Top

'ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യ മലയാളി വനിത, ശോഭാ ജോണ്‍'; വരാപ്പുഴ പീഡനക്കേസ് വീണ്ടും ചര്‍ച്ചയാവുമ്പോള്‍

ശബരിമല തന്ത്രിയുടെ 27.5 പവന്റെ സ്വര്‍ണാഭരണങ്ങളും 20000 രൂപയും മൊബൈല്‍ ഫോണും ബ്ലാക്ക് മെയില്‍ ചെയ്ത് കരസ്ഥമാക്കി.

19 Feb 2022 1:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട ആദ്യ മലയാളി വനിത, ശോഭാ ജോണ്‍; വരാപ്പുഴ പീഡനക്കേസ് വീണ്ടും ചര്‍ച്ചയാവുമ്പോള്‍
X

സ്വന്തമായി ഗുണ്ടാ സംഘം, പെണ്‍വാണിഭം, ബ്ലേഡ് മാഫിയ ശോഭാ ജോണ്‍ എന്ന കൊടും കുറ്റവാളി കേരളത്തില്‍ പരീക്ഷിക്കാത്ത ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്ലെന്നു തന്നെ വേണം പറയാന്‍. ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സംസ്ഥാനത്തെ ആദ്യത്തെ വനിതയെന്ന വിശേഷണവും ശോഭയ്ക്ക് തന്നെ. വരാപ്പുഴ പീഡനക്കേസില്‍ കോടതി വെറുതെവിട്ട പ്രതി കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ ശോഭയും കൂട്ടാളികളും വീണ്ടും മാധ്യമ ശ്രദ്ധ നേടുകയാണ്.

ചെറുകിട പലിശ ഏര്‍പ്പാടുകളുമായിട്ടാണ് ശോഭാ ജോണ്‍ ക്രിമിനല്‍ ജോലികള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇത് പിന്നീട് ലക്ഷങ്ങളുടെ ബ്ലേഡ് മാഫിയ എന്ന നിലയിലേക്ക് മാറി. ഇതിനിടെ സ്വന്തം സംരക്ഷണത്തിനും ക്വട്ടേഷന്‍ ജോലികള്‍ക്കുമായി ശോഭ ഗുണ്ടാസംഘത്തെ തന്നെ ഉണ്ടാക്കിയെടുത്തു. അസാധാരണമായിരുന്നു ഈ വളര്‍ച്ച. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ കളമൊരുക്കുന്നതിലൂടെ അതിവേഗത്തില്‍ പണം സമ്പാദിക്കാമെന്ന് സംഘം തിരിച്ചറിഞ്ഞു.

ഇതോടെ ലൈംഗിക ചൂഷണത്തിനായി പെണ്‍കുട്ടികളെ കണ്ടെത്തുന്നതും സംഘാംഗങ്ങള്‍ തൊഴിലായി സ്വീകരിച്ചു. ഉന്നതര്‍ വരെ സംഘമെത്തിക്കുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ തന്നെ പൊലീസിന്റെ നോട്ടപ്പുള്ളിയായി ശോഭ മാറി കഴിഞ്ഞിരുന്നു. ശബരിമലയിലെ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി നല്‍കി കൂട്ട ബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്യുകയും ചെയ്ത കേസുകളില്‍ മുഖ്യപ്രതിയാണ് ശോഭയെന്ന് പൊലീസിന് വ്യതക്തമായി.

ശബരിമല തന്ത്രിയുടെ 27.5 പവന്റെ സ്വര്‍ണാഭരണങ്ങളും 20000 രൂപയും മൊബൈല്‍ ഫോണും ബ്ലാക്ക് മെയില്‍ ചെയ്ത് കരസ്ഥമാക്കി. തന്ത്രിയും മറ്റൊരു യുവതിയുമൊന്നിച്ചുള്ള നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷമായിരുന്നു ശോഭയുടെയും സംഘത്തിന്റെയും ഭീഷണി. കേസില്‍ ശിക്ഷിക്കപ്പെട്ടു. ബെച്ചു റഹ്‌മാന്‍ എന്നറിയപ്പെടുന്ന ശോഭയുടെ വലംകൈയും കേസിലെ പ്രതിയാണ്. മറുവശത്ത് ഇതിനേക്കാള്‍ ഗൗരവമേറിയ കുറ്റകൃത്യങ്ങളാണ് വരാപ്പുഴ പീഡനക്കേസില്‍ ശോഭയ്ക്ക് നേരെ ഉയര്‍ന്നത്.

അമ്മയില്‍ നിന്ന് പെണ്‍കുട്ടിയെ ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ശേഷം ഇരട്ടിയിലധികം പണം വാങ്ങി വിറ്റു, ലൈംഗിക പീഡനത്തിനിരയാക്കുന്നതിന് ഒത്താശ ചെയ്തു തുടങ്ങി വരാപ്പുഴ കേസില്‍ അഴിക്കാനാവാത്ത കുരുക്കിട്ട പൊലീസ് ശോഭയെ നിയമത്തിന് മുന്നിലെത്തിച്ചു. ഈ കേസിലെ പ്രതിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാര്‍. കേസില്‍ ശോഭയും കേണല്‍ ജയരാജന്‍ നായരും കുറ്റക്കാരാണെന്ന് എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.

പീഡന ഒത്താശ ചെയ്ത കേസുകള്‍ ഇനിയുമുണ്ടെന്നാണ് സൂചന. തന്ത്രി കേസില്‍ 7 വര്‍ഷം കഠിന തടവ് ലഭിച്ചു. അനാശാസ്യം മാത്രമാണെന്ന് പൊലീസ് തെറ്റിദ്ധരിച്ച വരാപ്പുഴ കേസ് ഇരയാക്കപ്പെട്ട പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെയാണ് രൂപം മാറിയത്. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച പെണ്‍വാണിഭ കഥ ഇതോടെ പുറത്തായി. 30 ലേറെ കേസുകളാണ് ശോഭയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്തായാലും കേരളം കണ്ട കൊടുംകുറ്റവാളികളിലൊരാളായി ശോഭ ജോണ്‍ തുടരുമെന്ന് തീര്‍ച്ച.

STORY HIGHLIGHTS: Varappuzha rape case who is shobha john

Next Story