Top

‘നാട്ടുകാര്‍ ഫുട്‌ബോള്‍ ആരാധകര്‍, അയല്‍ക്കാര്‍ക്ക് പോലും എന്നെ കാര്യമായി അറിയില്ല; ഐപിഎല്ലിന് സജ്ജമാണ്, വിഷ്ണു വിനോദ് അഭിമുഖം

ഇത്തവണ ഐപിഎല്ലില്‍ മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് വിഷ്ണു വിനോദ്. കുട്ടിക്രിക്കറ്റിന്റെ സ്വഭാവങ്ങളേറെ മാറിയ പുതിയ സാഹചര്യത്തില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സിന്റെ നിര്‍ണായക സാന്നിദ്ധ്യമാവാന്‍ വിഷ്ണുവിനും കഴിയും. 2017ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളിലൊന്നായ ഐപിഎല്ലില്‍ അരങ്ങേറി. സീസണില്‍ വലിയ അദ്ഭുതങ്ങളൊന്നും കാണിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. മുഷ്താഖ് അലിയിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി കേരളത്തിനെതിരെ 213 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി. മത്സരത്തില്‍ വലിയ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ ഇറങ്ങിയ മലയാളിപ്പട 19 ഓവറില്‍ ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ 38 പന്ത് […]

25 March 2021 4:33 AM GMT
അൻഷിഫ് ആസ്യ മജീദ്

‘നാട്ടുകാര്‍ ഫുട്‌ബോള്‍ ആരാധകര്‍, അയല്‍ക്കാര്‍ക്ക് പോലും എന്നെ കാര്യമായി അറിയില്ല; ഐപിഎല്ലിന് സജ്ജമാണ്, വിഷ്ണു വിനോദ് അഭിമുഖം
X

ഇത്തവണ ഐപിഎല്ലില്‍ മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് വിഷ്ണു വിനോദ്. കുട്ടിക്രിക്കറ്റിന്റെ സ്വഭാവങ്ങളേറെ മാറിയ പുതിയ സാഹചര്യത്തില്‍ ഡെല്‍ഹി ക്യാപ്റ്റല്‍സിന്റെ നിര്‍ണായക സാന്നിദ്ധ്യമാവാന്‍ വിഷ്ണുവിനും കഴിയും. 2017ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ടൂര്‍ണമെന്റുകളിലൊന്നായ ഐപിഎല്ലില്‍ അരങ്ങേറി. സീസണില്‍ വലിയ അദ്ഭുതങ്ങളൊന്നും കാണിക്കാന്‍ താരത്തിന് കഴിഞ്ഞില്ല.

മുഷ്താഖ് അലിയിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി കേരളത്തിനെതിരെ 213 റണ്‍സെന്ന പടുകൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി. മത്സരത്തില്‍ വലിയ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ ഇറങ്ങിയ മലയാളിപ്പട 19 ഓവറില്‍ ലക്ഷ്യത്തിലെത്തി. മത്സരത്തില്‍ 38 പന്ത് നേരിട്ട വിഷ്ണു 71 റണ്‍സാണ് അടിച്ചെടുത്തത്. ഐപിഎല്ലിലെ പഴയ പ്രതാപി പവന്‍ നേഗിയാണ് മത്സരത്തില്‍ വിഷ്ണുവിന്റെ ബാറ്റിന്റെ ചൂട് കൂടുതലറിഞ്ഞത്. നേഗിയെ രണ്ട് തവണയാണ് താരം ഗ്യാലറിയിലെത്തിച്ചിരുന്നു.

ആദ്യ സീസണില്‍ ഇതിഹാസ താരം സഹീര്‍ ഖാനെതിരെ അരങ്ങേറ്റത്തില്‍ നേടിയ സിക്‌സര്‍ വിഷ്ണുവിന്റെ പ്രതിഭ തെളിയിക്കുന്നതായിരുന്നു. സയിദ് മുഷ്താഖ് അലിയില്‍ അന്താരാഷ്ട്ര താരങ്ങളെപ്പോലും തല്ലിതകര്‍ത്താണ് വിഷ്ണു രണ്ടാം വരവിനുള്ള വഴി തെളിച്ചത്. മാറിയ സാഹചര്യത്തില്‍ പുതിയ വിഷ്ണുവിനെയായിരിക്കും ഐപിഎല്‍ കാണുകയെന്ന് നിസംശയം പറയാം.

വിഷ്ണു വിനോദ് റിപ്പോര്‍ട്ടര്‍ ലൈവിനോട് ഐപിഎല്‍ വിശേഷങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്നു

Q: കരിയറില്‍ എല്ലാവര്‍ക്കുമുണ്ടാവും ഉയര്‍ച്ചകളും താഴ്ച്ചകളും എങ്ങനെയായിരുന്നു വിഷ്ണുവിന്റെ യാത്ര.?

പത്തനംതിട്ടയില്‍ നിന്നാണ് എന്റെ ക്രിക്കറ്റ് കളി തുടങ്ങുന്നത്. അന്ന് പിഎന്‍സിസി എന്നൊരു ടീമിന് വേണ്ടി കളിച്ചിരുന്നു. ടീമിന്റെ ഉടമസ്ഥനായ തോമസ് സാര്‍ എന്റെ കളി മികവിനെ ആദ്യമായി ചൂണ്ടിക്കാണിക്കുന്നത്. നന്നായി കളിക്കാന്‍ പറ്റുമെന്നും ആത്മവിശ്വാസത്തോടെ കളിക്കണമെന്നൊക്കെ ആദ്യമായി പറയുന്നതും അദ്ദേഹമാണ്. പൊതുവെ എല്ലാവര്‍ക്കുമുണ്ടായിരുന്ന ചെറിയ ബുദ്ധിമുട്ടുകളൊക്കെ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതൊക്കെ എന്നിലെ ക്രിക്കറ്ററെ വളര്‍ത്തുകയാണ് ചെയ്തത്.

ജില്ലാ ടീമില്‍ കളിച്ചു തുടങ്ങിയതാണ് വഴിത്തിരിവായത്. അക്കാലത്ത് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ജോജി ജോണിന്റെ സഹായവും ലഭിച്ചു. കിറ്റുകള്‍ക്കൊന്നും ഞാന്‍ ബുദ്ധിമുട്ടിയിരുന്നില്ല. കേരളാ ടീമില്‍ അരങ്ങേറിയതിന് പിന്നാലെ ഐപിഎല്ലില്‍ തെരഞ്ഞെടുത്തു. എന്നാല്‍ ആ സീസണില്‍ വലിയ പ്രകടനമൊന്നും കാഴ്ച്ചവെക്കാനായില്ല. കൂടുതല്‍ പരിചയസമ്പത്തും തയ്യാറെടുപ്പും ഇത്തവണ നടത്തിയിട്ടുണ്ട്.

കരിയറില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ പിന്തുണയും ഏറെ വലുതാണ്. നമ്മുടെ പ്രകടനത്തെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിരവധി സഹായങ്ങളും പരിശീലന പരിപാടികളും അസോസിയേഷന്‍ മുഖേനെ ഓരോ താരത്തിനും ലഭിക്കുന്നുണ്ട്. കോച്ചിന്‍റെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്‍റെയുമെല്ലാം സഹായം ഇതുമായി ചേർത്തുവായിക്കാവുന്നതാണ്.

Q: ക്യാംപിന്റെ തയ്യാറെടുപ്പുകള്‍.?

നിലവില്‍ ഏഴ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ശേഷമാണ് പരിശീലനം ആരംഭിക്കുക. പ്രാക്ടീസ് മാച്ച് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞിട്ടില്ല. താരങ്ങളൊക്കെ എത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരം കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങളെല്ലാം ക്യാംപിലെത്തുമെന്നാണ് കരുതുന്നത്.

Q: കേരളത്തില്‍ നിന്ന് പതിവിന് വിപരീതമായി ഇത്തവണ കൂറെയേറെ താരങ്ങളുണ്ട്. കേരളത്തില്‍ നിന്ന് വലിയ വേദികളിലേക്ക് എത്താന്‍ പ്രതിഭയുള്ള കൂടുതല്‍ യുവതാരങ്ങളുണ്ടോ.?

കേരളത്തില്‍ ഒരുപാട് പ്രതിഭകളുണ്ട്. നിരവധി താരങ്ങള്‍ നെറ്റ്‌സില്‍ പന്തെറിയാന്‍ വിവിധ ഫ്രാഞ്ചൈസികള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ സപ്പോര്‍ട്ടിംഗ് ബൗളേഴ്‌സായി മലയാളികളുണ്ട്. രാജസ്ഥാന്‍ റോയല്‍സും കേരളത്തിന്റെ താരങ്ങളെ സപ്പോര്‍ട്ടിംഗ് ടീമിലേക്ക് വിളിച്ചിട്ടുണ്ട്. പരിക്കോ അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്‌നങ്ങള്‍ ടീമിലുണ്ടായാല്‍ ഇവര്‍ക്കെല്ലാം കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കെ.സി.എയുടെ സപ്പോര്‍ട്ടും ഇക്കാര്യത്തില്‍ നിര്‍ണായകമായി തോന്നിയിട്ടുണ്ട്.

Q: സ്വന്തം നാട്ടുകാരെ വലിയ രീതിയില്‍ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. വിഷ്ണുവിന് ലഭിക്കുന്ന പിന്തുണ.?

ഞാന്‍ തിരുവല്ലയിലാണ് താമസിക്കുന്നത്. പ്രാദേശികമായി വിലയിരുത്തുകയാണെങ്കില്‍ തിരുവല്ലക്കാര്‍ക്ക് എന്നെ വലുതായി അറിയില്ല. കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നമ്മുടെ കരിയറിലുണ്ടാവുന്ന ഓരോ ചലനങ്ങളും നന്നായി അറിയാം. അത്തരത്തിൽ വിലയിരുത്തുമ്പോൾ കൂടുതലായി നാട്ടുകാർക്ക് എന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല. ആഭ്യന്തര ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം ലഭിച്ചുവരുന്ന പുതിയ സാ​ഹചര്യത്തിൽ ഈ കാര്യങ്ങളിൽ മാറ്റം വരുന്നുണ്ട്. ഒരുപക്ഷേ ഐപിഎല്‍ തെരഞ്ഞെടുക്കപ്പെട്ടത് കൂടുതല്‍ ഗുണകരമായേക്കും.

പലരും എന്താണ് ഇങ്ങനെ കളിച്ചു നടന്നാ മതീയോ എന്നൊക്കെ ചോദിക്കാറുണ്ട്. അത്തരം നെഗറ്റീവ് കമന്റുകളെ മുഖവിലക്കയ്ക്ക് എടുക്കുന്ന ആളല്ല ഞാന്‍. കൂട്ടുകാരും കട്ടക്ക് കൂടെ നില്‍ക്കാറുണ്ട്. അവരുടെ പിന്തുണ വിലപ്പെട്ടതാണ്. നാട്ടുകാര്‍ പൊതുവെ ഫുട്‌ബോളിനെ ആരാധിക്കുന്നവരാണ്, എങ്കിലും കായിക താരമെന്ന നിലയിൽ അവരുടെ സ്നേ​ഹാദരവ് ലഭിക്കാറുണ്ട്. മലയാളികൾ പൊതുവെ കായിക താരങ്ങളെ നന്നായി പ്രോത്സാഹിപ്പിക്കുന്നവരാണ്. ഐപിഎല്ലിന് ഇറങ്ങുമ്പോൾ സ്വന്തം നാട്ടുകാരുടെ പിന്തുണയ്ക്ക് ഏറെ വിലയുണ്ട്.

Q: ശ്രീശാന്തിന്റെ തിരിച്ചുവരവിന്റെ സമയത്ത് കേരളാ ടീമിനൊപ്പമുണ്ട്. എന്താണ് അനുഭവം.?

ശ്രീഭായി ടീമിന്റെ മോട്ടിവേഷനാണ്. അദ്ദേഹത്തിനൊപ്പം ഇതാദ്യമായിട്ടാണ് കളിക്കുന്നത്. വലിയൊരു പ്രചോദനമാണ്. എതിര്‍ ടീം 200 സ്‌കോര്‍ ചെയ്താല്‍ നമ്മള്‍ 15 ഓവറില്‍ അടിച്ചെടുക്കുമെന്നാണ് ശ്രീ ഭായിയുടെ രീതി. കളിക്കാരെ മോട്ടിവേറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. ഒരു കോച്ചിന്റെ ലെവല്‍ മോട്ടിവേഷനാണ് അദ്ദേഹം നല്‍കുക. പേടിക്കാതെ കളിച്ചു തകര്‍ക്കൂവെന്നാണ് ശ്രീ ഭായി എപ്പോഴും പറയാറ്. നമ്മള്‍ എപ്പോഴെങ്കിലും ഡൗണ്‍ ആയി ഇരിക്കുന്നത് കണ്ടാല്‍ അദ്ദേഹം വന്ന് നമ്മളെ ഒന്ന് ഉന്മേഷവനാക്കും.

Q: ഐപിഎല്‍ അരങ്ങേറ്റത്തില്‍ സഹീറിനെ സിക്‌സറടിച്ചു, മുഷ്താഖ് അലിയില്‍ പവന്‍ നേഗിയും വിഷ്ണുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. അറ്റാക്കിംഗ് ആണോ ശൈലി.?

അണ്ടര്‍-19 ടീമില്‍ കളിക്കുമ്പോള്‍ തന്നെ എതിര്‍ ടീമിലെ മികച്ച ബൗളര്‍മാരെ അടിച്ചു കളിക്കുകയെന്ന രീതിയാണ് ഞാന്‍ പിന്തുടരുന്നത്. ഇന്ത്യക്ക് വേണ്ടി കളിച്ച താരങ്ങള്‍ എതിരായി പന്തെറിയാനെത്തുമ്പോൾ നാം പ്രത്യേകം ശ്രദ്ധിക്കും. അവരുടെ ശൈലിയെ തിരിച്ചറിഞ്ഞ്, അറ്റാക്ക് ചെയ്യാനാണ് ഞാന്‍ ശ്രമിക്കുക. എതിര്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാരെ ആക്രമിക്കാന്‍ സാധിച്ചാല്‍ ബാറ്റിംഗിനെ കൂടുതല്‍ പോസിറ്റീവായി നമുക്ക് മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും. അത്തരത്തിലാണ് കളിയെ സമീപിക്കാറ്.

Q: ഐപിഎല്ലിലേക്കുള്ള പ്രവേശനം കരിയറിലെ വലിയ മാറ്റമാണ്. എന്തൊക്കെയാണ് പ്രതീക്ഷകള്‍

കേരളത്തിന് വേണ്ടി അരങ്ങേറിയതിന് പിന്നാലെയാണ് ആദ്യമായി ഐപിഎല്ലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ തന്നെ അത്ര വലിയ പരിചയ സമ്പത്ത് അന്നെനിക്കുണ്ടായിരുന്നില്ല. ഇന്ന് കാര്യങ്ങളില്‍ ഒത്തിരി മാറ്റങ്ങളുണ്ടായിട്ട്. കേരളാ സീനിയര്‍ സ്‌ക്വാഡിന് വേണ്ടി കളിച്ച മത്സരങ്ങളുടെ പരിചയം അന്താരാഷട്ര വേദികളില്‍ വിനിയോഗിക്കാനാവുമെന്നാണ് കരുതുന്നത്. ആത്മവിശ്വാസത്തിലും വ്യക്തിപരമായ പ്രകടനത്തിലുമുണ്ടായ പോസിറ്റീവായ മാറ്റങ്ങളെ നന്നായി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്.

രഞ്ജി ട്രോഫി, ട്വന്റി-20, ഏകദിന മത്സരങ്ങള്‍ കൂടുതലായി കളിക്കാന്‍ അവസരം ലഭിച്ചട്ടുണ്ട്, ഈ പരിചയസമ്പത്തിനെ ഫലപ്രദമായി ഉപയോഗിക്കാനാണ് താല്‍പ്പര്യം. ഐപിഎല്‍ പോലുള്ള അന്താരാഷ്ട്ര വേദികളില്‍ നന്നായി കളിക്കുകയെന്നത് ഒരു ക്രിക്കറ്ററെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. നന്നായി കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Q: ആഭ്യന്തര ക്രിക്കറ്റിനെ അപേക്ഷിച്ച് ഏറെ വലിയ വേദിയാണ് ഐപിഎല്‍, അന്താരാഷ്ട്ര തലത്തിലുള്ള താരങ്ങള്‍ക്കൊപ്പം കളിക്കാനും പഠിക്കാനുമുള്ള അവസരമാണ്. സമ്മര്‍ദ്ദമുണ്ടോ.?

ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, നായകന്‍ ശ്രേയസ് അയ്യര്‍, സ്റ്റീവ് സ്മിത്ത് തുടങ്ങി നിരവധി പ്രതിഭകളായ താരങ്ങളുടെ ടീമാണ് ഡല്‍ഹി ക്യാപ്റ്റല്‍സ്. ലോകക്രിക്കറ്റിലെ വമ്പന്‍മാര്‍ക്കൊപ്പം കളിക്കാനാവുകയെന്നത് വലിയ പ്രചോദനമാണ്. ഐപിഎല്‍ വേദി തന്നെ അത്തരത്തില്‍ പഠിക്കാനും വളരാനും സഹായിക്കുന്നതാണ്. നിലവില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. നന്നായി കളിക്കാന്‍ ശ്രമിക്കുകയെന്നത് മാത്രമാണ് ലക്ഷ്യം.

Q: ഋഷഭ് പന്ത് കഴിഞ്ഞാല്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് വിഷ്ണു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിക്കറ്റിന് പിന്നിലുള്ള പ്രകടനം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാണ്.?

വിക്കറ്റ് കീപ്പിംഗുമായി ബന്ധപ്പെട്ട് പരിശീലനങ്ങള്‍ തുടരുന്നുണ്ട്. ടീമിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് റോള്‍ സ്വീകരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കേരളത്തിന് വേണ്ടി കളിക്കുമ്പോള്‍ സഞ്ജുവും അസ്ഹറും കീപ്പര്‍മാരായി ഉണ്ട്. അവിടെ സെപഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ റോള്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കാറ്. ഡെല്‍ഹിക്ക് വിണ്ടും ഇരു റോളിലും ഇറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ഞാന്‍ നടത്തുന്നുണ്ട്. ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് അതില്‍ മാറ്റം വരുത്തും.

Q: സെപഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായിട്ട് ഇറങ്ങാനാണോ, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റോളാണോ കൂടുതല്‍ ഇഷ്ടം. ബാറ്റ് ചെയ്യുമ്പോ ഏത് സ്ഥാനത്തിറങ്ങാനാണ് താല്‍പ്പര്യം.?

ഞാന്‍ കേരളത്തിന് വേണ്ടി ഞാന്‍ സെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ റോളിലാണ് ഇറങ്ങിയിരിക്കുന്നത്. ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനാണ് എനിക്ക് ഇഷ്ടം. ഏത് റോള്‍ ലഭിച്ചാലും നന്നായി കളിക്കാനാണ് ശ്രദ്ധിക്കുക. ഋഷഭ് പന്ത് കഴിഞ്ഞാല്‍ കീപ്പിംഗിന് സാധ്യതയുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് അ്ന്തിമ തീരുമാനം എടുക്കേണ്ടത് ടീം മാനേജമെന്റാണ്.

Popular

    Next Story