വിവാഹ നിശ്ചയത്തിന് ബന്ധുക്കളായെത്തിയത് ദിവസക്കൂലിക്കാര്‍; വധുവിന്റെ വീട്ടില്‍ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങള്‍; അറസ്റ്റ്
സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന ജോലിക്കാരനാണെന്ന് വിശ്വസിപ്പിച്ചായിരുന്ന വിവാഹനിശ്ചയം
11 March 2022 2:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ഉയര്‍ന്ന ജോലിക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്തായ കൊല്ലം സ്വദേശി അജി എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന ജോലിക്കാരനാണെന്ന് വിശ്വസിപ്പിച്ചായിരുന്ന വിവാഹത്തട്ടിപ്പ്.
കുറച്ച് പേരെ ദിവസക്കൂലിക്കെടുത്ത് ബന്ധുക്കളാണെന്ന് വിശ്വസിപ്പിച്ചാണ് യുവാവ് വിവാഹനിശ്ചയത്തിന് എത്തിയത്. വലിയ ആര്‍ഭാടമായിട്ടായിരുന്നു നിശ്ചയം. പിന്നാലെ പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചികിത്സയ്ക്കായി വീട്ടുകാരില്‍ നിന്ന് പണം തട്ടുകയായിരുന്നു. വധുവിന്റെ വീട്ടില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തു. സംശയം തോന്നിയതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് അക്ഷയ് കബളിപ്പിക്കുകയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം പ്രതികളായ അക്ഷയ് യും അജിയും കേരളത്തില്‍ പലയിടങ്ങളിലും തട്ടിപ്പ് നടത്തുന്നവരാണെന്നും വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളും ഇവര്‍ക്കെതിരെ ഉണ്ടെന്നും പൊലീസ് അറിയിച്ചു. വിവിധ രാജ്യങ്ങളിലേക്ക് ആളുകള്‍ക്ക് വിസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ് ഇതുവരെ രണ്ടര കോടിയോളം രൂപ പലരില്‍ നിന്നായി ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. അക്ഷയ് ക്കും അജിക്കുമെതിരെ കൊടുങ്ങല്ലൂര്‍, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍, കോട്ടയം കിടങ്ങൂര്‍ തുടങ്ങിയിടങ്ങളിലെല്ലാം നിലവില്‍ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: youth arrested in marriage fraud case
- TAGS:
- marriage fraud
- arrest
- youth