Top

ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് പീഡനശ്രമം; ക്യാമറയില്‍ പകര്‍ത്തി യുവതി, യുപി ന്യൂനപക്ഷ ക്ഷേമവകുപ്പ് അണ്ടര്‍ സെക്രട്ടറി അകത്ത്

2018 മുതല്‍ ഉദ്യോഗസ്ഥന്‍ തന്നെ ഉപദ്രവിച്ചിരുന്നതായും പുറത്തുപറഞ്ഞാല്‍ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു.

11 Nov 2021 10:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജോലി സ്ഥിരപ്പെടുത്താമെന്ന് പറഞ്ഞ് പീഡനശ്രമം; ക്യാമറയില്‍ പകര്‍ത്തി യുവതി, യുപി ന്യൂനപക്ഷ ക്ഷേമവകുപ്പ് അണ്ടര്‍ സെക്രട്ടറി അകത്ത്
X

ലക്‌നൗ ∙ ഉത്തര്‍പ്രദേശില്‍ താത്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സെക്ഷന്‍ ഇന്‍-ചാര്‍ജായ ഇച്ഛാറാം യാദവാണ് പിടിയിലായത്. യുവതി തന്നെ പകർത്തിയ പീഡന ശ്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.

യുപി ന്യൂനപക്ഷക്ഷേമ വകുപ്പിലെ കരാര്‍ ജീവനക്കാരിയായ 30 വയസ്സുള്ള യുവതിയെ ഉദ്യോഗസ്ഥന്‍ ഓഫീസിനുള്ളില്‍വെച്ച് കടന്നുപിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരുവരും ജോലി ചെയ്യുന്ന ലഖ്‌നൗവിലെ ബാപ്പുഭവനിലെ നാലാം നിലയിലെ ഓഫീസില്‍വെച്ചായിരുന്നു ആക്രമണം.

2013 മുതല്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്റർ തസ്തികയില്‍ താത്കാലിക ജീവനക്കാരിയാണ് യുവതി. 2018 മുതല്‍ ഉദ്യോഗസ്ഥന്‍ തന്നെ ഉപദ്രവിച്ചിരുന്നതായും പുറത്തുപറഞ്ഞാല്‍ ജോലി നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. ജോലി സ്ഥിരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാണ് വിവാഹിതയായ യുവതിക്കെതിരെ ഇയാള്‍ അതിക്രമം നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, യുവതിയുടെ പരാതിയില്‍ ഒക്‌ടോബര്‍ 29ന് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ വെെകിയതില്‍ വിമർശനമുയരുന്നുണ്ട്. ആക്രമണത്തിന് തെളിവായി പകര്‍ത്തിയ വീഡിയോ സഹിതം ഹാജരാക്കിയാണ് യുവതി ഹുസൈന്‍ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാകാതെ വന്നതോടെ യുവതി സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിടുകയായിരുന്നു.

അതേസമയം, യുവതിയുടെ പരാതിയില്‍ ഒക്ടോബര്‍ 29-ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടിയെടുത്തെന്നാണ് സെന്‍ട്രല്‍ എഡിസിപി. ഖ്യാതി ഘാര്‍ഗ് അവകാശപ്പെടുന്നത്. യുവതിയുടെ മൊഴിയെടുക്കാനും തെളിവുകള്‍ പരിശോധിക്കാനുമുള്ള സ്വാഭാവിക കാലതാമസമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെ മുതല്‍ രാം യാദവ് ജയിലിനുള്ളില്‍ നില്‍ക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Next Story

Popular Stories