ഇടമലക്കുടിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സുജിത്ത് ഭക്തനൊപ്പം ഡീന്‍ കുര്യാക്കോസ് നടത്തിയ ‘ഉല്ലാസയാത്ര’ വിവാദത്തില്‍
സുജിത്ത് ഭക്തന്റെ യൂട്യൂബ് ചാനലായ ടെക് ട്രാവലില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
29 Jun 2021 3:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് ഒന്നും രണ്ടും ഘട്ടങ്ങള്‍ കേരളത്തില്‍ തീവ്രതയാര്ജിച്ചിട്ടും ഒരു കൊവിഡ് കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഇടമലക്കുടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി പ്രമുഖ ട്രാവല്‍ വ്ലോഗര്‍ക്കൊപ്പം നടത്തിയ ഉല്ലാസയാത്ര വിവാദത്തില്‍. പുറത്തുനിന്നും ആളുകളെത്തുന്നതിന് നിയന്ത്രണമുള്ള ഇടമലക്കുടിയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ദിവസമായ ഞായറാഴ്ച ഡീന്‍ കുര്യാക്കോസ് യാത്ര നടത്തിയതാണ് വിവാദത്തിലായത്. എംപിയും സംഘവും പലപ്പോഴും മാസ്ക് മാറ്റിവെയ്ക്കുന്നതും സാമൂഹ്യഅകലം പാലിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. പ്രശസ്ത ട്രാവല്‍ യൂടൂബറായ സുജിത് ഭക്തനും സംഘത്തിനുമൊപ്പമായിരുന്നു ഡീനിന്റെ യാത്ര.
കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കൊവിഡ് മഹാമാരിയോട് ചെറുത്തുനില്ക്കുന്ന ഇടമലക്കുടിയെ അപകടത്തിലാക്കുന്ന തരം പെരുമാറ്റരീതി ഒരു ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. എന്നാല്‍ താന്‍ നടത്തിയത് ഉല്ലാസയാത്രയല്ലെന്നും ട്രൈബല്‍ സ്കൂളിലെ ഔദ്യോഗിക പരിപാടിയില്‍ സംബന്ധിക്കാനാണ് സുജിത്ത് ഭക്തന്റെ സംഘത്തിനൊപ്പം എത്തിയതെന്നുമായിരുന്നു എംപിയുടെ വിശദീകരണം. എന്നാല്‍ അവധി ദിവസം ആരുമറിയാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരോപിക്കുന്നു.
സുജിത്ത് ഭക്തന്റെ യൂട്യൂബ് ചാനലായ ടെക് ട്രാവലില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇടമലക്കുടിയിലെ ട്രൈബല്‍ സ്കൂളിലേക്ക് ആവശ്യമായ ടിവി എത്തിച്ചുനല്‍കിയത് തന്റെ സുഹൃത്തുകൂടിയായ യൂട്യൂബറാണെന്നാണ് ഡീന്‍ കുര്യാക്കോസ് പറയുന്നത്. ടിവിയും അനുബന്ധ ഉപകരണങ്ങളും നല്‍കാനും കെട്ടിടങ്ങളെ സൗന്ദര്യവല്‍ക്കരിക്കാനും വേണ്ടിയാണ് സംഘം ഇടമലക്കുടിയില്‍ വന്നെതെന്നും എംപി വിശദീകരിച്ചു.