നിസ്സഹായരായി നിന്ന ഉത്രയുടെ കുടുംബം; എത്തിയത് എസ്പി ഹരിശങ്കറിനു മുന്നിൽ; നടന്നത് അവിസ്മരണീയ അന്വേഷണം
12 Oct 2021 6:11 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്ര കൊലക്കേസിൽ പ്രതി സൂരജിനെ നീതി പീഠത്തിനു മുന്നിൽ എത്തിച്ചതിൽ ഉത്രയുടെ കുടുംബത്തിന് പറഞ്ഞാൽ തീരാത്ത നന്ദിയുള്ളത് കേസന്വേഷണത്തിന് നേതൃത്വം നൽകിയ എസ്പി ഹരിശങ്കറിനോടാണ്. ഒരുപിടി സംശങ്ങളുമായി നിസ്സഹായതോടെ നിന്ന ആ കുടുംബം ഹരിശങ്കറിനെ കണ്ടതോടെയാണ് കേസിൽ വഴിത്തിരിവുണ്ടാവുന്നത്. സംശയാസ്പദമായ സാഹചര്യത്തിലുള്ള മരണമാണെങ്കിലും തെളിയിക്കാനാവശ്യമായ തുമ്പുകളൊന്നും ഇല്ലാതിരുന്ന കേസ്, ഇനി ആരോപണം നേരിട്ട സൂരജ് കുറ്റക്കാരനെന്ന് വ്യക്തമായാൽ അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാനാവശ്യായ തെളിവുകളുടെയും സാക്ഷികളുടെയും അഭാവം തുടങ്ങിയവയായിരുന്നു അന്വേഷണ സംഘത്തിനു മുന്നിലുള്ള വെല്ലുവിളി.പക്ഷെ ഹരിശങ്കർ ആ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നു. സൂക്ഷ്മതയോടെയും ചടുലതയോടെയും. കേസന്വേഷണ വേളയിൽ കൊല്ലം റൂറൽ എസ്പിയായിരുന്നു ഹരിശങ്കർ. നിലവിൽ പൊലീസ് ആസ്ഥാനത്ത് അസിസ്റ്റന്റ് ഐജിയാണ്.
കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കി
ഉത്രയെ ആദ്യം കടിച്ചത് അണലിയായിരുന്നു. രണ്ടാമത്തെ തവണ മൂര്‍ഖനും. ശാസ്ത്രീയപരമായ രീതിയില്‍ ഇവയുടെ സ്വഭാവത്തെ പറ്റി അന്വേഷണ സംഘം മനസ്സിലാക്കി. ഇതിന് വാവ സുരേഷ് ഉൾപ്പെടെയുള്ള പാമ്പ് വിദഗ്ധരുടെ സഹായം തേടി.
ഉത്രയെ അണലി കടിച്ചത് വീടിന്റെ ഒന്നാം നിലയില്‍ നിന്നായിരുന്നു. പക്ഷെ അണലികൾ മരം കയറാറില്ല. അപ്പോൾ അണലി എങ്ങനെ വീടിന്റെ മുകള്‍ നിലയിലെത്തിയെന്ന സംശയം പൊലീസിനു തോന്നി. ജനലിനു വശത്തെ ഒരു മരക്കൊമ്പ് കാണിച്ച് അത് വഴിയായിരിക്കാം പാമ്പ് മുറിയില്‍ കയറിയതെന്നായിരുന്നു സൂരജിന്റെ അമ്മ പറഞ്ഞത്. എന്നാൽ പൊലീസ് അയൽക്കാരെ കണ്ടപ്പോൾ കള്ളി പൊളിഞ്ഞു. ആ മരക്കൊമ്പ് അടുത്ത കാലത്ത് ചായ്ച്ചു നിർത്തിയതാണെന്ന് അയൽക്കാർ മൊഴി നൽകി.
രണ്ടാമത് കടിച്ചത് മൂർഖൻ പാമ്പാണ്. ഉത്രയുടെ വീട്ടില്‍ വെച്ച്. സംഭവം നടന്ന മുറിയിലെ ജനലുകള്‍ 150 സെന്റിമീറ്റര്‍ പൊക്കത്തിലാണ്. ഉത്രയെ കടിച്ച പാമ്പിന്റെ നീളവും 150 സെന്റീമീറ്ററാണ്. മൂര്‍ഖന്‍ പാമ്പിന് സ്വന്തം നീളത്തിന്റെ മൂന്നിലൊന്ന് മാത്രമേ പൊങ്ങാന്‍ പറ്റുകയുള്ളു. അങ്ങനെ നോക്കുമ്പോള്‍ 50 സെന്റിമീറ്റര്‍ മാത്രമേ പാമ്പിന് സ്വയം പൊങ്ങാന്‍ പറ്റൂ. മാത്രമല്ല. രാത്രി വൈകി മൂര്‍ഖന്‍ ഇരപിടിക്കാനിറങ്ങില്ല. മൂർഖൻ പാമ്പിന് പ്രത്യേകതകൾ ഇനിയുമുണ്ട്. പ്രകോപനമൊന്നിമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കില്ല. മൂര്‍ഖന്‍ വിഷം വീണ്ടും ഉല്പാദിപ്പിക്കപ്പെടാന് സമയമെടുക്കും. അതിനാല്‍ ആദ്യ ഘട്ടത്തില്‍ വിഷമില്ലാതെ കടിക്കുക, പേടിപ്പിച്ച് നിര്‍ത്തുക എന്നിവയാണ് മൂര്‍ഖന്റെ രീതി. ഉത്രയെ രണ്ട് വട്ടം ശക്തമായ മൂര്‍ഖന്‍ കടിച്ചിട്ടുണ്ട്. പാമ്പിനെക്കൊണ്ട് ആരോ കടിപ്പിച്ചതാണെന്ന സംശയം ഇത് ബലപ്പെടുത്തി.
ഇതിനിടയില്‍ സൂരജിന് വന്യജീവികളോടുള്ള സ്നേഹവും അന്വേഷണ സംഘം കണ്ടെത്തി. ഉത്രയുടെ മരണത്തിന് ആറു മാസം മുമ്പ് സൂരജ് വീട്ടില്‍ ഒരു പാമ്പിനെ കൊണ്ടു വന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ വിവരം പാമ്പ് പിടുത്തക്കരാനായ സുരേഷിനെ കണ്ടെത്തുന്നതിലേക്ക് നയിച്ചു. ഇയാൾ സൂരജിന് പാമ്പിനെ നൽകിയിരുന്നതായി മൊഴി നൽകി. പിന്നാലെ സംഭവിച്ചതെന്തെന്ന് ഓരോന്നായി പുറത്തു വന്നു. എങ്ങനെ പാമ്പിനെ കൊണ്ട് കൊലപാതകം നടത്താമെന്ന് ഇന്റർനെറ്റിൽ സൂരജ് നിരന്തരം തിരഞ്ഞിരുന്നതായി കണ്ടെത്തി. തുടരയുള്ള ചോദ്യം ചെയ്യലിനൊടുവിൽ സൂരജ് കുറ്റ സമ്മതം നടത്തി. രാത്രി എല്ലാവരും ഉറങ്ങിയ ശേഷം സൂരജ് പാമ്പിനെ ഉത്രയുടെ ദേഹത്ത് കുടഞ്ഞിട്ടു. എന്നാൽ പാമ്പ് ഉത്രയെ കടിച്ചില്ല. തുടർന്ന് പാമ്പിന്റെ ഫണത്തിൽ പിടിച്ച് ഉത്രയുടെ കൈയ്യിൽ കടിപ്പിച്ചു. തുടർന്ന് പാമ്പിനെ അലമാരക്കടിയിലേക്ക് വലിച്ചെറിഞ്ഞു. പാമ്പ് തിരികെയെത്തി തന്നെ കടിക്കുമോ എന്ന് ഭയന്ന് രാത്രി ഉറങ്ങാതെ കട്ടിലിനു മുകളിൽ ഇരുന്നെന്നും സൂരജ് പൊലീസിനോട് പറഞ്ഞു. അണലിയെക്കൊണ്ട് തടിപ്പിച്ചതും താനായിരുന്നെന്ന് സൂരജ് വെളിപ്പെടുത്തി. ഇനി കുറ്റം തെളിയിക്കുക എന്നതായിരുന്നു അന്വേഷണസംഘത്തിൻരെ അടുതക്ത വെല്ലുവിളി. കുറ്റം തെളിയിക്കാൻ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ഡമ്മി പരീക്ഷണം പാമ്പ് സ്വയം കടിച്ചതല്ല കടിപ്പിച്ചതാണെന്ന് തെളിയിക്കാനുള്ള ശക്തമായ തെളിവായി. കുറഞ്ഞത് ഏഴുദിവസമായി പട്ടിണി കിടന്ന പാമ്പാണിതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
തുറന്നിട്ടത് അന്വേഷണ രംഗത്തെ പുതിയ ഏട്,
ഉത്ര കൊലക്കേസിന്റെ വിജയം ഫോറൻസിക് സയൻസിൽ പുതിയ അധ്യായത്തിനാണ് വഴിതെളിച്ചിരിക്കുന്നത്. മൃഗങ്ങളെ ഉപയോഗിച്ച് നടത്തുന്ന കൊലപാതകങ്ങൾ സംബന്ധിച്ചുള്ള പഠനശാഖയ്ക്കാണ് കേസ് വഴി തെളിച്ചത്. പാമ്പ് സ്വാഭാവികമായി കടിക്കുമ്പോഴും ബലപ്രയോഗത്തിലൂടെ കടിപ്പിക്കുമ്പോഴുമുള്ള വ്യത്യാസം സംബന്ധിച്ച് വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിക്കഴിഞ്ഞു.