‘ഒന്നുമറിയില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ആ റോളില്‍ ഇരിക്കുന്നത്’; ആഴക്കടല്‍ കരാര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സത്യാഗ്രഹ സമരവുമായി ചെന്നിത്തല

തിരുവനന്തപുരം: വിവാദമായ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയും ചേര്‍ന്നുണ്ടാക്കിയ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാറിനെ പറ്റി അന്വേഷിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

ആഴക്കടല്‍ വിവാദ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പൂന്തുറയില്‍ നിരാഹാര സമരം ആരംഭിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
രാവിലെ ഒമ്പതുമുതല്‍ നാലുവരെ നടക്കുന്ന സത്യാഗ്രഹ സമരം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്.

മുഖ്യമന്ത്രിയും സെക്രട്ടറിയും അറിയാതെ ഇത്തരത്തിലൊരു കരാറില്‍ ഒപ്പിടാനാകുമോ?, മുഖ്യമന്ത്രിക്കൊന്നും അറിയില്ലെങ്കില്‍ അദ്ദേഹം ആ റോളിലിരിക്കുന്നെന്തിനാണ്. കരാറിനെ കുറിച്ചന്വേഷിക്കാന്‍ ടികെ ജോസിനെ നിയമിച്ചതിനോട് യോജിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

വസ്തുതാപരമായ ആരോപണങ്ങളാണ് താന്‍ ഉയര്‍ത്തിയതെന്നും അത് ഉന്നയിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ആ കരാറിനിപ്പോള്‍ അംഗീകാരം ലഭിക്കില്ലായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു. വിഷയത്തെ തുടര്‍ന്ന് തീര മേഖലയില്‍ ഉണ്ടായിരിക്കുന്ന അമര്‍ഷം സര്‍ക്കാര്‍ കാണാതെ പോകരുത്. മന്ത്രിയെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം.

കള്ളം പിടിക്കപ്പെട്ടപ്പോള്‍ തോന്നിയത് പറഞ്ഞൊഴിയാനാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ശ്രമിക്കുന്നത്. തന്നെ മനോനില തെറ്റിയവനെന്നാണ് മന്ത്രി വിളിച്ചത്. എന്നാ ല്‍ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Latest News