ജോലി പ്രതീക്ഷിച്ച് നല്‍കിയത് ലക്ഷങ്ങള്‍; തൊഴില്‍ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
ജോലി കിട്ടാതായതോടെ പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് പണം മടക്കി നല്‍കിയില്ല
19 March 2023 3:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. സഹകരണ സംഘങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തുള്ള ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനില്‍ രജിത്തിനെയാണ് (38) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ട്രഡീഷണല്‍ ഫുഡ് പ്രോസസ്സിങ് ആന്റി ഡിസ്ട്രിബ്യൂഷന്‍ ഇന്‍ഡസ്ട്രി കോ-ഓപറേറ്റീവ് സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്താണ് രജിത്തിൽ നിന്നും ചിറയിന്‍കീഴ് സ്വദേശിയായ സജിത്ത് കുമാര്‍ പണം തട്ടിയത്. രജിത്തിനും ഭാര്യക്കും ജോലിക്കായി 7.8 ലക്ഷം രൂപയാണ് സജിത്ത് കുമാറിന് നല്‍കിയത്. ജോലി കിട്ടാതായതോടെ പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് പണം മടക്കി നല്‍കിയില്ല. സംഘത്തിന്റെ പ്രസിഡന്റാണെന്ന് പറഞ്ഞ് സജിത് കുമാര്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്തും സ്ഥിര നിക്ഷേപമായും സജിത് പലരിൽ നിന്നും ലക്ഷങ്ങളാണ് വാങ്ങിയത്. അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനാണെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ വലയിലാക്കിയിരുന്നത്. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, മംഗലാപുരം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി കേസുകളുണ്ട്. ഒരു തവണ ചിറയിന്‍കീഴ് പൊലീസ് ഇയാളെ അറസ്റ്റും ചെയ്തിരുന്നു.
ഇയാള്‍ക്കെതിരെ ബാര്‍ അസോസിയേഷന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പോത്തന്‍കോട് പരിധിയില്‍ പതിനഞ്ചോളം പേരില്‍ നിന്നായി അന്‍പതു ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയതായി നാട്ടുകാർ പറയുന്നു. വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്താണ് രജിത് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പിന് പോയിരുന്ന അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ അയല്‍വാസികളെ അറിയിക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. പോത്തന്‍കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: രേവതി മകന്‍: ഋഷികേശ്
STORY HIGHLIGHTS: young man committed suicide as a victim of employment fraud
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
- TAGS:
- Job fraud
- Young man
- Trivandrum