Top

കൊവിഡ് വാക്സിൻ അടുത്തയാഴ്ച്ചയോടെ തലസ്ഥാനത്ത്‌: തയ്യാറെടുപ്പുകൾ ദൃഢമാക്കി ദില്ലി ഭരണകൂടം

അറുന്നൂറ്റിഇരുപത്തിയൊന്ന് കോൾഡ് ചെയിൻ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

7 Jan 2021 12:23 AM GMT

കൊവിഡ് വാക്സിൻ അടുത്തയാഴ്ച്ചയോടെ  തലസ്ഥാനത്ത്‌: തയ്യാറെടുപ്പുകൾ ദൃഢമാക്കി ദില്ലി ഭരണകൂടം
X

ന്യൂ ഡൽഹി : അടുത്ത ആഴ്ച്ചയോടെ കൊവിഡ് വാക്സിൻ ദില്ലിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് വാക്സിൻ സംഭരിക്കാനും കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കാനും കുത്തിവെപ്പുകൾ നടത്താനുമുള്ള തയ്യാറെടുപ്പുകൾ നടന്നു വരുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ( ആർ‌ജി‌എസ്എസ് ) ആണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

“വാക്സിൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി സുശക്തമായ തയ്യാറെടുപ്പുകളാണ് ഞങ്ങൾ എടുത്തിട്ടുള്ളത്. അറുന്നൂറ്റിഇരുപത്തിയൊന്ന് കോൾഡ് ചെയിൻ സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ആർ‌ജി‌എസ്‌എസിൽ 50,000 വാക്‌സിനുകൾ സംഭരിച്ചു വെക്കാൻ കഴിയും. നിയന്ത്രിതമായ താപനിലയിൽ സൂക്ഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും അവിടെ നടക്കുന്നുണ്ട് ,” ഒരു മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു കുപ്പിയിൽ ഉൾകൊള്ളുന്ന മരുന്നിന്റെ അളവ് 4.6-5 മില്ലി ലിറ്റർ ആണ്. ഇതിൽ ശരാശരി 8 മുതൽ 10വരെ ഡോസുകൾ ആണ് ഉൾക്കൊള്ളുന്നത്. മിക്കവാറും ചൊവ്വാഴ്ചയോടെ വാക്സിൻ എത്തുമെന്ന പ്രതീക്ഷ പങ്കുവെക്കുന്ന ഉദ്യോഗസ്ഥർ ഏത് വാക്സിനാണ് എത്തുക എന്നത് ഇനിയും വ്യക്തമായിട്ടില്ലെന്ന് അറിയിക്കുന്നു. അംഗീകൃത മരുന്നിൽ രണ്ടിലേതായാലും 2-8 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ കഴിയുമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ സൂചിപ്പിക്കുന്നു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും അടിയന്തിര ഘട്ട ഉപയോഗത്തിനായി രാജ്യം അംഗീകാരം നൽകിയിട്ടുണ്ട് . ഇതിനായി ദില്ലിയിൽ 1,000 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ആരംഭിക്കുക. ആദ്യഘട്ടത്തിൽ 600 ഓളം കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ഇതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

ഒരു തെരഞ്ഞെടുപ്പ് പ്രക്രിയക്ക് സമാനമായാണ് വാക്സിൻ വിതരണവും നടക്കുകയെന്ന് പൊതുജനാരോഗ്യ വിദഗ്ധയും മൗലാന ആസാദ് മെഡിക്കൽ കോളേജിലെ പ്രൊഫസറുമായ ഡോ.സുനീല ഗാർഗ് പ്രസ്താവിച്ചു. തലസ്ഥാനത്ത്‌ നടക്കുന്ന വാക്സിൻ വിതരണ പ്രക്രിയക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ഡോ.സുനീല ഗാർഗ് ആണ്. “രജിസ്റ്റർ ചെയ്തവർക്ക് വാക്സിനേഷൻ ദിവസത്തിന് രണ്ട് ദിവസം മുമ്പ് തന്നെ വിതരണകേന്ദ്രത്തിന്റെ സ്ഥാനം, വാക്സിനേഷൻ തീയതി എന്നിവയെക്കുറിച്ചുള്ള ഒരു എസ്എംഎസ് ലഭിക്കും,” അവർ അറിയിക്കുന്നു.

എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഒന്നിലധികം ബൂത്തുകൾ കാണുമെന്നും ഏതാണ്ട് നൂറോളം പേരെ ഓരോ ബൂത്തിലും കൈകാര്യം ചെയ്യാനാകുമെന്നും ഡോ.സുനീല അറിയിക്കുന്നു. ഓരോ ബൂത്തിനകത്തും, വാക്സിൻ എടുക്കാൻ വരുന്നവരുടെ വിശദാംശങ്ങൾ പരിശോധിച്ച് കൊവിഡ് വാക്സിൻ ഇന്റലിജൻസ് നെറ്റ്‌വർക്ക് അഥവാ കൊവിൻ ആപ്പിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടാകും. തുടർന്ന് ആവശ്യമായ രേഖകൾ പരിശോധിച്ചതിന് ശേഷം വാക്സിനേഷനായി അയക്കുകയും ചെയ്യും,” അവർ വ്യക്തമാക്കി.

വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അപ്പപ്പോൾ തന്നെ ഡാറ്റാബേസിലേക്ക് പങ്കുവെക്കപ്പെടും. പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ വ്യക്തിയെ നിരീക്ഷണത്തിൽ വെക്കുമെന്നും ഡോ.സുനീല പറഞ്ഞു. ഇതൊരു അസാധാരണ പ്രക്രിയയല്ലെന്നും സാധാരണ മെഡിക്കൽ പ്രോട്ടോക്കോൾ മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു ദിവസം ഒരു ലക്ഷം പേർക്ക് കുത്തിവയ്പ് നൽകാനുള്ള സജ്ജീകരണങ്ങൾ ഡൽഹിസർക്കാർ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ മുൻ‌ഗണനാ വിഭാഗത്തിലെ 51ലക്ഷം പേർക്കാണ് വാക്സിൻ നൽകുക.

Next Story