Cristiano ronaldo

റൊണാള്‍ഡോയെ ‘മാര്‍ക്ക്’ ചെയ്യാതെ നാപോളിയുടെ കൈവിട്ട കളി; ചരിത്ര നിമിഷത്തിലേക്കുള്ള ഗോള്‍ കാണാം

അലസമായ കളിയിലൂടെ സൂപ്പര്‍ കപ്പ് കൈവിട്ട് നാപോളി. യുവന്റ്‌സിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലും കൃത്യമായി മാര്‍ക്ക് ചെയ്യുന്നതില്‍ നാപോളി പരാജയപ്പെട്ടു. മത്സരത്തില്‍ നാപോളി ഒരു പെനാല്‍റ്റിയും പാഴാക്കിയിരുന്നു. 63-ാം മിനിറ്റില്‍ യുവന്റസിന് ലഭിച്ച കോര്‍ണറില്‍ നിന്നാണ് റോണോയുടെ ഗോള്‍ പിറക്കുന്നത്. ഗോള്‍ നേട്ടത്തോടെ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിടാനും സൂപ്പര്‍ താരത്തിന് കഴിഞ്ഞു.

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതിക്കാണ് റോണോ അര്‍ഹനായിരിക്കുന്നത്. ഇതോടെ ഓസ്ട്രിയ-ചെക്കോസ്ലൊവാക്യ താരം ജോസഫ് ബികാന്റെ 759 ഗോളുകള്‍ എന്ന റെക്കോര്‍ഡ് പഴങ്കഥയായി. 193155 കാലഘട്ടത്തില്‍ കളിച്ചിരുന്ന ബികാന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇതുവരെ മറ്റൊരു ഫുട്‌ബോളര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതേസമയം ബികാന്‍ അമേച്വര്‍ ഫുട്‌ബോളില്‍ നേടിയ 27 ഗോളുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വിവിധ ക്ലബുകള്‍ക്കും പോര്‍ച്ചുഗലിനും വേണ്ടി 760 ഗോളുകളാണ് സൂപ്പര്‍ താരം സ്വന്തമാക്കിയത്. കഴിഞ്ഞ മാസമാണ് ക്ലബ്ബിനായും രാജ്യത്തിനായും നേടിയ ആകെ ഗോളുകളുടെ എണ്ണത്തില്‍ ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ റെക്കോര്‍ഡ്(758 ഗോള്‍) റോണോ മറികടന്നത്.

Latest News