Top

ചരിത്രം തൊട്ട് റൊണാള്‍ഡോ; ലോക ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ ദെയിയ്‌ക്കൊപ്പം ഒന്നാമത്

”താന്‍ റെക്കോഡുകള്‍ക്കു പിന്നാലെ പായുകയല്ല, റെക്കോഡുകള്‍ തന്നെ തേടിയെത്തുകയാണ്” – എന്നാണ് പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത്. ഇന്നലെ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും അഭിമാനകരമായ റെക്കോഡ് തന്നെ അദ്ദേഹത്തെ തേടിയെത്തി. യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബുഡാപെസ്റ്റില്‍ ഫ്രാന്‍സിനെതിരേ ഇരട്ടഗോളുകള്‍ നേടിയതോടെ രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോഡിലേക്കാണ് ഈ 36-വയസുകാരന്‍ നടന്നുകയറിയത്. രാജ്യാന്തര തലത്തില്‍ 109 ഗോളുകള്‍ എന്ന ഇറാന്‍ ഇതിഹാസം അലി ദെയിയുടെ റെക്കോഡിനൊപ്പമാണ് റൊണാള്‍ഡോ ഇപ്പോള്‍. […]

23 Jun 2021 8:58 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചരിത്രം തൊട്ട് റൊണാള്‍ഡോ; ലോക ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ ദെയിയ്‌ക്കൊപ്പം ഒന്നാമത്
X

”താന്‍ റെക്കോഡുകള്‍ക്കു പിന്നാലെ പായുകയല്ല, റെക്കോഡുകള്‍ തന്നെ തേടിയെത്തുകയാണ്” – എന്നാണ് പോര്‍ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത്. ഇന്നലെ ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും അഭിമാനകരമായ റെക്കോഡ് തന്നെ അദ്ദേഹത്തെ തേടിയെത്തി.

യൂറോ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബുഡാപെസ്റ്റില്‍ ഫ്രാന്‍സിനെതിരേ ഇരട്ടഗോളുകള്‍ നേടിയതോടെ രാജ്യാന്തര ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ എന്ന റെക്കോഡിലേക്കാണ് ഈ 36-വയസുകാരന്‍ നടന്നുകയറിയത്. രാജ്യാന്തര തലത്തില്‍ 109 ഗോളുകള്‍ എന്ന ഇറാന്‍ ഇതിഹാസം അലി ദെയിയുടെ റെക്കോഡിനൊപ്പമാണ് റൊണാള്‍ഡോ ഇപ്പോള്‍.

ടീം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയതോടെ ഈ യൂറോയില്‍ തന്നെ ആ റെക്കോഡ് തന്റെ മാത്രം പേരിലേക്കു തിരുത്തിയെഴുതാന്‍ താരത്തിനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്നലെ രണ്ടു തവണ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു റൊണാള്‍ഡോ റെക്കോഡിന് ഒപ്പമെത്തിയത്.

മത്സരത്തിന്റെ 30-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഫ്രഞ്ച് നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ് പോര്‍ചുഗല്‍ താരം ഡാനിലോയെ ഇടിച്ചുവീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത റൊണാള്‍ഡോ പിഴവേതുമില്ലാതെ വലകുലുക്കി.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ വീണ്ടും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു. 62-ാം മിനിറ്റിലായിരുന്നു പോര്‍ചുഗലിന് നോക്കൗട്ട് ഉറപ്പിച്ച ഗോള്‍ കണ്ടെത്തിയത്. 172 മത്സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 109 ഗോളുകളുമായി റെക്കോഡിട്ടിരിക്കുന്നത്. ഫുട്‌ബോളില്‍ ഇന്നു നിലവില്‍ കളിക്കുന്ന താരങ്ങളാരും തന്നെ ഈ റെക്കോഡില്‍ റൊണാള്‍ഡോയുടെ സമീപത്തെങ്ങുമില്ലെന്നതും ശ്രദ്ധേയമാണ്.

Next Story

Popular Stories