രമ്യ ഹരിദാസിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സനൂഫ്; ‘ഹോട്ടലില്‍വച്ച് തന്നെ അപമാനിച്ചു’
രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പരാതിക്കാരന് സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തന്റെ ഫോൺ തട്ടിപ്പറിക്കാൻ നിർദ്ദേശം നല്കിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി. അതേസമയം, രമ്യ ഹരിദാസ് എംപി തനിക്കെതിരെ ഉന്നയിച്ചത് വ്യാജആരോപണങ്ങളാണെന്ന് യുവാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. […]
27 July 2021 1:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രമ്യ ഹരിദാസ് എംപിക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പരാതിക്കാരന് സനൂഫ്. നിയമലംഘനം ചോദ്യം ചെയ്ത തന്നെ രമ്യ ഹരിദാസ് എംപി ഹോട്ടലില്‍ വച്ച് അപമാനിക്കാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തന്റെ ഫോൺ തട്ടിപ്പറിക്കാൻ നിർദ്ദേശം നല്കിയതും രമ്യ ഹരിദാസായിരുന്നു എന്നും സനൂഫ് ആരോപിക്കുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയിട്ടും എംപിക്കെതിരെ കേസ് എടുത്തില്ലെന്ന് സനൂഫ് പറയുന്നു. ഈ പശ്ചാത്തലത്തില്‍ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും യുവാവ് വ്യക്തമാക്കി.
അതേസമയം, രമ്യ ഹരിദാസ് എംപി തനിക്കെതിരെ ഉന്നയിച്ചത് വ്യാജആരോപണങ്ങളാണെന്ന് യുവാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രമ്യ ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നുമായിരുന്നു റിപ്പോർട്ടർ ടിവിയോട് നടത്തിയ പ്രതികരണത്തില്‍ സനൂഫ് പറഞ്ഞത്.
താനും സുഹൃത്തും എംപിയെ തൊട്ടിട്ട് പോലുമില്ല. എന്നിട്ടും അവര്‍ എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇത്രയും മോശമായ ആരോപണം ഭാവിയെ ബാധിക്കും. ആരോപണം എത്രത്തോളം ഗുരുതരമാണെന്ന് സാധാരണക്കാര്‍ക്ക് വരെ മനസിലാകും. വിഷയം നേരെ തിരിയുമെന്ന് തോന്നിയത് കൊണ്ടാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. കോണ്‍ഗ്രസുകാര്‍ തല്ലിയപ്പോള്‍ എംപി നോക്കിനില്‍ക്കുകയായിരുന്നെന്നും തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്കെന്നും സനൂഫ് പറഞ്ഞു.
പ്രതികരണത്തിന്റെ പൂർണ്ണരൂപം:
”കൈയില്‍ കടന്ന് പിടിച്ചെന്ന് മാത്രമല്ല അവര്‍ പറയുന്നത്. ഇന്ന് രാവിലെ ഒരു മാധ്യമത്തോട് എംപി പറഞ്ഞത് ഞാന്‍ തുടര്‍ച്ചയായി പിന്തുടരുന്നുണ്ടെന്നാണ്. ഓര്‍ഡര്‍ വന്നപ്രകാരമാണ് ഞാന്‍ അവിടെ പോയത്. അതിനെല്ലാം രേഖകളുണ്ട്. യാദൃശ്ചികമായാണ് സംഭവങ്ങളെല്ലാം നടന്നത്. എംപിയുമായി വ്യക്തമായ അകലം പാലിച്ചാണ് ഞാന്‍ നിന്നത്. സംസാരിച്ചതും വളരെ മാന്യമായാണ്. കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ചപ്പോഴും ഫോണ്‍ പിടിച്ചുവാങ്ങിയപ്പോഴും മാന്യമായാണ് ഇടപ്പെട്ടത്. എംപിയോടെ കൂടെ വന്നവരോടോ മോശമായി ഒരുവാക്ക് പോലും സംസാരിച്ചിട്ടില്ല. എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. അവര്‍ ഫോണ്‍ പിടിച്ചുവാങ്ങുമെന്ന് തോന്നിയപ്പോള്‍ എന്റെ സുരക്ഷയ്ക്കായി വീഡിയോ വാട്സ്ആപ്പിലെ ഒരു ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. അങ്ങനെയാണ് ആ വീഡിയോ ഷോട്ടായി പോയത്. ഇത് കണ്ടിട്ടാണ് എംപി അങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ കാരണമായത്. കാരണം വീഡിയോയില്‍ എംപി അവിടെ ഇരിക്കുന്നത് വരെയുള്ളൂ.”
”ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് വ്യക്തമാകും. ഞാനും സുഹൃത്തും അവരെ ഒന്ന് തൊട്ടിട്ട് പോലുമില്ലെന്ന് നൂറു ശതമാനം ഉറപ്പാണ്. അവര്‍ ഇരിക്കാന്‍ പറയുമ്പോഴും ഞങ്ങള്‍ ഇല്ലെന്നാണ് പറഞ്ഞത്. ഇതെല്ലാം സിസി ടിവി പരിശോധിച്ചാല്‍ വ്യക്തമാണ്. എന്തിനാണ് അടിസ്ഥാനരഹിതമായ ആരോപണം എംപി ഉന്നയിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇത്രത്തോളം രമ്യ ഹരിദാസ് തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ല. ഇത്രയും മോശമായ കാര്യം ആരോപിക്കുമ്പോള്‍ എന്റെ ഭാവിയെ അത് ബാധിക്കും. ആരോപണം എത്രത്തോളം ഗുരുതരമാണെന്ന് സാധാരണക്കാര്‍ക്ക് വരെ മനസിലാകും.”
”എല്ലാം ഞങ്ങള്‍ക്ക് നേരെ തിരിയുമെന്ന് തോന്നിയത് കൊണ്ടുതന്നെയാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. കോണ്‍ഗ്രസുകാര്‍ തല്ലിയപ്പോള്‍ ഇടപെടുക പോലും രമ്യ ചെയ്തിട്ടില്ല. തല്ലിക്കോട്ടെ എന്ന മനോഭാവമായിരുന്നു അവര്‍ക്ക്.”-സനൂഫ് പറഞ്ഞു.
നിലവില്‍ മുന്‍ എംഎല്‍എ വി ടി ബല്‍റാം, കെപിസിസി അംഗവും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂർ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായിരുന്ന പാളയം പ്രദീപ്, പട്ടാമ്പിയിലെ സ്ഥാനാർഥിയായ റിയാസ് മുക്കോളി എന്നിവരടക്കം ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കയ്യേറ്റം ചെയ്യല്‍, അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ഞായറാഴ്ചയാണ് രമ്യഹരിദാസടക്കം എട്ടു കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.