പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനിടെ വടിവാൾ വീശിയ സംഭവം; രണ്ട് പേർക്കെതിരെ കേസെടുത്തു
ആക്രമിക്കാൻ ഉപയാഗിച്ച വാൾ സംഭവ സ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തു
17 Jan 2023 7:10 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വരവൂർ വളവ് മുണ്ടനാട്ട് പീടികയിൽ വീട്ടിൽ പ്രമിത്ത്(27), പുളിഞ്ചോട് പാലത്തുംമുട്ടിക്കൽ വീട്ടിൽ അഭിലാഷ് (25) എന്നിവർക്കെതിരെയാണ് കേസെടുത്തത്. തളി സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്തു.
ഞായറാഴ്ച വരവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ വെച്ചായിരുന്നു സംഭവം. വർഷങ്ങൾക്കുമുമ്പ് ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പറയുന്നത്. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ഹക്കീമെത്തിയതറിഞ്ഞ് വരുകയായിരുന്നു പ്രതികൾ. വാളു വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ചെയ്ത പ്രതികളെ സംഘാടകർ ഇടപെട്ട് സ്കൂളില്‍ നിന്ന് പറഞ്ഞയക്കുകയായിരുന്നു.
അതേസമയം സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന ഹക്കീം സഞ്ചരിച്ച കാറിനെ പ്രതികൾ ബൈക്കിൽ പിന്തുടരുകയും കല്ലെറിയുകയും ചെയ്തിരുന്നെന്നും പരാതിയുണ്ട്. ആക്രമണത്തിൽ നിയന്ത്രണം വിട്ട വാഹനം വഴിയരികിലെ മതിലിൽ ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് പ്രമിത്തിനും അഭിലാഷിനും പരുക്കേറ്റു. ഇരുവരേയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹക്കീം നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വാൾ സംഭവ സ്ഥലത്തു നിന്ന് പൊലീസ് കണ്ടെടുത്തു.
STORY HIGHLIGHTS: Varavoor Incident Updates