാണ്. ഹിന്ദുക്കളുടെ കടമയും ദേശസ്നേഹവും അതിലൂടെ മാത്രമേ ഉറപ്പിക്കാനാവൂ. മുസ്ലിങ്ങളെ ഒരു പാഠം പഠിപ്പിക്കാൻ ഹിന്ദുക്കൾ സായുധരായി അക്രമത്തിലേക്കിറങ്ങണം എന്നിങ്ങനെ പലവിധം പ്രകോപനപരമായ പരാമർശങ്ങൾ പ്രമുഖ ചാനലുകളിലൂടെ നിരന്തരമായി ഉന്നയിച്ചുന്നയിച്ച് ദില്ലി കലാപത്തെ ആവും വിധം രക്തരൂക്ഷിതമാക്കിയിട്ടുണ്ട് ഇയാൾ.

കേന്ദ്രത്തിന്റെ സ്വന്തം പൊലീസ്

സിഎഎക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നും ചിത്രീകരിക്കുമ്പോൾ ഇവരിലാരും തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുകയോ, കലാപത്തിലേക്കായി ആളെക്കൂട്ടുകയോ, വെറുപ്പിന്റെ രാഷ്ട്രീയം സംസാരിക്കുകയോ ചെയ്തിട്ടില്ല എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ ഇപ്പറഞ്ഞ എല്ലാ സ്വഭാവങ്ങളും ഹിന്ദുത്വവാദികളിൽ പ്രകടമായി തന്നെ വെളിപ്പെട്ടിട്ടുമുണ്ട്. അസംഭവ്യമായ ഒരുപാടു കാരണങ്ങൾ പറഞ്ഞു സി‌എ‌എക്കെതിരെ പ്രതിഷേധിക്കുന്നവരെ ‘ദില്ലി കലാപകാരികൾ’ ആക്കാൻ ശ്രമിക്കുമ്പോളും, ദില്ലി പൊലീസും, പൊലീസിനെ നിയന്ത്രിക്കുന്ന കേന്ദ്രവും, ഭരണകക്ഷി അനുയായികൾ പരസ്യമായും സ്പഷ്ടമായും നടത്തിയ അക്രമാഹ്വാനങ്ങളും, അക്രമ പരമ്പരകളും മനഃപൂർവ്വമായി കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ഏതായാലും ദില്ലി കലാപത്തെക്കുറിച്ചുള്ള വാസ്തവം കണ്ടെത്തിക്കൊണ്ടുള്ള വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശ ലംഘനത്തിന് തെളിവുണ്ടായിട്ടും, ‘ശിക്ഷാനടപടികളിൽ നിന്നും കുറ്റവാളികളെ ഒഴിവാക്കുന്നത് ദില്ലി പൊലീസ് തുടരുന്നു’ എന്ന ആംനസ്റ്റി ഇന്റർനാഷനലിന്റെ കണ്ടെത്തൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് ന്റെ ‘രാജ്യദ്രോഹികളെ വെടിവയ്ക്കുക: ഇന്ത്യയുടെ പുതിയ പൗരത്വ നയത്തിൽ മുസ്ലീങ്ങൾക്കെതിരെ വിവേചനം’ എന്ന പേരിലുള്ള റിപ്പോർട്ട് തുടങ്ങിയവ വാസ്തവങ്ങൾക്ക് നേരെ തിരിച്ചു പിടിച്ച കണ്ണാടി തന്നെയാണ്.

എന്നാൽ ആംനസ്റ്റിയുടെ റിപ്പോർട്ടുകൾ ‘ഏകപക്ഷീയവും പക്ഷപാതപരവും വിദ്വേഷകരവുമാണെന്ന് ‘ കേന്ദ്രം അവകാശപ്പെടുകയാണുണ്ടായത്. തുടർന്ന് വിദേശ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടെണ്ടതില്ല എന്ന കാരണം ഉന്നയിക്കപ്പെടുകയും കഴിഞ്ഞ സെപ്റ്റംബറോടെ തന്നെ രാജ്യത്ത് ആംനെസ്റ്റിയുടെ പ്രവർത്തനങ്ങൾ നിർത്തി വെക്കപ്പെടുകയും ഉണ്ടായി എന്നതും പ്രത്യേകം നിരീക്ഷിക്കപ്പെടേണ്ടതാണ്.

Covid 19 updates

Latest News