Top

പെട്രോൾ പമ്പിൽ മോഷണം; കവർന്നത് മൂന്നര ലക്ഷവും സിസിടിവി ഹാർഡ് ഡിസ്കും, അന്വേഷണം

18 March 2023 10:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോൾ പമ്പിൽ മോഷണം; കവർന്നത് മൂന്നര ലക്ഷവും സിസിടിവി ഹാർഡ് ഡിസ്കും, അന്വേഷണം
X

കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിലെ പ്രതികള്‍ക്കായി തെരച്ചിൽ ഊർജിതം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പമ്പിൽ മോഷണം നടന്നത്. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായാണ് മോഷ്ടാക്കൾ കടന്നുകളഞ്ഞത്.

പളളിക്കത്തോട് ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്. രാത്രി പത്ത് മണിയോടെയാണ് പമ്പ് അടച്ച് ജീവനക്കാര്‍ മടങ്ങിയത്. തുടർന്ന് പന്ത്രണ്ട് മണിയോടെ ജീവനക്കാരില്‍ രണ്ട് പേര്‍ പമ്പിന് മുന്നിലൂടെ കടന്ന് പോയ സമയത്ത് ലൈറ്റുകള്‍ അണഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വിവരം ഉടനെ പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് നടത്തിയ പരിശോധയിലാണ് മോഷണം നടന്നുവെന്ന് വ്യക്തമായത്.

പൊലീസെത്തിയപ്പോൾ പമ്പിന്‍റെ ഓഫീസ് വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടതായി പമ്പ് ഉടമ അറിയിച്ചു. പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറും മോഷ്ടാക്കൾ കടത്തികൊണ്ടുപോയി. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തെ കുറിച്ച് നന്നായി അറിയുന്നവരായിരിക്കാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ അന്വേഷണം.

STORY HIGHLIGHTS: Theft in petrol pump at Kottayam

Next Story