Top

റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയ ഹോട്ടലുകള്‍ക്ക് നേരെ ഭീഷണി; പിന്മാറില്ലെന്ന് ഹോട്ടലുടമ ശിവം

‘റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരും. കാരണം ഇല്ലായ്മയുള്ളവര്‍ക്ക് നല്‍കേണ്ടതിനേക്കുറിച്ച് എനിക്കറിയാം. ‘

23 Oct 2020 7:49 PM GMT

റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയ ഹോട്ടലുകള്‍ക്ക് നേരെ ഭീഷണി; പിന്മാറില്ലെന്ന് ഹോട്ടലുടമ ശിവം
X

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ഹോട്ടലുകള്‍ക്ക് നേരെ ഹിന്ദുത്വവാദികളുടെ ഭീഷണി. ഡല്‍ഹി ജസോല മേഖലയിലെ മൂന്ന് ഹോട്ടലുകളാണ് ഹിന്ദുത്വവാദികളുടെ സൈബര്‍ ആക്രമണവും ഭീഷണിയും നേരിടുന്നത്. റോഹിങ്ക്യകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത് വാര്‍ത്തയായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സൈബര്‍ ആക്രമണങ്ങളുടെ തുടക്കം. ‘ഡല്‍ഹി ഹോട്ടലുടമകള്‍ നവരാത്രിയോടനുബന്ധിച്ച് റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നു’ എന്ന തലക്കെട്ടോടെ എഎന്‍ഐ ന്യൂസ് ഏജന്‍സി കൊടുത്ത വാര്‍ത്തക്ക് താഴെ റോഹിങ്ക്യകളെ അധിക്ഷേപിച്ചും ഹോട്ടല്‍ ബഹിഷ്‌കരിക്കാനും പൂട്ടിക്കാനും ആഹ്വാനം ചെയ്തും നിരവധിയാളുകളാണ് കമന്റ് ചെയ്തത്. ഭീഷണി കൊണ്ട് പിന്മാറാന്‍ ഒരുക്കമല്ലെന്നും ഇനിയും ഭക്ഷണം വിതരണം ചെയ്യുമെന്നും രണ്ട് ഹോട്ടലുകളുടെ ഉടമയും 25 കാരനുമായ ശിവം സെഹ്ഗാള്‍ പ്രതികരിച്ചു.

ഭക്ഷണത്തിന് മതമില്ലെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. അതുകൊണ്ടാണ് ഓരോ ദിവസവും അതിജീവിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ഭക്ഷണം നല്‍കുന്നത്.

ശിവം സെഹ്ഗാള്‍

ട്വീറ്റ് വന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ ആയിരം കമന്റുകളും 500 റീട്വീറ്റുകളുമാണ് വന്നത്. റൊഹിങ്ക്യന്‍ മുസ്ലീംകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെതിരെയുള്ള വിദ്വേഷ കമന്റുകളായിരുന്നു ഭൂരിഭാഗവും. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നത് എന്തിനാണെന്ന് ചോദിച്ച് ഹോട്ടലിലെ നമ്പറിലേക്ക് നിരവധി കോളുകള്‍ വന്നു. അവര്‍ ഓരോരുത്തരോടും സംസാരിക്കാന്‍ ശ്രമിച്ചു. ഇപ്പോ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയില്‍ അവര്‍ നെഗറ്റീവ് റേറ്റിങ്ങ് തന്നുകൊണ്ടിരിക്കുകയാണ്. നല്ല ഉദ്ദേശ്യത്തോടെ തുടങ്ങിയ ഒരു കാര്യം ഭീമമായ വിമര്‍ശനത്തിന് വഴിമാറി. ഞങ്ങളുടെ ബിസിനസ് വലിയ നഷ്ടത്തിലേക്കാണ് നീങ്ങുന്നത്.

റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കുന്നത് തുടരും. കാരണം ഇല്ലായ്മയുള്ളവര്‍ക്ക് നല്‍കേണ്ടതിനേക്കുറിച്ച് എനിക്കറിയാം. പക്ഷെ, അടുത്ത തവണ മാധ്യമശ്രദ്ധ ഒഴിവാക്കും. കാരണം, അവരില്‍ ഭൂരിഭാഗവും ഒരുവശം മാത്രം പറയുന്നവരാണ്. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. അഭയാര്‍ത്ഥികളില്‍ മുസ്ലീംകള്‍ മാത്രമല്ല. പല സമുദായത്തില്‍ പെട്ട ആളുകളുണ്ടായിരുന്നു. മുസ്ലീംകള്‍ മാത്രമായിരുന്നാല്‍ പോലും പോലും വിശക്കുന്നവര്‍ക്ക് ആഹാരം നല്‍കുന്നതില്‍ എന്താണ് പ്രശ്‌നം? ശിവം ചോദിച്ചു.

Next Story

Popular Stories