സുരേന്ദ്രന്റേയും ചെന്നിത്തലയുടേയും പേര് പറയാന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭീഷണിയെന്ന്; സ്വര്‍ണ്ണക്കടത്ത് പ്രതികളെ ജയില്‍മാറ്റാന്‍ കസ്റ്റംസ് നീക്കം
പൂജപ്പുര ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന സരിത്തിന്റെ മൊഴിയില്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വൈകീട്ട് മൂന്ന് മണിക്കാണ് തുടര്‍വാദം നടക്കുക.
11 July 2021 9:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയകേസില്‍ കോഫെപോസ തടവുകാരായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെ സംസ്ഥാനത്തിന് പുറത്തുള്ള ജയിലുകളിലേക്ക് മാറ്റാന്‍ കസ്റ്റംസ് നീക്കം. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത്, കെടി റമീസ് എന്നീ പ്രതികളെ ജയില്‍ മാറ്റുന്നതിനായി കസ്റ്റംസ് നിയമോപദേശം തേടി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി മുരളീധരന്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് എന്നിവരെ കുടുക്കുന്ന രീതിയില്‍ മൊഴി നല്കാന് ജയില്‍ ഉദ്യോഗസ്ഥര്‍ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ചാണ് കസ്റ്റംസ് നീക്കം.
ഈ നേതാക്കളെ കേസില്‍ ബന്ധപ്പെടുത്തിക്കൊണ്ട് മൊഴി നല്‍കാനായി ജയില്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും പീഢിപ്പിക്കുന്നെന്നും സരിത്ത് സാമ്പത്തിക കുറ്റവിചാരണകോടതിയില് പരാതിപ്പെട്ടിരുന്നു. എന്‍ഐഎ കോടതിയും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇവരെ സംസ്ഥാനത്തിന് പുറത്തുള്ള ഏതെങ്കിലും ജയിലുകളിലേക്ക് മാറ്റാന്‍ കസ്റ്റംസ് നിയമോപദേശം തേടിയത്.
പൂജപ്പുര ജയില്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന സരിത്തിന്റെ മൊഴിയില്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വൈകീട്ട് മൂന്ന് മണിക്കാണ് തുടര്‍വാദം നടക്കുക. സരിത്തിന്റെ പരാതിയില്‍ ജയില്‍ ഡിപിജിയോട് ഇന്ന് റിപ്പോര്‍ട്ട് നല്കാന് സാമ്പത്തിക കുറ്റതൃത്യങ്ങള്ക്കുള്ള കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.