Top

നടുക്കം മാറാതെ മറ്റത്തൂരുകാര്‍; അനീഷ് മാതാപിതാക്കളെ കൊലപ്പെടുത്തിയത് അതിക്രൂരമായി

സുബ്രനും ചന്ദ്രികയും അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനീഷ് പിന്‍തുടര്‍ന്ന് വെട്ടി വീഴ്ത്തുകയായിരുന്നു

10 April 2022 10:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടുക്കം മാറാതെ മറ്റത്തൂരുകാര്‍; അനീഷ് മാതാപിതാക്കളെ കൊലപ്പെടുത്തിയത് അതിക്രൂരമായി
X

തൃശൂര്‍: പൊതുവഴിയിലിട്ട് അനീഷ് തന്റെ മാതാപിതാക്കളെ ക്രൂരമായി കൊലപ്പെടുത്തുമ്പോള്‍ നിസഹായരായിരുന്നു മറ്റത്തൂരുകാര്‍. വീടിനു സമീപത്തെ പുല്ല് വെട്ടുന്ന ജോലിയില്‍ മുഴുകിയിരുന്ന സുബ്രനും ഭാര്യ ചന്ദ്രികയും ഒരുക്കലും കരുതി കാണില്ല സ്വന്തം മകന്‍ തങ്ങളെ ക്രൂരമായി ആക്രമിക്കുമെന്ന്. ചന്ദ്രികയുടെ മുഖം വെട്ടി വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. സുബ്രന്റെ നെഞ്ചിനും കഴുത്തിനുമാണ് വെട്ടേറ്റത്. ഞായറാഴ്ച 9.15 നായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.

സ്വത്തുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അനീഷ് നിരന്തരം മാതാപിതാക്കളുമായി വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. ഇത് പതിവായിരുന്നതിനാല്‍ അവര്‍ പ്രശ്‌നത്തില്‍ ഇടപെടാറില്ലായിരുന്നു. എന്നാല്‍ ഇന്ന് ബഹളം കൂടിയപ്പോഴാണ് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. വഴിയില്‍ നിന്ന് മാതാപിതാക്കളോട് വഴക്കിട്ട അനീഷ് വീട്ടിലേക്ക് കയറി പോവുകയും വെട്ടുകത്തിയുമായി ഇറങ്ങി വന്ന് മാതാപിതാക്കളെ വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

സുബ്രനും ചന്ദ്രികയും അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനീഷ് പിന്‍തുടര്‍ന്ന് വെട്ടി വീഴ്ത്തുകയായിരുന്നു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ തള്ളിമാറ്റി. കൊലപാതക ശേഷം അനീഷ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ കീഴടങ്ങാന്‍ പോവുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. അനീഷിനെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ സുബ്രന് അനീഷ് കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. മകള്‍ കുട്ടിയുമായി ഇവരുടെ കൂടെതന്നെയാണ് താമസം.


Story Highlight: The son hacked his parents to death following a family quarrel

Next Story