‘കീറിയ ഡ്രെസ് പണ്ടേ അയ്യനിഷ്ടമല്ലല്ലോ’… നെയ്മറിന്റെ അഭിനയം ‘രാഷ്ട്രീയമായി’ ആഘോഷിച്ച് ട്രോളന്മാര്
കോപ്പാ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ജയിച്ചാലോ ബ്രസീല്‍ ജയിച്ചാലോ സംസ്ഥാന ബി.ജെ.പി. ഘടകത്തിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല. എന്നാല്‍ ദോഷമോ അത് അങ്ങേയറ്റം കുത്തിനോവിക്കുന്നതാകും താനും… ഇത്തരമൊരു അവസ്ഥയിലായിരിക്കും ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അദ്ദേഹത്തിന്റെ കൈയിലെങ്ങാനും ഇപ്പോള്‍ ബ്രസീല്‍ നായകന് നെയ്മറിനെ കിട്ടിയാല്‍ എന്താകും അവസ്ഥ എന്നു ചിന്തിക്കാനേ കഴിയുന്നില്ല!!!! ഇന്നു രാവിലെ നടന്ന കോപ്പാ അമേരിക്ക ഫൈനലിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സുരേന്ദ്രനെക്കൂടി ‘എയറില്‍’ കയറ്റുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു […]
10 July 2021 11:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോപ്പാ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ജയിച്ചാലോ ബ്രസീല്‍ ജയിച്ചാലോ സംസ്ഥാന ബി.ജെ.പി. ഘടകത്തിനോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ ഗുണമുണ്ടാവുമെന്നു തോന്നുന്നില്ല. എന്നാല്‍ ദോഷമോ അത് അങ്ങേയറ്റം കുത്തിനോവിക്കുന്നതാകും താനും…
ഇത്തരമൊരു അവസ്ഥയിലായിരിക്കും ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. അദ്ദേഹത്തിന്റെ കൈയിലെങ്ങാനും ഇപ്പോള്‍ ബ്രസീല്‍ നായകന് നെയ്മറിനെ കിട്ടിയാല്‍ എന്താകും അവസ്ഥ എന്നു ചിന്തിക്കാനേ കഴിയുന്നില്ല!!!!
ഇന്നു രാവിലെ നടന്ന കോപ്പാ അമേരിക്ക ഫൈനലിനിടെയുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ സുരേന്ദ്രനെക്കൂടി ‘എയറില്‍’ കയറ്റുന്നത്. മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു സംഭവം.ആദ്യപകുതി മുതല്‍ പരുക്കനായ മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ഇരുടീമിലെയും താരങ്ങള്‍ തമ്മില്‍ നടന്ന ഫൗളുകള്ക്കൊടുവില് റഫറിയോടു പരാതി പറയാന്‍ എത്തുന്ന നെയ്മറിന്റെ ചിത്രമാണ് ഇപ്പോള്‍ സുരേന്ദ്രനെ വലയ്ക്കുന്നത്. അര്ജന്റീന് പ്രതിരോധതാരങ്ങളുടെ പിടിച്ചുവലിയില്‍ കീറിയ തന്റെ ഷോര്‍ട്സ് ഉയര്‍ത്തിക്കാട്ടിയാണ് നെയ്മര്‍ പരാതി പറയാനെത്തിയത്.

എന്നാല്‍ റീപ്ലേകളില്‍ ഏറെ പരതിയെങ്കിലും നെയ്മറിന്റെ ഷോര്‍ട്സ് കീറുന്ന അര്ജന്റീന് താരത്തെ കണ്ടെത്താനായില്ല. മാത്രമല്ല നെയ്മറിന്റെ പരാതി തള്ളിക്കളഞ്ഞ റഫറി ബ്രസീല്‍ താരങ്ങളുടെ ഫൗളിന്റെ പേരില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് വിധിക്കുകയും ചെയ്തു.
ഈ സംഭവം വൈറലായതോടെ പലരും കെ. സുരേന്ദ്രന്റെ ശബരിമല പ്രക്ഷോഭകാലത്തെ ചിത്രങ്ങളുമായാണ് ട്രോള്‍ ഇറക്കിയത്. അന്നത്തെ പ്രക്ഷോഭ കാലത്ത് സ്വന്തം ഷര്‍ട്ട് കീറി ചാനലുകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു പരാതി പറഞ്ഞതായി സുരേന്ദ്രനെതിരേ ആരോപണമുണ്ടായിരുന്നു.
പോലീസ് തന്നെ മര്‍ദ്ദിച്ചുവെന്നും തന്റെ ഇരുമുടിക്കെട്ട് നിലത്തെറിഞ്ഞുവെന്നും തന്റെ വസ്ത്രം വലിച്ചുകീറിയെന്നുമാണ് സുരേന്ദ്രന് ചാനലുകള്‍ക്കു മുന്നില്‍ വന്നു പരാതി പറഞ്ഞത്. എന്നാല്‍ പിന്നീട് സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഇരുമുടിക്കെട്ട് നിലത്തെറിയുന്നതും ഷര്‍ട്ട് കീറുന്നതും സുരേന്ദ്രന് തന്നെയാണെന്നു വ്യക്തമാകുകയും ചെയ്തിരുന്നു.
ഈ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍ കലാകാരന്മാര് രസകരമായ ട്രോളുകളുമായി രംഗത്തുവരുന്നത്.