കൊല്ലത്തെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം; മദ്യമോ പണമോ നഷ്ടപ്പെട്ടിട്ടില്ല
18 March 2023 10:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം: കൊല്ലം കുണ്ടറ പെരുമ്പുഴയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം. കടയിൽ നിന്നും സിസിടിവി ക്യാമറകളുടെ ഉപകരണങ്ങളാണ് മോഷണം പോയത്. കടയുടെ ഷട്ടർ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഔട്ട് ലെറ്റിൽ നിന്ന് മദ്യമോ പണമോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.
രാവിലെ കടയിലെ ശുചീകരണ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നു. മദ്യക്കുപ്പികൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ പരിശോധന നടക്കുകയാണ്. മേശകൾ പരിശോധിച്ച മോഷ്ടാക്കൾ പണം സൂക്ഷിക്കുന്ന ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ട് പേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പുലർച്ചെ രണ്ട് മണിയോടെ രണ്ട് പേർ കെട്ടിടത്തിൽ കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Theft at a beverage outlet in Kollam
- TAGS:
- Kollam
- Beverages Shop
- Police