Top

രണ്ടാം തവണയും പാമ്പ് കടിച്ചു; സൂരജിന്റെ പെരുമാറ്റത്തിലും സംശയം; ഉത്ര കൊലക്കേസ് ചുരുളഴിഞ്ഞതിങ്ങനെ

പാമ്പിന്റെ പക, ശാപം തുടങ്ങിയ അന്ധവിശ്വാസ വാ​ദങ്ങളും അന്ന് പ്രചരിച്ചു

11 Oct 2021 3:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രണ്ടാം തവണയും പാമ്പ് കടിച്ചു; സൂരജിന്റെ പെരുമാറ്റത്തിലും സംശയം; ഉത്ര കൊലക്കേസ് ചുരുളഴിഞ്ഞതിങ്ങനെ
X

ഒന്നരവർഷം മുമ്പ് കേരളത്തെ ഞെട്ടിച്ച ഉത്ര കേസിൽ ഇന്ന് കോടതി വിധി പറയാനൊരുങ്ങുകയാണ്. അവിശ്വസനീയമായി തോന്നിയ ഒരു കൊലപാതകക്കേസ് ചുരുളഴിഞ്ഞപ്പോൾ പുറത്തു വന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

2018 മാർച്ച് 25 നായിരുന്നു ഉത്രയുടെയും സൂരജിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോടടുക്കവെ 2020 മാർച്ച് രണ്ടിന് അടൂരിലെ വീട്ടിൽ വെച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു. അണലിയുടെ കടിയേറ്റ് ഉത്ര അന്ന് രക്ഷപ്പെട്ടു. എന്നാൽ ഈ സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷം ഉത്രയ്ക്ക് വീണ്ടും പാമ്പ് കടിയേൽക്കുകയും യുവതി മരിക്കുകയും ചെയ്തു. ജനലിലൂടെ വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പ് ഭാര്യയെ കടിച്ചതാവാമെന്നാണ് അന്ന് സൂരജ് പറഞ്ഞത്. ഇതിൽ ആർക്കും സംശയവും തോന്നിയില്ല. പാമ്പിന്റെ പക, ശാപം തുടങ്ങിയ അന്ധവിശ്വാസ വാ​ദങ്ങളും അന്ന് പ്രചരിച്ചു. ഇതിനിടയിൽ സൂരജിന്റെ ഭാ​ഗത്ത് നിന്നുണ്ടായ പെരുമാറ്റങ്ങളാണ് ഉത്രയുടെ ബന്ധുക്കളിൽ സംശയം തോന്നിച്ചത്. മരണാനന്ത ചടങ്ങുകളിലെ സൂരജിന്റെ അമിതാഭിനയവും ബന്ധുക്കൾ ശ്രദ്ധിച്ചു. പാമ്പുകളോട് സൂരജിനുള്ള ഇഷ്ടത്തെക്കുറിച്ചുള്ള വിവരവും ലഭിച്ചതോടെ ഈ സംശയം ബലപ്പെട്ടു. തുടർന്ന് ഇവർ പൊലീസിനെ സമീപിച്ചു. സൂരജ് ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുന്നത് സംബന്ധിച്ച് ഉത്രയുടെ വീട്ടുകാരുമായി നേരത്തെ അസ്വാരസ്യമുണ്ടായിരുന്നു.

ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തി വരാഞ്ഞതോടെ അന്നത്തെ കൊട്ടരാക്കര ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിൽ പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ഇത് കേസിൽ നിർണായകമായി. പാമ്പു പിടുത്തക്കാരനിൽ നിന്നു വാങ്ങിയ മൂർഖൻ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സ്വേദശി സുരേഷും അറസ്റ്റിലായി. തുടർന്നാണ് സൂരജ് നടത്തിയ ക്രൂരകൃത്യത്തിന്റെ വിവരങ്ങൾ പുറംലോകമറിയുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നത് സംബന്ധിച്ച് ഇന്റർനെറ്റിൽ നിരന്തരം സൂരജ് തിരയാറുണ്ടായിരുന്നു.

ആദ്യ തവണ ഉത്രയെ അണലിയെക്കൊണ്ട് കടിപ്പിച്ചതും സൂരജ് തന്നെയായിരുന്നു. എന്നാൽ ഉത്ര രക്ഷപ്പെട്ടതിനാൽ ഇത്തവണ മരണം ഉറപ്പാക്കാനായാണ് മൂർഖൻ പാമ്പിനെ വാങ്ങിയതെന്ന് സൂരജ് സമ്മതിച്ചു. സംശയം തോന്നാതിരിക്കാൻ ഉത്രയുടെ വീട്ടിൽ വെച്ച് തന്നെ പാമ്പ് കടിയേൽപ്പിക്കാൻ സൂരജ് തീരുമാനിച്ചു. മരിക്കുന്നതിന്റെ തലേന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി സൂരജ് ഉത്രയ്ക്ക് നൽകി. മൂർഖൻ പാമ്പിനെ സൂക്ഷിച്ച പ്ലാസ്റ്റിക് ഭരണി കട്ടിലിനടിയിലൊളിപ്പിച്ചു. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം പാമ്പിനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ടു. എന്നാൽ പാമ്പ് ഉത്രയെ കടിച്ചില്ല. തുടർന്ന് പാമ്പിന്റെ ഫണത്തിൽ പിടിച്ച് ഉത്രയുടെ കൈയ്യിൽ കടിപ്പിച്ചു. തുടർന്ന് പാമ്പിനെ അലമാരക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന് ഭയന്ന് രാത്രി ഉറങ്ങാതെ ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. ഉത്രയുടെ സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു സൂരജിന്.

കേസില്‍ ആയിരം പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര വധക്കേസില്‍ അന്തിമ വിധി ഇന്ന് വരാനിരിക്കെ ഏവരും ആകാംക്ഷയിലാണ്. 87 സാക്ഷികള്‍ ആണ് കേസില്‍ ഉണ്ടായിരുന്നത്. ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിനും (വധശിക്ഷയോ ജീവപര്യന്തം തടവോ പിഴയോ ലഭിക്കാവുന്ന വകുപ്പ്), ഐപിസി 326 പ്രകാരം അപകടകരമായ വസ്തുക്കള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍,വധശ്രമം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് സൂരജിനെതിരെ ചുമത്തിയിട്ടുളള വകുപ്പുകള്‍. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട പാമ്പ് പിടുത്തക്കാരൻ സുരേഷിനെ പിന്നീട് മാപ്പ് സാക്ഷിയാക്കി. ഭാര്യയെ കൊല്ലാൻ വേണ്ടിയാണ് സൂരജ് പാമ്പിനെ വാങ്ങിയതെന്ന് അറിയില്ലെന്ന് സുരേഷ് പറഞ്ഞത് അന്വേഷണ സംഘം പരി​ഗണിക്കുകയായിരുന്നു.

Next Story

Popular Stories