കാമുകിയുടെ പിതാവ് ഭീഷണിപ്പെടുത്തി; ഇടുക്കിയില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
അടിമാലി പൊലീസിന്റെ കൃത്യസമയത്തെ ഇടപ്പെടലിലൂടെ യുവാവിനെ ആശുപത്രിയിലെത്തിച്ചു
21 Nov 2022 5:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടർന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെട്ടിമുടിമലയുടെ മുകളിൽ കയറി വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു യുവാവ്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. അടിമാലി പൊലീസിന്റെ കൃത്യസമയത്തെ ഇടപ്പെടലിലൂടെ യുവാവിനെ ആശുപത്രിയിലെത്തിച്ചു. അടിമാലി സ്വദേശിയും എൻജിനിയറിങ് ബിരുദധാരിയുമാണ് യുവാവ്.
വെളളത്തൂവൽ സ്വദേശിനിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു യുവാവ്. ഇരുവരും പ്രണയത്തിലാണെന്ന് പെൺകുട്ടിയുടെ പിതാവ് മനസിലാക്കുകയും തുടർന്ന് യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് യുവാവ് ശനിയാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ യുവാവ് വിഷം വാങ്ങി കൂമ്പൻപാറയിലെ 3600 അടി ഉയരത്തിലുളള പെട്ടിമുടിമലയിൽ കയറി.
വീട്ടുകാർ വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷനിലൂടെ യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു. പത്ത് മണിയോടെ പൊലീസ് സംഭവ സ്ഥലത്തെത്തി. അവശനിലയിലായിരുന്ന യുവാവിനെ എറണാകുളത്തെ ആശുപത്രിയിലെത്തിച്ചു. അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: threat from girl friends father young man try to suicide