വാക്സിന് ഫോര്‍മുല മറ്റ് കമ്പനികള്‍ക്കും കൈമാറണമെന്ന് അരവിന്ദ് കെജ്രിവാള്; നിലവിലെ ഉത്പാദനത്തിലൂടെ വാക്സിനേഷന് പൂര്ത്തിയാകാനെടുക്കുക രണ്ട് വര്‍ഷം
യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കണമെന്നും എല്ലാവര്ക്കും വാക്സിനേഷന് നല്കാന് ദേശീയ തലത്തില്‍ പദ്ധതി തയ്യാറാക്കണമെന്നും കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വാക്സിന് ഫോര്‍മുലകള്‍ കൂടുതല്‍ കമ്പനികളുമായി പങ്കുവെക്കാന്‍ അനുവദിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.
നിലവില്‍ രണ്ട് കമ്പനികള്‍ മാത്രമാണ് വാക്സിനുകള്‍ ഉത്പാദിപ്പിക്കുന്നത്. അവര്‍ക്ക് പ്രതിമാസം 67 കോടി വാക്സിനുകള്‍ മാത്രമേ ഉത്പാദിപ്പിക്കാനാകുന്നുള്ളൂ. ഈ രീതിയില്‍, എല്ലാവരിലേക്കും വാക്സിനേഷന് എത്തിക്കാന്‍ ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരും. അക്കാലയളവിലിനുള്ളില് നിരവധി കൊവിഡ് തരംഗങ്ങള്‍ രാജ്യത്ത് ഉണ്ടായേക്കാം
യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന് ഉല്പാദനം വര്‍ദ്ധിപ്പിക്കണമെന്നും എല്ലാവര്ക്കും വാക്സിനേഷന് നല്കാന് ദേശീയ തലത്തില്‍ പദ്ധതി തയ്യാറാക്കണമെന്നും കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാക്സിന് ഫോര്‍മുല പൊതുവായി ലഭ്യമാക്കാനും അത് നിര്‍മ്മിക്കാന്‍ സാധിക്കുന്നവര്‍ക്ക് ഉത്പാദനത്തിന് അനുവാദം നല്‍കാനും കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞ വര്‍ഷം പിപിഇ കിറ്റുകളുടെ ലഭ്യതയില്‍ പ്രതിസന്ധിയുണ്ടായ ഘട്ടത്തില്‍, കിറ്റുകള്‍ നിര്‍മ്മിക്കാന്‍ പല കമ്പനികളെയും അനുവദിച്ചിരുന്നു. അതുപോലെ, വാക്സിന് നിര്‍മ്മാണത്തിലും ഇത്തരമൊരു നിലപാടുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പ്രതിദിനം 1.25 ലക്ഷം ഡോസ് വാക്സിന് നല്കുന്നു. ഇത് പ്രതിദിനം മൂന്ന് ലക്ഷത്തിലധികം ആളുകളിലേക്ക് എന്ന നിലയില്‍ വര്‍ദ്ധിപ്പിക്കണമെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഡല്‍ഹിയിലെ എല്ലാ നിവാസികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സംസ്ഥാനം വാക്സിന് ക്ഷാമം നേരിടുകയാണെന്നും ഏതാനും ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന സ്റ്റോക്കാണ് അവശേഷിക്കുന്നതെന്നും കെജ്രിവാള് വ്യക്തമാക്കി.