ഭർത്താവിനെ കാണാനില്ലെന്ന് പരാതി, എട്ടാം ദിവസം മൃതദേഹം വീടിന് പിന്നില്‍; ഭാര്യ പിടിയില്‍
കഴിഞ്ഞ ഞായറാഴ്ച താമസസ്ഥലത്തുവെച്ചായിരുന്നു കൊലപാതകം നടന്നത്.
19 Dec 2021 3:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍ പേരിഞ്ചേരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ മന്‍സൂര്‍ മാലിക് ആണ് കൊല്ലപ്പെട്ടത്. ഒരാഴ്ച്ച മുമ്പായിരുന്നു കൊലപാതകം. സംഭവത്തില്‍ ഭാര്യ രേഷ്മ ബീവിയെയും മൃതദേഹം മറവുചെയ്യാന്‍ സഹായിച്ച മറ്റൊരു വ്യക്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച താമസസ്ഥലത്തുവെച്ചായിരുന്നു കൊലപാതകം നടന്നത്. സ്ഥിരമായി മദ്യപിച്ച് മര്ദിക്കാറുണ്ടായിരുന്ന മന്‍സൂറിനെ സംഭവദിവസം വാക്കുതര്‍ക്കത്തിനിടെ കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് രേഷ്മയുടെ മൊഴി. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തല്‍ക്ഷണം തന്നെ ഇയാള്‍ മരണപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് സ്വര്‍ണ്ണ പണിക്കാരനായ മന്‍സൂറിന്റെ സഹായി കൂടിയായ ധീരുവിന്റെ സഹായത്തോടെ കെട്ടിടത്തിന് പിന്നില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
ഇതിനുശേഷം രേഷ്മ തന്നെയാണ് മന്‍സൂറിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. രേഷ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടെ ഭയന്ന രേഷ്മ കുറ്റസമ്മതം നടത്തുകയായിരുന്നു. പിന്നാലെ ധീരുവും കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാരയും മൃതദേഹം കുഴിച്ചിടാനുപയോഗിച്ച കൈക്കോട്ടും പൊലീസ് കണ്ടെടുത്തു. മൃതദേഹം തിങ്കളാഴ്ച പുറത്തെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
- TAGS:
- Thrissur
- Perinchery
- Murder
- Crime