Dollar Smugling Case

ഡോളര്‍ കടത്ത്: എം ശിവശങ്കറെ കസ്റ്റംസ് അറസ്റ്റ് ചെയ്തു; സ്പീക്കറുടേയും മന്ത്രി ജലീലിന്റേയും സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

നയതന്ത്ര ചാനലിലൂടെ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജയിലിലെത്തിയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സിയ്ക്ക് അനുമതി നല്‍കിയത്. അതേ സമയം ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മസ്‌ക്കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ജോലി ചെയ്യുന്ന ലഫീര്‍ മുഹമ്മദ്, സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള എന്നിവരാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയരായിക്കൊണ്ടിരിക്കുന്നത്.

നയതന്ത്ര ചാനലിലൂടെയുള്ള കള്ളക്കടത്ത് കേസിലെ പ്രതികളായ ശിവശങ്കറും സ്വപ്‌നയും മസ്‌ക്കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ലഫീര്‍ മുഹമ്മദിനെ ചോദ്യം ചെയ്യുന്നത്. സ്വപ്നക്ക് ഈ കോളേജില്‍ ജോലി നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടിരുന്നു എന്നാണ് വിവരം. ഈ സ്ഥാപനത്തിന്റെ ഡീന്‍ പദവി വഹിക്കുന്ന ആളെ മുന്‍പ് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. റിവേഴ്‌സ് ഹവാല ഇടപാടില്‍ നയതന്ത്ര ചാനലിലൂടെ വിദേശത്തെത്തിച്ച ഡോളര്‍ കൈപ്പറ്റിയത് ഇവരാണെന്നാണ് കസ്റ്റസ് കണ്ടെത്തല്‍.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും മന്ത്രി കെ ടി ജലീലിന്റെയും സുഹൃത്താണ് കസ്റ്റംസ് ചോദ്യം ചെയ്യുന്ന മറ്റൊരാളായ നാസ് അബ്ദുള്ള. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം നാസിന്റെ പേരിലുള്ളതാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് കേസ് വന്ന ജൂലൈ മുതല്‍ ഈ സിം കാര്‍ഡ് സ്വിച്ച് ഓഫ് ആണെന്ന് കസ്റ്റംസ് പറയുന്നു. അതേസമയം, വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. ഈ കേസില്‍ ശിവശങ്കറെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി കോടതി അനുമതി നല്‍കിയിരുന്നു. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ഈ കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. ഇ ഡി രജിസ്റ്റര്‍ ചെയ്ത കള്ളക്കടത്ത് കേസില്‍ അഞ്ചാം പ്രതിയായ ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്.

Latest News