കൊല നടത്തി കുഴിച്ചിട്ട ശേഷം ചേട്ടനെ തേടി സാബു അലഞ്ഞു; മൃതദേഹം പുറത്തെടുക്കുമ്പോള്‍ 'കരച്ചില്'
പൊലീസ് എത്തി മൃതേദഹം പുറത്തെടുക്കുമ്പോള്‍ പ്രതി സമീപത്തു തന്നെയുണ്ട്.
25 March 2022 5:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: ചേര്‍പ്പില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചേര്‍പ്പ് മുത്തുള്ളിയാല് തോപ്പ് കൊട്ടേക്കാട്ട്പറമ്പില്‍ പരേതനായ ജോയിയുടെ മകന് ബാബു (27) ആണ് കൊല്ലപ്പെട്ടത്. കേസില്‍ അനുജന് സാബു(25) പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യത്തില്‍ അമ്മ പദ്മാവതിക്കും പങ്കുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ഉടനുണ്ടാവും. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കൊലപാതകത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കാറുള്ള ബാബുവും സാബുവും വഴക്ക് നിത്യ സംഭവമാണ്.
കൊലപാതക ദിവസം ബാബു വീട്ടില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി. അടിപിടിക്കിടയില്‍ സാബു ചേട്ടന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ തൊട്ടടുത്തുള്ള പാടത്തെ ബണ്ടില്‍ മൃതദേഹം കുഴിച്ചിട്ടു. കൊലപാതകത്തിന് ശേഷവും അസാധാരാണമായി യാതൊരു സ്വഭാവ മാറ്റവും സാബു പുറത്തെടുത്തിരുന്നില്ല. ചേട്ടനെ കാണാനില്ലെന്ന് നാട്ടുകാരോടെല്ലാം പറഞ്ഞു പ്രചരിപ്പിച്ചു. ശേഷം ഏകദേശം ഏഴ് ദിവസത്തോളം സ്വന്തം നിലയില്‍ ചേട്ടനെ അന്വേഷിച്ചു. കൊല നടത്തിയ ശേഷം 300 മീറ്ററോളം അകലെയാണ് മൃതദേഹം മറവു ചെയ്തത്. ഇതിനായി മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
പ്രദേശവാസി പശുവിനെ തീറ്റാന്‍ പോകുന്നതിനിടയില്‍ ബണ്ടിന് സമീപത്ത് തെരുവു നായ്ക്കള്‍ കുഴിക്കുന്നത് ശ്രദ്ധിച്ചിരുന്നു. നായ്ക്കള്‍ എല്ലിന് കഷ്ണങ്ങളോ തീറ്റയോ കണ്ടാലാണ് കൂട്ടമായി കുഴിയെടുക്കാന്‍ ശ്രമിക്കുകയുള്ളു. എന്നാല്‍ നായ്ക്കള്‍ കുഴിച്ച ഭാഗം പിറ്റേ ദിവസം പശുവുമായി എത്തിയപ്പോള്‍ പഴയപടിയായത് പ്രദേശവാസി ശ്രദ്ധിച്ചു. സംശയം തോന്നിയതോടെ കൈക്കോട്ട് ഉപയോഗിച്ച് മണ്ണുമാറ്റി. സിമന്റ് കട്ടയില്‍ കൈക്കോട്ട് തട്ടിയതോടെ എന്തോ മറവ് ചെയ്തതാണെന്ന് ബോധ്യമായി. ദുര്‍ഗന്ധവും പരന്നതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബാബുവിന്റെ കൈകളില്‍ പച്ച കുത്തിയത് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചു. പൊലീസ് എത്തി മൃതേദഹം പുറത്തെടുക്കുമ്പോള്‍ പ്രതി സമീപത്തു തന്നെയുണ്ട്. മുഖംപൊത്തി കരഞ്ഞുവെന്നും പ്രദേശവാസികള്‍ പറയുന്നു. കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന അമ്മ പദ്മാവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാല്‍ അറസ്റ്റുണ്ടാകും.
Story highlights: crime thrissure youth killed by brother
- TAGS:
- Murder
- Thrissur Murder
- Crime
- babu